
65 വർഷമായി മദ്യനിരോധനമുള്ള ഗുജറാത്തില്‍ നിന്നും ഞെട്ടിക്കുന്നൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗുജറാത്തിലെ മൊദാസ-ലുനാവാഡ ഹൈവേയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ ഒരു ബൈക്കിൽ ഇടിച്ച കാര്‍, ബൈക്ക് യാത്രക്കാരനെ മുക്കാൽ കിലോമീറ്ററോളം ദൂരം വലിച്ചിഴയ്ക്കുന്ന വീഡിയോയായിരുന്നു അത്. അമിത വേഗത്തില്‍പോയ കാറിന്‍റെ മുന്‍ഭാഗത്ത് ബൈക്ക് കുടുങ്ങിയപ്പോൾ ബൈക്ക് യാത്രക്കാരന്‍റെ മൃതദേഹം കാറിന്‍റെ പിന്നില്‍ കുടുങ്ങിക്കിടക്കുകയും ഒന്നര കിലോമീറ്ററോളം ദൂരം റോഡില്‍ വലിച്ചഴക്കപ്പെടുകയും ചെയ്തു. ബാബാലിയ ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്. ബൈക്ക് യാത്രക്കാര മറ്റ് ചിലര്‍ പകര്‍ത്തിയ വീഡിയോ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഹിമ്മത്നഗറിനടുത്തുള്ള നിക്കോഡ ഗ്രാമത്തിൽ ജോലി കഴിഞ്ഞ് ഇറങ്ങിയ സുനിൽ മച്ചാറും ഭാര്യാപിതാവ് ദിനേശ് ചരലും ദഹോദ് ജില്ലയിലെ ലഖൻപൂർ ഗ്രാമത്തിലെ വീട്ടിലേക്ക് പോകുകയായിരുന്നു. ബാബാലിയ ഗ്രാമത്തിന് സമീപത്ത് വച്ച് ഒരു കാർ അവരുടെ ബൈക്കിന്‍റെ പിന്നിലിടിച്ചു. സുനിൽ റോഡിലേക്ക് തെറിച്ച് വീണു. എന്നാല്‍, ദിനേശ് കാറിന്‍റെ ഹുഡിൽ കുടുങ്ങുകയായിരുന്നു. ബൈക്ക് കാറിന്‍റെ മുന്‍വശത്തും കുടുങ്ങിയെന്ന് പോലീസ് പറയുന്നു. നിർത്താതെ പോയ കാര്‍ ബൈക്ക് യാത്രക്കാരനെ 750 മീറ്റളം വലിച്ചിഴച്ചതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കമലേഷ് വാസവ പറഞ്ഞു. അതേസമയം ഏതാണ്ട് ഒന്നര കിലോമീറ്ററോളും ദൂരം ബൈക്ക് യാത്രക്കാരനെ വലിച്ചിഴച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവം കണ്ട മറ്റ് യാത്രക്കാർ പിന്നാലെ എത്തി കാറിനെ തടയുകായിരുന്നു. മോട്ടോർ സൈക്കിൾ യാത്രികരായ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്തതായും വാഹനം ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. മദ്യപിച്ച് കാറോടിച്ച ഡ്രൈവര്‍ അധ്യാപകനാണെന്ന് തിരിച്ചറിഞ്ഞു. മഹിസാഗർ ജില്ലയിലെ കകാച്ചിയ ഗ്രാമത്തിലെ ജറോദ് സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ മനീഷ് പട്ടേലാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ സഹോദരൻ മെഹുൽ പട്ടേലും കാറിലുണ്ടായിരുന്നു. ഇവർ രാജസ്ഥാനിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പോയതായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. മനീഷിന്‍റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ഗതാഗത വകുപ്പിന് കത്തെഴുതിയെന്നും വാസവ പറഞ്ഞു. നടപടിയെടുക്കാനായി വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.