'എന്‍റെ അമ്മയെ കണ്ടോ!' കൂട്ടം തെറ്റിയ കുട്ടിയാന സഹായത്തിനായി ഓടിയത് വനപാലകരുടെ അടുത്തേക്ക്; വീഡിയോ വൈറൽ

Published : Jul 07, 2025, 12:57 PM IST
forest officers help Elephant cub to find his separated mother in Kaziranga National Park

Synopsis

അമ്മയില്‍ നിന്നും വേര്‍പെട്ട് പോയ കുട്ടിയാന റോഡിലൂടെ ഓടിയെത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്ത്. ഒടുവില്‍ അവരുടെ സഹായത്തോടെ അമ്മയുമൊത്ത് ഒരു പുനസമാഗമം. 

 

മ്മയുടെ അടുത്ത് നിന്നും കൂട്ടം തെറ്റിപ്പോയ കുട്ടിയാന സഹായം തേടി എത്തിയത് വനപാലകരുടെ അടുത്ത്. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് ഈ ഹൃദയസ്പർശിയായ നിമിഷങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയാനയെ അമ്മയുമായി വനപാലകർ വീണ്ടും ഒന്നിപ്പിക്കുന്നതിന്‍റെ മനോഹരമായ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തന്‍റെ അമ്മയെ കാണാതെ പരിഭ്രാന്തനായ കുട്ടിയാന കാസിരംഗ ദേശീയ ഉദ്യാനത്തിലെ ഒരു ഇടുങ്ങിയ റോഡിലൂടെ ഭയന്ന് ഓടുന്നതും ഒടുവില്‍ അവിടെയുണ്ടായിരുന്ന വനപാലകർക്ക് അരികിലേക്ക് സഹായത്തിനായി എത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

അമ്മയെ കാണാതായതോടെ പേടിച്ച് പോയ കുട്ടിയാന ആദ്യമെന്ത് ചെയ്യണം എന്നറിയാതെ ഭയന്ന് നിലവിളിച്ച് റോഡിലൂടെ പരിഭ്രാന്തനായി ഓടുന്നു. ഈ സമയത്താണ് അവൻ അതുവഴി കടന്ന് പോവുകയായിരുന്ന വനപാലകരുടെ സംഘത്തെ കാണുന്നത്. തുടർന്ന് അവർക്ക് അരികിലേക്ക് കരഞ്ഞ് കൊണ്ട് ഓടിയെത്തുന്നു. പിന്നെ വൈകിയില്ല, വനപാലകർ അവനെ അമ്മയ്ക്കരികിലേക്ക് വഴി തിരിച്ചു വിടുന്നു. റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

 

 

അമ്മ നിലയുറപ്പിച്ച് നിന്ന സ്ഥലത്തിന് സമീപത്തായി എത്തിയപ്പോൾ വനപാലകരിൽ ഒരാൾ ആനക്കുട്ടിയുടെ ദേഹത്ത് അമ്മ ആനയുടെ പിണ്ഡം തേച്ചുപിടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇത് ആനക്കുട്ടിയുടെ ദേഹത്തെ മനുഷ്യഗന്ധം മാറി അമ്മയ്ക്ക് അവനെ വേഗത്തിൽ തിരിച്ചറിയുന്നതിന് വേണ്ടിയാണെന്നും വീഡിയോയിൽ പറയുന്നു. വീഡിയോ അവസാനിക്കുന്നത് അമ്മ ആന തന്‍റെ കുഞ്ഞിനെ തിരിച്ചറിഞ്ഞ് കാടിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നിടത്താണ്. അമ്മയോടൊപ്പം നടന്ന് നീങ്ങുന്നതിനിടയിൽ കുട്ടിയാന നന്ദി പറയുന്നത് പോലെ ചെറിയ ശബ്ദത്തിൽ കാഹളം മുഴക്കുന്നതും കേൾക്കാം. കൂടാതെ വീഡിയോ ചിത്രീകരിച്ച വനപാലകർ, 'ധൈര്യമായി മുന്നോട്ട് പോയിക്കൊള്ളൂ നീ ഇപ്പോൾ സുരക്ഷിതനാണ്', എന്ന് ആനക്കുട്ടിയോട് വിളിച്ച് പറയുന്നതും വീഡിയോയിൽ കേൾക്കാം. 'ഒടുവിൽ, സന്തോഷകരമായ പുനസമാഗമം' എന്ന കുറിപ്പോടയായിരുന്നു ഈ വീഡിയോ പങ്കുവെച്ചിരുന്നത്. വീഡിയോ ഇതിനകം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