ഇറ്റലിയിൽ ഒരു സ്ത്രീ തെറ്റിദ്ധാരണ മൂലം 10.9 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു. പിന്നീട് മാലിന്യ സംസ്കരണ ഏജൻസിയുടെ സഹായത്തോടെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ശുചീകരണ തൊഴിലാളികൾ ആ ഭാഗ്യ ടിക്കറ്റ് വീണ്ടെടുത്ത് നൽകി.

ബദ്ധത്തിൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ 10.9 കോടി രൂപ (1 മില്യൺ യൂറോ) മൂല്യമുള്ള ലോട്ടറി ടിക്കറ്റ് രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ശുചീകരണ തൊഴിലാളികൾ വീണ്ടെടുത്ത് നൽകി. തെക്കൻ ഇറ്റലിയിലെ ബിറ്റോന്റോ നഗരത്തിലാണ് ഒരിക്കൽ നഷ്ടപ്പെട്ടെന്ന് കരുതിയ ഭാഗ്യം തിരികെ കിട്ടിയ നാടകീയ സംഭവം അരങ്ങേറിയത്.

സമ്മാനമില്ലെന്ന് തെറ്റിദ്ധരിച്ചു

ഒരു തെറ്റിദ്ധാരണയായിരുന്നു സമ്മാനം കിട്ടിയ ടിക്കറ്റ് വലിച്ചെറിയാൻ കാരണമായത്. കൈയിലുള്ള ടിക്കറ്റ് ഉപയോഗിച്ച് സമ്മാനത്തുക അറിയാനായി കടയിലെ ഇലക്ട്രിക് മെഷ്യനിൽ സ്ത്രീ ടിക്കറ്റ് സ്വെയ്പ്പ് ചെയ്തു. എന്നാൽ, "പണം നൽകാൻ സാധിക്കാത്തത്" എന്ന സന്ദേശമാണ് മെഷീനിൽ തെളിഞ്ഞത്. വൻതുക സമ്മാനമായി ലഭിച്ചതിനാൽ കടയിൽ നിന്ന് നേരിട്ട് തുക നൽകാൻ കഴിയില്ലെന്നായിരുന്നു മെഷ്യൻ ഇതുകൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ, ടിക്കറ്റിന് സമ്മാനമില്ലെന്നാണ് മെഷ്യൻ അറിയിച്ചതെന്ന് തെറ്റിദ്ധരിച്ച ടിക്കറ്റ് ഉടമയായ സ്ത്രീ, തന്‍റെ സമ്മാനം അടിച്ച ടിക്കറ്റ് മാലിന്യ കുപ്പയിലേക്ക് എറിയുകയായിരുന്നു.

ഒന്നാം സമ്മാനം എറിഞ്ഞ് കളഞ്ഞ ലോട്ടറിക്ക്

വീട്ടിലെത്തിയപ്പോഴാണ് സ്ഥിരമായി എടുക്കാറുള്ള തന്‍റെ പ്രിയപ്പെട്ടവരുടെ നമ്പറുകളായ 2, 4, 8, 10, 51 എന്നിവയ്ക്ക് ഒന്നാം സമ്മാനം അടിച്ചതെന്ന് ഇവരോട് കുടുംബാംഗങ്ങൾ അറിയിച്ചത്. ഇതോടെ പരിഭ്രാന്തയായ സ്ത്രീ ലോട്ടറിക്കടയിലേക്ക് ഓടി. പിന്നാലെ താൻ ടിക്കറ്റ് എറിഞ്ഞു കളഞ്ഞ ചവറ്റുകുട്ട വച്ചിരുന്നിടത്ത് എത്തി. എന്നാൽ അവിടെ നിന്നുള്ള മാലിന്യങ്ങൾ ഇതിനകം ശുചീകരണ ലോറി കൊണ്ടുപോയിരുന്നു.

ശ്രമകരമായ ദൗത്യം ഒടുവിൽ...

തുടർന്ന് ഇവർ പ്രദേശത്തെ മാലിന്യ സംസ്കരണ ഏജൻസിയുടെ അഡ്മിനിസ്ട്രേറ്ററായ റോബർട്ടോ നിക്കോള ടോസ്കാനോയെ സമീപിച്ചു. വലിയ പ്രതീക്ഷയൊന്നും ഇല്ലാതെയാണെങ്കിലും ടോസ്കാനോയും സംഘവും ഉടൻ തന്നെ മാലിന്യ വണ്ടി പോയ വഴി പിന്തുടർന്ന് വാഹനം തടഞ്ഞു നിർത്തി. അപകടകരമായ മാലിന്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനം പ്രത്യേക സജ്ജീകരണങ്ങളുള്ള കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ വച്ച് ഒരുകൂട്ടം ശുചീകരണ തൊഴിലാളികൾ ഒരു ദിവസത്തിലധികം നടത്തിയ ശ്രമകരമായ തിരച്ചിലിനൊടുവിൽ ടിക്കറ്റ് കണ്ടെത്തുകയായിരുന്നു. ടിക്കറ്റിന് യാതൊരു കേടുപാടുകളും സംഭവിച്ചിരുന്നില്ലെന്ന് ടോസ്കാനോ പറഞ്ഞു. വിവരമറിയിക്കാൻ വിളിച്ചപ്പോൾ സന്തോഷം കൊണ്ട് സ്ത്രീ ഫോണിലൂടെ കരഞ്ഞുപോയെന്നും അധികൃതർ വ്യക്തമാക്കി. പൊതുമേഖലാ ഏജൻസിയായതിനാൽ തിരച്ചിലിന് വന്ന അധികച്ചെലവുകൾ വഹിക്കാമെന്ന് സ്ത്രീ സമ്മതിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു.