"ഒരു മണിക്കൂറിനുള്ളിൽ വീടൊഴിയണം"; വാടകക്കാരിയെ പെരുവഴിയിലാക്കിയ ക്രൂരത, ആരാണ് ഉത്തരവാദി? സർക്കാരോയെന്ന് യുവതി, വീഡിയോ

Published : Jun 21, 2026, 03:25 PM IST
Rental flat

Synopsis

ഗുരുഗ്രാമിൽ വാടകയ്ക്ക് താമസിക്കുന്ന ഒരു യുവതിക്ക് ഒരു മണിക്കൂറിനുള്ളിൽ അപ്പാർട്ട്മെന്റ് ഒഴിയേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലിറങ്ങേണ്ടി വന്ന അവർ, ഇതിന് പിന്നിൽ അനധികൃത നിർമ്മാണവും ഭരണകൂടത്തിന്‍റെ കെടുകാര്യസ്ഥതയുമാണെന്ന് ആരോപിക്കുന്നു. ഒടുവിൽ ഹോട്ടലിൽ അഭയം തേടേണ്ടി വന്നതായും അവർ വിവരിക്കുന്നു.

 

ഗുരുഗ്രാമിൽ താമസിക്കുന്ന ഒരു യുവതി തന്‍റെ വാടക വീടുമായി ബന്ധപ്പെട്ടുണ്ടായ ഒരു ‘ഭീതിജനകമായ അനുഭവം’സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വെറും ഒരു മണിക്കൂറിനുള്ളിൽ വാടക അപ്പാർട്ട്‌മെന്‍റ് ഒഴിഞ്ഞ് തരണമെന്ന നിർദ്ദേശത്തെത്തുടർന്ന്, സാധനങ്ങളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നതായും ഒടുവിൽ ഹോട്ടലിൽ അഭയം പ്രാപിക്കേണ്ടി വന്നതായും യുവതി വിവരിക്കുന്നു.

'ഒരു മണിക്കൂറിനുള്ളിൽ വീട് ഒഴിയണം'

താൻ താമസിച്ചിരുന്നത് ഏതെങ്കിലും പേയിംഗ് ഗസ്റ്റ് (PG) സൗകര്യത്തിലല്ലെന്നും, വലിയ തുക വാടക നൽകി ‘നിയമപരമായ എല്ലാ രേഖകളുമുള്ള പൂർണ്ണമായി സജ്ജീകരിച്ച അപ്പാർട്ട്‌മെന്‍റിൽ’ ആണെന്നും സംഘമിത്ര തന്‍റെ കുറിപ്പിൽ വ്യക്തമാക്കുന്നു. " ഗുരുഗ്രാമിലെ ഒരു വാടകക്കാരിയുടെ ദുഃസ്വപ്നം. ഞാനും എന്‍റെ സാധനസാമഗ്രികളും വഴിയിൽ, തലചായ്ക്കാൻ ഒരിടമില്ലാതെ നിൽക്കുന്നതിനാൽ ഇപ്പോൾ ഒരു ഹോട്ടലിലേക്ക് മാറുകയാണ്," അവർ ഇൻസ്റ്റാഗ്രാമിൽ എഴുതി. പെട്ടെന്നൊരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ അവിടുത്തെ പല താമസക്കാർക്കും ഫോൺ കോളുകൾ വരികയും, "ഒരു മണിക്കൂറിനുള്ളിൽ നിങ്ങളുടെ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് വീടൊഴിയണം" എന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് സംഘമിത്ര ആരോപിക്കുന്നു. 

ഈ സംഭവം നടക്കുമ്പോൾ താൻ ഗുരുഗ്രാമിൽ ഇല്ലായിരുന്നുവെന്നും, ഒഡീഷയിലുള്ള മാതാപിതാക്കളെ സന്ദർശിക്കാൻ പോയതായിരുന്നുവെന്നും അവർ പറഞ്ഞു. "ഞാൻ ഗുരുഗ്രാമിൽ പോലുമില്ലായിരുന്നു. എന്‍റെ ജീവിതത്തിലെയും കരിയറിലെയും ഒരു വലിയ പുതിയ അധ്യായത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാൻ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ ഒഡീഷയിലായിരുന്നു ഞാൻ," അവർ കുറിച്ചു. "ആഘോഷിക്കേണ്ട സമയത്തിന് പകരം, കടുത്ത പരിഭ്രാന്തിയിലേക്കാണ് ഞാൻ വീണുപോയത്," അവർ കൂട്ടിച്ചേർത്തു.

