
സമൂഹ മാധ്യമ കണ്ടന്‍റ് ക്രീയേറ്ററായ രജത്തിന്‍റെ ഞങ്ങളുടെ അമേരിക്കന്‍ സ്വപ്നം എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ അടുത്തിടെ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ട്രംപ് തീരുവകളെ കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. ഡള്ളസിലെ വാൾമാര്‍ട്ടിന്‍റെ ഷോറൂമില്‍ വില്പനയ്ക്കായി ഡിസ്പ്ലേ ചെയ്ത ഇന്ത്യന്‍ ഭക്ഷണ സാധാനങ്ങളുടെ വീഡിയോയിയിരുന്നു അത്. ബിരിയാണി, ബട്ടർ ചിക്കൻ തുടങ്ങിയ വിഭവങ്ങൾ യുഎസില്‍ സുലഭമാണെങ്കിലും പാർലെ-ജി പാക്കറ്റ്, ചൂടുള്ള ചായ, ഹൽദിറാംസ് ആലു ബുജിയ, നംകീൻ വിഭവങ്ങൾ എന്നിവ യുഎസില്‍ അത്ര സാധാരണമല്ല. എന്നാല്‍ അവ വാൾമാട്ടിന്‍റെ കടയില്‍ സുലഭമായി വില്പനയ്ക്ക് വച്ചിരിക്കുന്നു. അതും ഇന്ത്യന്‍ വംശജർ കുറവുള്ള ഡള്ളസ് പോലൊരു സംസ്ഥാനത്ത്.
ഇന്ത്യൻ ലഘുഭക്ഷണങ്ങളും ബിസ്‌ക്കറ്റുകളും ഫർസാനും മുതൽ റെഡി-ടു-ഈറ്റ് പായ്ക്കുകള്‍ വരെയുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ കൊണ്ട് കടയിലെ റാക്കുകൾ നിറഞ്ഞിരിക്കുന്നതായി വീഡിയോയില്‍ കാണാം. ഇത് ഇന്ത്യയിലെ ഒരു സൂപ്പര്‍മാർക്കറ്റാണോയെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു. അത്രയേറെ ഇന്ത്യന്‍ ഉത്പന്നങ്ങളാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. വീഡിയോയില്‍ രജത്ത് റോയൽ മസൂർ ദാൽ, മൂങ് ദാൽ എന്നിവയുടെ പാക്കറ്റുകൾ എടുത്ത് കാണിക്കുന്നു, അവയ്ക്ക് ഇട്ടിരിക്കുന്ന വില 4 ഡോളറാണ്. അതായത് ഏകദേശം 350 രൂപ. നാംകീൻ, ആലു ഭുജിയ എന്നിവയ്ക്കും സമാനമായ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാർലെബിസ്‌ക്കറ്റിന് വില 1.38 ഡോളറാണ് (ഏകദേശം 120 രൂപ). ഷാൻ ബിരിയാണി മസാല, തന്തൂരി മസാല, ഫ്രൈഡ് ഫിഷ് മസാല, ബട്ടർ ചിക്കൻ സോസ് എന്നിവ പ്രദർശിപ്പിച്ച സ്‌പൈസ് വിഭാഗവും ഇവിടെയുണ്ട്. റെഡി-ടു-ഈറ്റ് ബിരിയാണികൾ 3 ഡോളറാണ് (ഏകദേശം 260 രൂപ) വില നല്‍കിയിരിക്കുന്നത്.
വീഡിയോയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വില കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ ഞെട്ടി. ചെലവേറിയ ഉത്പന്നങ്ങളാണെന്നായിരുന്നു പലരും എഴുതിയത്. പട്ടേല്‍ സഹോദരന്മാര്‍ എല്ലാം ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. കനേഡിയൻ വിലകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെലവേറിയതായി തോന്നുന്നുവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. ഇന്ത്യയില്‍ പാര്‍ലെ ജി പാക്കറ്റില്‍ 10 - 20 ബിസ്ക്കറ്റ് കാണും. ഇത് വലിയ പാക്കറ്റാണെന്നും ഒരു കുറിപ്പ് ചൂണ്ടിക്കാട്ടി. യുഎസിലെ ഏറ്റവും കുറഞ്ഞ വേതനം 7.25 യുഎസ് ഡോളറാണ്, അതായത് മണിക്കൂറിന് ഏകദേശം 580 രൂപ, അതിനാൽ ഇത് അത്ര വലുതല്ല. മറ്റ് രാജ്യങ്ങളിൽ കുറഞ്ഞ വേതനം നൽകിയാലും, അവിടത്തെ പ്രവാസികൾ ആ രാജ്യങ്ങളിലെ ഇന്ത്യൻ ഭക്ഷണത്തിന് വളരെ വലിയ വില നൽകുന്നുവെന്നും മറ്റൊരു കാഴ്ചക്കാരനെഴുതി. അതേസമയം നിരവധി പേര്‍ എല്ലാം ട്രംപ് തീരുവയുടെ കളിയാണെന്നും കുറിച്ചു.