
മധ്യപ്രദേശിലെ ഛത്തർപൂരിൽ ഒരുകടയുടമ മൂത്രമൊഴിക്കാൻ പോയതിന് പിന്നാലെ കടയില്‍ നിന്നും മോഷണം പോയത് 7 ലക്ഷം രൂപ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതിയെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. ഛത്തർപൂരിലെ ഒരു കടയിൽ പട്ടാപ്പകലാണ് മോഷണം നടന്നത്.
പകൽ നേരം കടയുടമ മുത്രമൊഴിക്കാനായി ബാത്ത്റൂമിലേക്ക് പോയ നേരം കൊണ്ട് കടയിൽ കയറിയ മോഷ്ടാവ് ഏഴ് ലക്ഷം രൂപ മോഷ്ടിച്ച് കടന്നു. സിസിടിവി വീഡിയോയില്‍ കള്ളന് കടയെ കുറിച്ച് കൃത്യമാ ധാരണയുള്ള ആളാണെന്ന് വ്യക്തം. പണം എവിടെ ഇരിക്കുന്നുണ്ടെന്ന് കൃത്യമായി അറിവുള്ളത് പോലെയാണ് അയാൾ പെരുമാറിയത്.
കട ഉടമ ബാത്ത് റൂമിലേക്ക് പോയതിന് പിന്നാലെ വളരെ പരിചയം ഉളളത് പോലെ നേരെ കടയിലേക്ക് കയറി കൃത്യമായി പണം ഇരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം തപ്പി. എല്ലാ പണവും എടുത്ത് സെക്കന്‍റുകൾക്കുള്ളൽ ഇയാൾ പുറത്തിറങ്ങി. ഒന്നും സംഭവിക്കാത്തത് പോലെ പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അതേസമയം തന്‍റെ മുഖം സിസിടിവിയില്‍ പതിയാതിരിക്കാന്‍ ഇയാൾ തല പരമാവധി താഴേക്ക് തന്നെ പിടിച്ചാണ് കടയ്ക്കുള്ളില്‍ നടന്നിരുന്നതും.
പരാതി, അന്വേഷണം
സിസിടിവി ദൃശ്യങ്ങളോടൊപ്പമാണ് കടയുടമ പോലീസിൽ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത കാലത്തായി മോഷണം പതിവാകുന്നതായി റിപ്പോര്‍ട്ടുകളും പറയുന്നു.
എയിംസ് ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന ഫ്രഷ് ഫ്രോസൺ പ്ലാസ്മ (FFP) മോഷ്ടിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യവുമായി ബന്ധമുള്ള 6 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതികളിൽ നിന്ന് 1,123 യൂണിറ്റ് പ്ലാസ്മയും 8.57 ലക്ഷം രൂപയും കണ്ടെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം സെപ്റ്റംബറിൽ, ഒരു സംഘം ആളുകൾ സ്വകാര്യ ധനകാര്യ കമ്പനിയിലേക്ക് അതിക്രമിച്ചു കയറി 14 കിലോയിലധികം സ്വർണ്ണവും 5 ലക്ഷം രൂപയും കൊള്ളയടിച്ചതും വലിയ വാര്‍ത്തയായിരുന്നു.