
വളർത്തുമൃഗങ്ങളോട് ആളുകൾക്കുള്ള താത്പര്യം കൂടുകയാണ്. തങ്ങളുടെ വളര്‍ത്തുമൃഗങ്ങൾക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറുള്ളവരാണ് ചില മൃഗ ഉടമകൾ. ചിലര്‍ മരണാനന്തരം തങ്ങളുടെ പ്രീയപ്പെട്ട വളര്‍ത്തുമൃഗങ്ങളെ ഓർമ്മിക്കാനായി അവയ്ക്കായി ശവകൂടീരങ്ങളും പ്രതിമകളും പണിയുന്നു. എന്നാല്‍ ന്യൂയോര്‍ക്കിൽ നിന്നുള്ള മേഗന്‍ റിലെയെന്ന യുവതി തന്‍റെ പ്രീയപ്പെട്ട കറുത്ത പൂച്ച മരിച്ചപ്പോൾ അതിനെ സ്റ്റഫ് ചെയ്ത് തന്‍റെ വീട്ടിലെ ഷോക്കേസില്‍ സൂക്ഷിച്ചു. പൂച്ചയോടുള്ള തന്‍റെ സ്നേഹം പ്രകടിപ്പിക്കാനാണ് മേഗന്‍ റിലെ അക്കരമൊരു കാര്യം ചെയ്തതെങ്കിലും അതിന്‍റെ വീഡിയോയ്ക്ക് താഴെ സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷ വിമർശനവുമായെത്തി.
സ്റ്റഫ് ചെയ്ത തന്‍റെ വളർത്തുപൂച്ചയുടെ ശരീരം ഒരു പാഴ്സൽ ബോക്സില്‍ നിന്നും മേഗന്‍ പുറത്തെടുക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഒപ്പം പങ്കുവച്ച കുറിപ്പില്‍ മേഗന്‍ ഇങ്ങനെ എഴുതി, 'നിങ്ങൾ എന്തിനെയെങ്കിലും അത്രയധികം സ്നേഹിക്കുമ്പോൾ, അതിനെ നിങ്ങൾ കുഴിച്ചിടുന്നില്ല. പകരം നിങ്ങൾ അതിനെ സംരക്ഷിക്കുന്നു. എന്നെന്നേക്കുമായി പ്രതീകാത്മകമെന്നവണ്ണം. എന്നെന്നേക്കുമായി മങ്ങിയത്. അതെ, അവൻ ഫ്രീസ് - ഡ്രൈഡ് ആണ്. ഇല്ല, എനിക്ക് ഖേദമില്ല.' വീഡിയോയില്‍ സ്റ്റഫ് ചെയ്ത ഒരു കറുത്ത പൂച്ചയുടെ ശരീരം അവര്‍ പാഴ്സലില്‍ നിന്നും പുറത്തെടുക്കുന്നതും തന്‍റെ സ്വീകരണ മുറിയിലെ സൈഡ് ഷെൽഫില്‍ ഒരു കാഴ്ച വസ്തുവായി പ്രദർശിപ്പിക്കുകയും ചെയ്യുന്നു. മേഗന്‍ പൂച്ചയ്ക്ക് ഉമ്മ കൊടുക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോയ്ക്ക് താഴെ നല്ല ആശയമെന്ന് എഴുതിയർ ഏറെയാണ്. അതേസമയം, ഏങ്ങനെ തോന്നിയെന്ന് കുറിച്ചവരും കുറവല്ല. എങ്ങനെ ഒരാൾക്ക് ഇങ്ങനെ ചെയ്യാൻ കഴിയും. നിങ്ങളുടെ ചത്ത വളർത്തുമൃഗത്തെ നിങ്ങളുടെ അലമാരയിൽ വച്ചിരിക്കുന്ന ഒരു ട്രോഫിയായി കാണാൻ കഴിയില്ല. ഇത് വളരെ അസ്വസ്ഥത സൃഷ്ടിക്കുന്നു. അവരും സമാധാനത്തോടെ വിശ്രമിക്കട്ടെ എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്.
പിന്നാലെ മറ്റൊരു വീഡിയോയില്‍ പാക്കറ്റില്‍ നിന്നും പുറത്തെടുക്കുന്ന പൂച്ചയുടെ സ്റ്റഫ് ചെയ്ത രൂപത്തെ മറ്റ് പൂച്ചകൾക്ക് മുന്നില്‍ മേഗന്‍ വയ്ക്കുന്നതും അവ അത് മണത്ത് നോക്കുന്നതും കാണാം. ഒപ്പം ആനിമൽ ഫാമിലി പെറ്റ് പ്രിസർവേഷനാണ് തന്‍റെ പൂച്ചയുടെ സംരക്ഷണം ഏറ്റെടുത്തതെന്നും അവനുമായി ജീവിച്ച ഒരു വര്‍ഷം താന്‍ സമാധാനത്തോടെയും സന്തോഷത്തോടയെും വേദന അറിയാതെയുമാണ് കഴിഞ്ഞതെന്നും അവര്‍ കൂട്ടിചേര്‍ന്നു. തന്നെ വിമര്‍ശിക്കുന്നവര്‍ അത് കൂടി അറിഞ്ഞിരിക്കമെന്നും അവരെഴുതി. അവന്‍ മരിച്ചതിനാൽ ചവറ്റ് കുട്ടയിലേക്ക് വലിച്ചെറിയാന്‍ തനിക്ക് കഴിയില്ലെന്നും കൂട്ടിച്ചേര്‍ക്കുന്ന മേഗൻ, ഒരു മൃഗവുമായി നിങ്ങൾക്ക് ആത്മബന്ധമുണ്ടെങ്കില്‍ അവയോട് നന്ദിയുള്ളവരായിരിക്കണമെന്നും എഴുതി. ഒപ്പം നിങ്ങൾക്ക് പൂർണ്ണമായും മനസിലാക്കത്ത ഒരു കാര്യത്തെ കുറിച്ച് അനാവശ്യമായി അഭിപ്രായം പറയരുതെന്നും മേഗന്‍ സമൂഹ മാധ്യമ ഉപയോക്താക്കളെ ഉപദേശിച്ചു.