
ദില്ലിയിലെ മുകർബ ചൗക്കിലെ ഓവർബ്രിഡ്ജ് ഫ്ലൈഓവറിലൂടെ നിയന്ത്രണം വിട്ട ഒരു കാർ ഫ്ലൈഓവറിന്‍റെ മതിലിലിടിച്ച് റെയിൽവേ ട്രാക്കിലേക്ക് പറന്നിറങ്ങി. റെയിൽവേ ട്രാക്കിലേക്ക് വീഴും മുമ്പ് കാര്‍ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചിരുന്നു. അപകടത്തെത്തുടർന്ന് റൂട്ടിലെ റെയിൽ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. കാറിലെയും ബൈക്കിലെയും ഡ്രൈവര്‍മാരും ഇടിയുടെ ആഘാതത്തില്‍ തെറിച്ച് റെയില്‍വേ ട്രാക്കിലേക്ക് വീണെന്ന് റിപ്പോര്‍ട്ടുകൾ. പ്രദേശവാസികളും പോലീസും ചേർന്ന് കാർ റെയില്‍വേ ട്രാക്കില്‍ നിന്നും ഉയര്‍ത്തി മാറ്റി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അപകട സമയം ട്രാക്കിലൂടെ ട്രെയിനുകളൊന്നും ഓടാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. അതേസമയം കാർ ഡ്രൈവര്‍ക്കും ബൈക്ക് യാത്രക്കാരനും സാരമായ പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവരെ പരിശോധനകൾക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിനെയും ഫ്ലൈഓവറിന്‍റെ ചുറ്റുമതിലിലും ഇടിച്ച് റെയില്‍വേ ട്രാക്കിലേക്ക് വീണ കാര്‍ ഏതാണ്ട് പൂർണ്ണമായും തകര്‍ന്നു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ റെയിൽവേ ട്രാക്കില്‍ കിടക്കുന്ന കാറിനെ കാണാം. ചില പോലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് ക്രയിന്‍ ഉപയോഗിച്ച് തകർന്ന കാറിനെ ഫ്ലൈഓവറിലേക്ക് തന്നെ ഉയർത്തുന്നതും വീഡിയോയില്‍ കാണാം.
അമിതവേഗതയിലെത്തിയ കാര്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ കാര്‍ ഫ്ലൈഓവറിന്‍റെ കൈവരിയില്‍ ഇടിച്ച് താഴെയുള്ള റെയില്‍വേ ട്രാക്കിലേക്ക് മറിയുകയായിരുന്നു. റെയില്‍വേ ട്രാക്കില്‍ തലകീഴായി മറിഞ്ഞ് കിടക്കുന്ന കാർ കാണാം. അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കാര്‍ ഡ്രൈവറുടെ ഇടത് ഭാഗത്താണ് പരിക്കെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ബൈക്ക് യാത്രക്കാരന്‍റെ പരിക്കിനെ കുറിച്ച് സൂചനകളില്ല.