വര്‍ഷങ്ങളായി അച്ഛന്‍ മാറ്റാത്ത ആ ശീലം. ഒരാള്‍ക്ക് വേണ്ടിയും അത് മാറ്റാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ കൊച്ചുമകള്‍ വന്നപ്പോള്‍ ഇതാണ് അവസ്ഥ. ഹൃദയസ്പര്‍ശിയായ അനുഭവം പങ്കുവച്ച് യുവാവ്. 

മുത്തശ്ശനും മുത്തശ്ശിക്കും കൊച്ചുമക്കളോടുള്ള വാത്സല്യവും കരുതലും, അതിന് പകരം വയ്ക്കാനായി ഈ ലോകത്ത് മറ്റൊന്നുമുണ്ടാവില്ല. എല്ലാവരേയും പേടിപ്പിച്ചും മറ്റും നടന്നിരുന്ന പല അച്ഛനമമ്മമാരും കൊച്ചുമക്കളുണ്ടായി കഴിഞ്ഞാൽ അപ്രതീക്ഷിതമായി മാറുന്ന അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാവും. പിന്നെ, അവരെ കളിപ്പിക്കലായി, കൊഞ്ചിക്കലായി, അവരെ ആരെങ്കിലും തൊട്ടാൽ അവരോട് ദേഷ്യവും വഴക്കുമായി. ഇത് പഴയ ആള് തന്നെ ആണോ എന്ന സംശയം പോലും അവർക്ക് ചുറ്റുമുള്ളവർക്ക് ഉണ്ടാവാറുണ്ട്. എന്തായാലും, അതുപോലെ ഒരു അനുഭവമാണ് അഹമ്മദാബാദിൽ നിന്നുള്ള ഒരാൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ മനോഹരമായ ഒരു ചിത്രവും അതോടൊപ്പം ഷെയർ ചെയ്തിരിക്കുന്നതായി കാണാം.

പ്രിതേഷ് ലഖാനി എന്ന യുവാവാണ് X -ൽ (ട്വിറ്റർ) ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. തന്റെ പിതാവിന്റെ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത അച്ചടക്കത്തെക്കുറിച്ചും മുത്തച്ഛനായതിനുശേഷം അത് എങ്ങനെ മൃദുവായി മാറി എന്നതിനെ കുറിച്ചുമാണ് അദ്ദേഹം പറയുന്നത്. പതിറ്റാണ്ടുകളായി അച്ഛൻ രാവിലെ 8.45 -ന് വീട്ടിൽ നിന്നും ഇറങ്ങും. ആ സമയത്ത് ടിഫിൻ തയ്യാറായിരുന്നോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല. ചുറ്റും എന്താണ് സംഭവിക്കുന്നതെന്നതും പ്രശ്നമല്ല. വർഷങ്ങളോളം ഈ പതിവ് അതുപോലെ തുടർന്നു. കുട്ടികൾ അതിനുവേണ്ടി അവരുടെ കാര്യങ്ങൾ ക്രമീകരിച്ചു, പ്ലാനുകൾ അദ്ദേഹത്തെ കാത്തിരുന്നു, രാവിലെകൾ അദ്ദേഹത്തിന്റെ സമയത്തിനനുസരിച്ച് മാറി. അദ്ദേഹത്തിന്റെ ശീലം ഒരിക്കലും മാറുമെന്ന് ആരും കരുതിയില്ല. എന്നാൽ ഇപ്പോൾ, പേരക്കുട്ടി ഉണരുന്നതുവരെ അദ്ദേഹം പുറത്തിറങ്ങാറില്ല. പ്രഭാതങ്ങൾ വ്യത്യസ്തമായിട്ടാണിപ്പോൾ ആരംഭിക്കുന്നത് തന്നെ എന്നാണ് പ്രിതേഷ് കുറിച്ചിരിക്കുന്നത്.

Scroll to load tweet…

നല്ല അച്ചടക്കത്തോടെ ഡ്രസ് ഒക്കെ ധരിച്ചശേഷം കൊച്ചുമകളോടൊപ്പം നടക്കാൻ പോകുന്ന അച്ഛന്റെ ഒരു ചിത്രവും പ്രിതേഷ് പങ്കുവച്ചു. അനേകങ്ങളാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പലർക്കും പ്രിതേഷിന്റെ പോസ്റ്റിൽ പറഞ്ഞ കാര്യത്തോട് യോജിക്കാൻ കഴിഞ്ഞു. മുത്തശ്ശനും മുത്തശ്ശിയും കൊച്ചുമക്കളായി കഴിഞ്ഞാൽ ഇങ്ങനെയാണ്. കുഞ്ഞിന്റെ ഭാ​ഗ്യമാണ് ഇങ്ങനെ ഒരു മുത്തശ്ശനെ കിട്ടിയത് തുടങ്ങിയ കമന്റുകളാണ് പലരും കുറിച്ചത്.