
യുകെയുടെ ചില ഭാഗങ്ങളിൽ 'ഫോഗ്ബോ'(Fogbow) എന്നറിയപ്പെടുന്ന ഒരു അപൂർവ കാലാവസ്ഥാ പ്രതിഭാസം കണ്ടത് ആളുകളെ ആവേശഭരിതരാക്കിയിരിക്കുകയാണ്. 'വെളുത്ത മഴവില്ല്'(White rainbow) എന്നും അറിയപ്പെടുന്ന ഈ അത്ഭുതകരമായ സംഭവം നോർഫോക്ക്, സഫോൾക്ക്, എസെക്സ് എന്നിവയുടെ ഭാഗങ്ങളിൽ ശനിയാഴ്ച ദൃശ്യമായിരുന്നു എന്ന്, ബിബിസി റിപ്പോർട്ട് ചെയ്തു.
അന്തരീക്ഷത്തിലെ ജലകണികകളിൽ പതിക്കുന്ന പ്രകാശത്തിന് പ്രകീർണ്ണനം സംഭവിക്കുന്നതുമൂലമാണ് സാധാരണ മഴവില്ല് രൂപപ്പെടുന്നത്. എന്നാല്‍, മഴത്തുള്ളികളേക്കാൾ മൂടൽമഞ്ഞിലും മേഘങ്ങളിലുമുള്ള ജലകണങ്ങളാണ് ഫോഗ്‌ബോയുടെ രൂപീകരണത്തിന് കാരണമാകുന്നത്. നിരവധിപ്പേരാണ് അപൂര്‍വമായ ഈ പ്രതിഭാസത്തിന്‍റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.
അന്തരീക്ഷത്തില്‍ ഇതുപോലെ പല പ്രതിഭാസങ്ങളും ഉണ്ടാവുന്നത് പലപ്പോഴും ആളുകളെ ആവേശം കൊള്ളിക്കാറുണ്ട്. നവംബര്‍ മാസത്തിലാണ് ഒരു ഹൈക്കര്‍ താന്‍ മല കയറുന്നതിനിടെ ഒരു പ്രേതത്തെ കണ്ടു എന്ന് ഭയന്നത്. എന്നാല്‍, പിന്നീടാണ് അത് ഒരു പ്രകൃതിപ്രതിഭാസമാണ് എന്ന് മനസിലായത്. 39 -കാരനായ തോമസ് സ്വല്ലോ, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക്റ്റിൽ തന്റെ സുഹൃത്തുക്കളോടൊപ്പം കാൽനടയാത്ര നടത്തുകയായിരുന്നു. അപ്പോള്‍ ഒരു വിചിത്രമായ അനുഭവുമുണ്ടായി എന്നും പ്രേതത്തെ പോലെ എന്തോ കണ്ടുവെന്നും മിറര്‍ അന്ന് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
താൻ അന്ധാളിച്ചുപോയി, എന്നാൽ തന്റെ കണ്ണുകൾ കബളിപ്പിക്കുകയാണെന്ന് മനസ്സിലായി. കാണുന്നത് തന്റെ പ്രതിഫലനം തിരിച്ചുവരുന്നതാണ് എന്നും മനസിലായി എന്നും ഇയാള്‍ പിന്നീട് പറഞ്ഞു. നവംബര്‍ 13 -നാണ് ഈ സംഭവം ഉണ്ടായത്. ലേക് ഡിസ്ട്രിക്റ്റിലെ ഗ്രേറ്റ് എൻഡ് കയറുമ്പോൾ തോമസ് കണ്ടത് ബ്രോക്കൺ സ്‌പെക്റ്റർ അല്ലെങ്കിൽ ബ്രോക്കൺ ബോ എന്നറിയപ്പെടുന്ന ഒരു അപൂർവ ഒപ്റ്റിക്കൽ മിഥ്യയാണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞു.