സ്വന്തം ജീവിത സമ്പാദ്യമായ 75 ലക്ഷം രൂപ ഒരൊറ്റ ഓഹരിയിൽ നിക്ഷേപിച്ച് വലിയ നഷ്ടം നേരിട്ട പിതാവിനെ സഹായിക്കാൻ മകൻ സോഷ്യൽ മീഡിയയിൽ ഉപദേശം തേടി. നിക്ഷേപം 30 ലക്ഷമായി ചുരുങ്ങിയതോടെ, കൂടുതൽ നഷ്ടം ഒഴിവാക്കാൻ എന്തുചെയ്യണമെന്നതിനെക്കുറിച്ച് നിക്ഷേപകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുകയാണ്. ഈ സംഭവം സാമ്പത്തിക സാക്ഷരതയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചു.
സ്വന്തം ജീവിത സമ്പാദ്യം മുഴുവൻ ഒരൊറ്റ ഓഹരിയിൽ നിക്ഷേപിച്ച് വൻ സാമ്പത്തിക നഷ്ടം നേരിട്ട പിതാവിനെ സഹായിക്കാൻ സോഷ്യൽ മീഡിയയുടെ ഉപദേശം തേടി മകൻ. വർഷങ്ങളെടുത്ത് ഉണ്ടാക്കിയ 75 ലക്ഷം രൂപയുടെ നിക്ഷേപം ഇപ്പോൾ വെറും 30 ലക്ഷമായി ചുരുങ്ങിയതോടെയാണ് വിഷയം സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയായത്.
ബന്ധുവിന്‍റെ നിർദ്ദേശപ്രകാരം 2013 -ലാണ് പിതാവ് ഈ ഓഹരിയിൽ നിക്ഷേപിച്ചതെന്ന് മകൻ പറയുന്നു. ഓഹരി വിപണിയെക്കുറിച്ച് കാര്യമായ അറിവില്ലാതിരുന്ന അദ്ദേഹം, വിവിധ മേഖലകളിൽ വിഭജിച്ച് നിക്ഷേപിക്കാതെ കിട്ടുന്ന സമ്പാദ്യമെല്ലാം ഒരൊറ്റ ഓഹരിയിലേക്ക് തന്നെ വീണ്ടും വീണ്ടും നിക്ഷേപിക്കുകയായിരുന്നു.
മൂന്ന് ഡിമാറ്റ് അക്കൗണ്ടുകൾ, ഒരൊറ്റ ഓഹരി
2013 മുതൽ 2020 വരെയുള്ള കാലയളവിൽ മൂന്ന് വ്യത്യസ്ത ഡിമാറ്റ് അക്കൗണ്ടുകൾ വഴിയാണ് അച്ഛൻ ഒരൊറ്റ ഓഹരിയിലേക്ക് പണം നിക്ഷേപിച്ചതെന്നാണ് മകന്‍റെ വെളിപ്പെടുത്തൽ. അമ്മയുടെ അക്കൗണ്ട്: ഏകദേശം 30 ലക്ഷം രൂപ, അച്ഛന്‍റെ അക്കൗണ്ട്: ഏകദേശം 25 ലക്ഷം രൂപ, അമ്മാവന്‍റെ അക്കൗണ്ട്: ഏകദേശം 20 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു ഈ നിക്ഷേപക്കണക്ക്.
കുടുംബത്തിന്‍റെ ആകെ സമ്പാദ്യവും നഷ്ടമായതോടെ പിതാവ് കടുത്ത നിരാശയിലാണെന്നും, ഇനിയെങ്കിലും വിവേകപൂർവ്വം മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മകൻ സമൂഹ മാധ്യമ കുറിപ്പിൽ പറയുന്നു. "ഞങ്ങൾ ചെയ്തത് വലിയൊരു തെറ്റാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു. അതിനാൽ സഹതാപ തരംഗങ്ങൾക്കോ ഉപദേശങ്ങൾക്കോ അപ്പുറം, നിലവിലെ സാഹചര്യത്തിൽ അടുത്തതായി എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് അനുഭവ സമ്പന്നരിൽ നിന്ന് പ്രായോഗികമായ വഴികളാണ് ഞാൻ തേടുന്നത്," എന്ന് മകൻ കുറിപ്പിൽ വ്യക്തമാക്കി.
ഭിന്നാഭിപ്രായങ്ങളുമായി നിക്ഷേപകർ
മകന്‍റെ പോസ്റ്റ് വൈറലായതോടെ സമൂഹ മാധ്യമ നിക്ഷേപകർ രണ്ട് തട്ടിലായി. കൂടുതൽ നഷ്ടം ഉണ്ടാകുന്നതിന് മുൻപ് നിലവിലെ 30 ലക്ഷം രൂപ പിൻവലിച്ച് സുരക്ഷിതമായ മറ്റ് സാധ്യതകളിലേക്ക് മാറ്റാനാണ് ഒരു വിഭാഗം നിർദ്ദേശിക്കുന്നത്. "പൂജ്യമാകുന്നതിനേക്കാൾ നല്ലത് കൈയിൽ 30 ലക്ഷം നിലനിൽക്കുന്നതാണ്" എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. കമ്പനിക്ക് നിയമപരമായ മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഓഹരി മൂല്യം പതുക്കെ തിരിച്ചുപിടിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ വിൽക്കാതെ കുറച്ചുകൂടി കാത്തിരിക്കണമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. "പോയ 75 ലക്ഷത്തെക്കുറിച്ച് ചിന്തിക്കാതെ, ഇന്ന് നിങ്ങളുടെ കൈയിൽ 30 ലക്ഷം രൂപയുണ്ടെങ്കിൽ അത് ഈ കമ്പനിയിൽ നിക്ഷേപിക്കുമോ എന്ന് സ്വയം ചോദിക്കുക. ഇല്ലെന്നാണ് ഉത്തരമെങ്കിൽ ഉടൻ പിൻവലിച്ച് മൂലധന സംരക്ഷണത്തിന് മുൻഗണന നൽകുക," എന്നായിരുന്നു മറ്റൊരു നിക്ഷേപകന്‍റെ ഉപദേശം. സമൂഹ മാധ്യമത്തിൽ വലിയ രീതിയിലുള്ള സാമ്പത്തിക സാക്ഷരതാ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.


