ദില്ലി സ്വദേശിയായ ഒരാൾ തന്‍റെ പത്ത് സുഹൃത്തുക്കൾക്കായി 14.7 ലക്ഷം രൂപ വിലമതിക്കുന്ന പത്ത് ഐഫോൺ 17 പ്രോ മാക്സ് ഫോണുകൾ വാങ്ങി നൽകി. സുഹൃത്തുക്കളെ അമ്പരപ്പിച്ച ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും നിരവധി പേരുടെ ശ്രദ്ധ നേടുകയും ചെയ്തു.
സുഹൃത്തുക്കൾക്കായി എന്തും നൽകുമെന്ന് പറയുന്ന എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണമെന്നില്ല. എന്നാൽ ഒരു ദില്ലിക്കാരൻ തന്‍റെ സുഹൃത്തുക്കൾക്കായി വാങ്ങി നൽകിയത് 14 ലക്ഷത്തിന്‍റെ പത്ത് ഐഫോണ്‍ 17 പ്രോ മാക്സ് ഫോണുകൾ! പലരും സ്വന്തമാക്കണമെന്ന് സ്വപ്നം കാണുന്ന വിലയേറിയ ആ സമ്മാനം, സ്വന്തം കൂട്ടുക്കാർക്ക് അദ്ദേഹം വാങ്ങി നൽകി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
14.7 ലക്ഷം രൂപയ്ക്ക് 10 ഐഫോൺ 17 പ്രോ മാക്സ്
സുഹൃത്തുക്കളോടൊപ്പം അദ്ദേഹം ഐഫോണിന്‍റെ ഷോറൂമിൽ ഫോണ്‍ നോക്കിക്കൊണ്ടിരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയിൽ, അദ്ദേഹം തന്‍റെ ഓരോ സുഹൃത്തുക്കൾക്കും ഏറ്റവും പുതിയ ഐഫോൺ 17 പ്രോ മാക്സ് സമ്മാനമായി നൽകുന്നു. ഉയർന്ന വില കൊണ്ടും പ്രീമിയം സവിശേഷതകൾക്കും പേരുകേട്ട ഈ ഫോണിന് ഒരെണ്ണത്തിന്‍റെ വില ഏകദേശം 1.5 ലക്ഷം രൂപയോളമാണ്. മൊത്തത്തിൽ, അയാൾ തന്‍റെ പത്ത് സുഹൃത്തുക്കൾക്കായി ഫോണ്‍ 17 പ്രോ മാക്സ് ഫോണുകൾ വാങ്ങി, ഒറ്റയടിക്ക് 15 ലക്ഷം രൂപയോളം ചെലവഴിച്ചു.
വീഡിയോയിൽ അദ്ദേഹം പത്ത് ഫോണുകൾ എടുക്കാൻ ആവശ്യപ്പെടുമ്പോൾ ചില സുഹൃത്തുക്കൾ അമ്പരക്കുന്നത് കാണാം. സുഹൃത്തുക്കൾക്ക് തങ്ങൾക്ക് ലഭിക്കാൻ പോകുന്ന സമ്മാനത്തെ കുറിച്ച് നേരത്തെ ഒരറിവും ഉണ്ടായിരുന്നില്ല. എല്ലാ സുഹൃത്തുക്കൾക്കും ഫോണുണ്ടെന്ന് പറയുമ്പോൾ ചിലർ തമാശ പറയുകയാണെന്ന് കരുതി. എന്നാൽ 14.7 ലക്ഷം രൂപയുടെ ബില്ല് എടുക്കാൻ നേരത്താണ് തങ്ങൾക്ക് ലഭിച്ച സമ്മാനത്തെ കുറിച്ച് അവർക്ക് യാഥാർത്ഥ്യ ബോധമുണ്ടാകുന്നത്.
സന്തോഷത്തോടെ നെറ്റിസെന്‍സും
വീഡിയോ പെട്ടെന്ന് തന്നെ വിവിധ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേർ വൈകാരികമായ കുറിപ്പുകളുമായെത്തി. ഒരു തമാശ പറയാൻ ഏറ്റവും നല്ല മാർഗം ഇതാണോയെന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ സംശയം. സഹോദരാ, ഇത് ഒരു തമാശയാണോ യഥാർത്ഥമാണോയെന്ന് തനിക്ക് സത്യസന്ധമായി പറയാൻ കഴിയില്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഞങ്ങളും ഇതുപോലൊരു സുഹൃത്തിന് അർഹരാണെന്ന് നിരവധി പേരാണ് എഴുതിയത്.


