"നിന്‍റെ രാജ്യത്തേക്ക് തിരിച്ച് പോ"; കനേഡയിൽ റെസ്റ്റോറന്‍റ് ജീവനക്കാരനായ ഇന്ത്യൻ വംശജനെതിരെ വംശീയ അധിക്ഷേപം

Published : Oct 29, 2025, 03:31 PM IST
Indian origin restaurant worker racially abused in Canada

Synopsis

ഒന്‍റാറിയോയിലെ ഓക്ക്‌വില്ലിൽ ഒരു ഇന്ത്യൻ റെസ്റ്റോറന്‍റ് ജീവനക്കാരനെ കനേഡിയൻ യുവാവ് വംശീയമായി അധിക്ഷേപിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. 

 

ന്‍റാറിയോയിലെ ഓക്ക്‌വില്ലിൽ (Oakville) നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇന്ത്യൻ വംശജനായ റെസ്റ്റോറന്‍റ് ജീവനക്കാരനെ ഒരു കനേഡിയൻ യുവാവ് വംശീയ അധിക്ഷേപങ്ങൾ നടത്തി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. ഒരു പ്രാദേശിക ഫാസ്റ്റ്-ഫുഡ് ഔട്ട്ലെറ്റിലാണ് റിപ്പോർട്ടുകൾ പ്രകാരം ഈ സംഭവം നടന്നിരിക്കുന്നത്.

ഇന്ത്യന്‍ വംശജനെതിരെ അധിക്ഷേപം

"നിന്‍റെ രാജ്യത്തേക്ക് തിരിച്ച് പോ, വൃത്തികെട്ട ഇന്ത്യക്കാരാ" തുടങ്ങിയ വാക്കുകൾ പറഞ്ഞ് ഇന്ത്യൻ യുവാവിനെതിരെ ആക്രോശിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൗണ്ടറിന് പിന്നിൽ നിൽക്കുന്ന ഇന്ത്യൻ വംശജനായ യുവാവ് സംഭവത്തില്‍ ഭയന്ന് പോയെന്ന് അദ്ദേഹത്തിന്‍റെ മുഖഭാവങ്ങളില്‍ നിന്നും വ്യക്തം. സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീ ഇടപെട്ട്, ആ ജീവനക്കാരന്‍റെ സ്ഥാനത്ത് ഇയാൾ ജോലി ചെയ്യുമോയെന്ന് ചോദിച്ച് യുവാവിന്‍റെ പെരുമാറ്റത്തെ ചോദ്യം ചെയ്തപ്പോൾ, യുവാവ് അവർക്ക് നേരെ തിരിയുകയും അതേ വംശീയ അധിക്ഷേപങ്ങൾ ആവർത്തിക്കുകയും ചെയ്തു.

 

 

രൂക്ഷവി‍മർശനം

ഒക്ടോബർ 26-ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെച്ച ഈ വീഡിയോ ഇന്ത്യൻ പ്രവാസികൾക്ക് ഇടയിൽ വലിയ ചർച്ചയായി. നിരവധി ഉപയോക്താക്കൾ ഈ പ്രവൃത്തിയെ "അറപ്പുളവാക്കുന്നത്" എന്നും "അങ്ങേയറ്റം ലജ്ജാകരം" എന്നും വിശേഷിപ്പിച്ചു. കൂടാതെ നിരവധി പേര്‍ പോലീസ് നടപടിയും ശക്തമായ വിദ്വേഷ കുറ്റകൃത്യ നിയമങ്ങളും ആവശ്യപ്പെട്ടു. അതേസമയം ഹാൽട്ടൺ റീജിയണൽ പോലീസ് (Halton Regional Police) ഇതുവരെ ഔദ്യോഗിക പ്രസ്താവനതകളൊന്നും പുറത്തിറക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ, വീഡിയോയിൽ കണ്ടയാളെ തിരിച്ചറിഞ്ഞ് കേസ് ചാർജ് ചെയ്യണമെന്ന് അഭിഭാഷക ഗ്രൂപ്പുകൾ അധികാരികളോട് ആവശ്യപ്പെട്ടു.

കേസെടുക്കണമെന്ന്

കാനഡയിലെ കുടിയേറ്റക്കാർക്കെതിരെ വിദേശീയ വിദ്വേഷവും വംശീയത നിറഞ്ഞതുമായ പെരുമാറ്റവും വർധിക്കുന്നതിന്‍റെ സൂചനയാണ് ഈ സംഭവമെന്ന് സാമൂഹിക നേതാക്കളും അഭിപ്രായപ്പെടുന്നു. ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്‍റെ ബഹുസാംസ്കാരിക മൂല്യങ്ങളെ ഇല്ലാതാക്കുക മാത്രമല്ല, കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്ന ആയിരക്കണക്കിന് അന്താരാഷ്ട്ര തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ഭയം സൃഷ്ടിക്കുകയും ചെയ്യുമെന്നും ആരോപണമുയർന്നു. വംശീയ സൗഹൃദവും സാംസ്കാരിക വൈവിധ്യത്തോടുള്ള ബഹുമാനവും പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുജന അവബോധ കാമ്പെയ്‌നുകളും സെൻസിറ്റിവിറ്റി പരിശീലനവും വേണമെന്നും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം