
ആദ്യ അന്താരാഷ്ട്ര യാത്രയിൽ തന്നെ ബിസിനസ് ക്ലാസ് സീറ്റ് നൽകി അമ്മയെ അത്ഭുതപ്പെടുത്തിയ മകളുടെ വീഡിയോ ഏറ്റെടുത്ത് നെറ്റിസെന്‍സ്. മകളുടെ സമ്മാനത്തില്‍ ദില്ലി വിമാനത്താവളം മുതൽ വിമാനത്തിൽ കയറുന്നതുവരെയുള്ള യാത്രയുടെ ഓരോ ഘട്ടവും കാഴ്ചക്കാർക്കായി മകൾ വീഡിയോയില്‍ പകർത്തി. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.
പ്രകൃതി അറോറയും അമ്മയും ദില്ലി വിമാനത്താവളത്തിൽ എത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. താന്‍ കാണാനിരിക്കുന്ന അത്ഭുതത്തെക്കുറിച്ച് അറിയാതെ അമ്മ ഏറെ ആവേശത്തോടെ മകളോടൊപ്പം നടക്കുന്നു. ടിക്കറ്റുകൾ കൈവശമുള്ളതിനാൽ അമ്മയ്ക്ക് ഒന്നും അറിയില്ലെന്ന് അറോറ വീഡിയോയില്‍ പറയുന്നത് കേൾക്കാം. ഇരുവരും ചെക്ക് ഇൻ ചെയ്തു, ഡ്യൂട്ടി ഫ്രീ സോണിൽ ചുറ്റിനടന്നു, തുടർന്ന് എയർപോർട്ട് ലോഞ്ചിൽ വച്ച് ഭക്ഷണം കഴിച്ചു, അപ്പോഴും മകളുടെ പദ്ധതികളെ കുറിച്ച് അമ്മയ്ക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല.
വിമാനത്തിൽ കയറിയപ്പോഴാണ് ആ അത്ഭുതം അമ്മ അറിഞ്ഞത്. അറോറ അമ്മയെ നോക്കി സീറ്റുകൾ കാണിച്ചുകൊണ്ട് പറഞ്ഞു, "ഇവിടെയാണ് നമ്മുടെ സീറ്റ്. അമ്മ പറക്കുന്ന ബിസിനസ്സാണ്." ആ വൈകാരിക നിമിഷത്തില്‍ അമ്മയുടെ മറുപടി "ഓ എന്‍റെ ദൈവമേ. ഞാൻ ഇമോഷണലാകുന്നു. നീ എന്നിൽ നിന്ന് വീണ്ടും വീണ്ടും എന്തോ മറച്ചു വയ്ക്കുന്നതായി എനിക്ക് തോന്നി." എന്നായിരുന്നു. തങ്ങളുടെ സന്തോഷം പങ്കുവെക്കാൻ അവൾ ഭർത്താവിന് ഒരു വീഡിയോ കോൾ ചെയ്യുന്നു. വീഡിയോ അവസാനിക്കുമ്പോൾ, അവൾ പുഞ്ചിരിച്ചുകൊണ്ട്, "നന്നായി തോന്നുന്നു" എന്ന് പറയുന്നതും കേൾക്കാം.
വികാരഭരിതമായ ഒരു അടിക്കുറിപ്പിനൊപ്പമാണ് പ്രകൃതി വീഡിയോ പങ്കുവച്ചത്. അമ്മയ്ക്ക് സർപ്രൈസ് നൽകിയത് മറക്കാനാവാത്ത അനുഭവമാണെന്നും അമ്മയുടെ സന്തോഷക്കണ്ണീർ കാണുന്നത് എല്ലാം അർത്ഥവത്തായതാണെന്നും അവർ എഴുതി. ഈ വർഷം നിരവധി ബിസിനസ് ക്ലാസ് വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും, അമ്മയുമൊത്തുള്ള ഈ വിമാനയാത്ര എപ്പോഴും ഏറ്റവും സവിശേഷമായിരിക്കുമെന്നും പ്രകൃതി കൂട്ടിച്ചേർത്തു. മാതാപിതാക്കൾക്കായി സമാനമായ എന്തെങ്കിലും ചെയ്യാനും പ്രകൃതി മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു, പണം എല്ലാവർക്കും സന്തോഷം നൽകണമെന്നില്ല, പക്ഷേ, മാതാപിതാക്കളെ അത്ഭുതപ്പെടുത്തുന്നത് തീർച്ചയായും അതുല്യമായ സന്തോഷം നൽകുമെന്നും അവരെഴുതി. ഒരുലക്ഷത്തിലേറെ പേരാണ് ഇതിനകം വീഡിയോ കണ്ടത്. എല്ലാവരും നിങ്ങളെപ്പോലുള്ള ഒരു മകളെ അർഹിക്കുന്നുവെന്നും പെണ്‍മക്കളാണ് യഥാര്‍ത്ഥ ഊർജ്ജമെന്നും നിരവധി പേരാണ് എഴുതിയത്. പ്രകൃതിയെ അഭിനന്ദനിച്ച് നിരവധി പേരാണ് എത്തിയത്.