 

 

ആരാണ് ഉത്തരവാദി? അഴിമതിക്ക് കൂട്ടുനിന്ന സർക്കാരോ?

തന്‍റെ വസ്ത്രങ്ങളും പ്രധാനപ്പെട്ട രേഖകളും സുരക്ഷിതമായി പുറത്തെടുക്കാൻ സുഹൃത്തുക്കൾക്ക് വീടിന്‍റെ പൂട്ട് തല്ലിപ്പൊളിക്കേണ്ടി വന്നതായി സംഘമിത്ര പറഞ്ഞു. "അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എന്‍റെ സമ്പാദ്യം മുഴുവൻ അവിടെ കുടുങ്ങിപ്പോകുകയോ നശിക്കുകയോ ചെയ്യുമായിരുന്നു." പൂട്ട് തല്ലിപ്പൊളിച്ചതിനുള്ള തുക ഒരുപക്ഷേ തന്‍റെ ‘സെക്യൂരിറ്റി ഡെപ്പോസിറ്റിൽ’ നിന്ന് അവർ ഈടാക്കുമെന്നും യുവതി കൂട്ടിച്ചേർത്തു. ചെറിയ കുട്ടികളുള്ള കുടുംബങ്ങളും പ്രായമായ മാതാപിതാക്കളും ഉൾപ്പെടെയുള്ളവരെയാണ് ഈ സംഭവം ബാധിച്ചതെന്നും അവർ ആരോപിച്ചു. "ഞങ്ങളുടെ ജന്മനാടും കുടുംബങ്ങളും വീടിന്‍റെ സുരക്ഷിതത്വവും ഉപേക്ഷിച്ചാണ് ഒരു ജീവിതം കെട്ടിപ്പടുക്കാൻ ഞങ്ങൾ ഈ നഗരത്തിലേക്ക് വരുന്നത്. ഇവിടെ കഠിനാധ്വാനം ചെയ്യാനും ജോലിക്കായി ഓടാനും കുടുംബത്തിന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിനായി തന്നെ ഞങ്ങളുടെ പോക്കറ്റ് ചോർത്തുന്ന തരത്തിലുള്ള ഭീമമായ വാടകയും അമിതമായ ജീവിതച്ചെലവുമാണ് ഞങ്ങൾ ഇവിടെ സഹിക്കുന്നത്. ഞങ്ങൾ കൃത്യമായി നികുതിയും ഒടുക്കുന്നുണ്ട്- എന്നാൽ ആ പണമൊക്കെ എങ്ങോട്ടാണ് പോകുന്നതെന്ന് ദൈവത്തിന് അറിയാം," സംഘമിത്ര എഴുതി.

ഇതിനൊക്കെ ആരാണ് ഉത്തരവാദിയെന്ന് ചോദ്യം ചെയ്ത അവർ, കെട്ടിട ഉടമകൾക്ക് ഈ സാഹചര്യത്തെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നിട്ടും വാടകക്കാർക്ക് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നും ആരോപിച്ചു. വർഷങ്ങളായി അനധികൃത ബഹുനില നിർമാണങ്ങൾക്ക് നേരെ കണ്ണടച്ച ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയ അവർ, നിരപരാധികളായ പൗരന്മാരെ റോഡിലേക്ക് തള്ളിയതിന് സർക്കാരിനെയും വിമർശിച്ചു. "ആരാണ് ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുക? ബിൽഡറോ? അഴിമതി നിറഞ്ഞ ഭരണകൂടമോ? ദൈവമോ? അതോ പഞ്ചഭൂതങ്ങളോ?" അവർ ചോദിച്ചു. ഏതായാലും ഇവരുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

5,000 കോടിയുടെ അംബാനി കല്യാണം ഒന്നാമത്; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ 10 വിവാഹങ്ങൾ!
'മരണം മാത്രമേ എന്നെ തടയൂ'; പ്രാണവേദനയ്ക്കിടെയിലും മരുന്ന് കണ്ടെത്താനുള്ള ശ്രമം, ഇത് ചായ് ലെയുടെ അസാധാരണ ജീവിതം