
ഇന്ത്യയിലെ ദീർഘദൂര അതിവേഗ ട്രെയിനാണ് വന്ദേ ഭാരത്. എന്നാലിന്ന് ലോക്കൽ ട്രെയിനിനേക്കാൾ കഷ്ടമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളും വീഡിയോകളും തെളിയിക്കുന്നത്. വന്ദേ ഭാരതിൽ വിളമ്പുന്ന ഭക്ഷണം മോശമാണെന്ന കാരണത്താല്‍ റദ്ദാക്കിയ അനുമതി റദ്ദാക്കിയ കമ്പനിക്ക് തന്നെ വീണ്ടും ഓർഡർ നല്‍കുമെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് മറ്റൊരു വീഡിയോ വൈറലായത്. ദില്ലിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഗ്വാളിയോറിലേക്ക് പോവുകയായിരുന്ന 22470 വന്ദേ ഭാരത് എക്സ്പ്രസിലെ ജീവനക്കാർ തമ്മിൽ തല്ലുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായത്. ഒക്ടോബർ 16 -നാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ജീവനക്കാർ പരസ്പരം ചവറ്റുകുട്ടകൾ എടുത്ത് എറിയുകയും ബെൽറ്റുകൾ ഊരി പരസ്പരം അടിക്കുകയും ചെയ്തു. ചിലര്‍ മുഷ്ടി ചുരുട്ടി പരസ്പരം ഇടിക്കുന്നതും കാണാമായിരുന്നു. സംഭവത്തിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് ആക്രമണത്തെ വിമർശിച്ച് കൊണ്ടും കുറ്റക്കാർക്കെരിരെ കർശന നടപടി ആവശ്യപ്പെട്ടും രംഗത്തെത്തിയത്. ഇത്തരത്തിൽ പെരുമാറുന്ന ജീവനക്കാർ ഇന്ത്യൻ റെയിൽവേയെ പ്രതിനിധീകരിക്കാൻ അർഹരല്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്. ഇത്തരം പെരുമാറ്റം ഇന്ത്യൻ റെയിൽവേയുടെ പ്രശസ്തിക്കും വന്ദേ ഭാരത് ട്രെയിനുകളുടെ പ്രീമിയം സേവനത്തിനും ദോഷം ചെയ്യുമെന്നും അഭിപ്രായമുയര്‍ന്നു.
ആറ് മുതൽ എട്ട് വരെ ജീവനക്കാർ സംഘർഷത്തിൽ ഏർപ്പെടുന്നത് വീഡിയോയില്‍ കാണാം. ചിലർ ബെൽറ്റുകൾ ഊരി പരസ്പം തല്ലി. മറ്റു ചിലർ പരസ്പരം ചവറ്റുകുട്ടകൾ എറിയുന്നു. ചില ജീവനക്കാർ താഴെ വീഴുന്നതും മറ്റ് ചിലർ തലയ്ക്ക് അടിക്കുന്നതും വീഡിയോയില്‍ കാണാം. ഇരുസംഘങ്ങളും തമ്മിൽ പരസ്പരം തല്ലുമ്പോൾ യാത്രക്കാർ ഇതെല്ലാം ദൂരെ നിന്നും നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവിൽ, റെയിൽവേ സംരക്ഷണ സേന ഇടപെടുന്നു. പക്ഷേ, അപ്പോഴും ആളുകൾ പരസ്പരം തല്ലാനായി ഓങ്ങുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ ഇതിനകം ഒരു ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. ഉപയോക്താക്കളിൽ ചിലർ പരിഹസിച്ചപ്പോൾ മറ്റ് ചിലര്‍ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇത് പുതിയ 'സ്ലീപ്പർ ക്ലാസ്' ആണെന്ന് തോന്നുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. 0:30 റഫറി വിസിൽ അടിക്കും അപ്പോൾ അടി തുടങ്ങിക്കോണമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ചിലർ റെയിൽവേ പോലീസിനെ രൂക്ഷമായി വിമർശിച്ചു. എല്ലാം കഴിയുന്നത് വരെ കാത്തിരിക്കുകയായിരുന്നോയെന്നായിരുന്നു ചോദ്യം. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിക്കുകയും ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിശദീകരണം തേടി. നാലുപേരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.