മസൂദ് അസറിന്റെ സംരക്ഷണം: ചൈന ഇന്ത്യയ്ക്കു മുന്നില്‍ ഒടുവില്‍ മുട്ടുകുത്തിയത് ഇങ്ങനെയാണ്!

By Babu RamachandranFirst Published May 2, 2019, 1:14 PM IST
Highlights

ആര്‍ക്കും വിട്ടുകൊടുക്കാതെ മസൂദ് അസറിനെ സംരക്ഷിച്ചുകൊണ്ട് വല്യേട്ടന്‍ എന്ന നിലയില്‍ പിന്നിലുണ്ടായിരുന്നത് ചൈനയായിരുന്നു. പാകിസ്താന്റെ കണക്കിൽ 'നല്ല തീവ്രവാദി' ആയിരുന്നു അസർ.ഇവരൊക്കെച്ചേർന്നാണ്..

അങ്ങനെ ഒടുവിൽ ജെയ്ഷെ തലവൻ മസൂദ് അസർ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമാണ് തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെ ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്. 

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട്  ഇംഗ്ലണ്ട് ,അമേരിക്ക് , ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍,വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന  ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായിരിന്നില്ല. പുല്‍വാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി.  

ചൈനയുടെ മസൂദ് അസർ പ്രേമത്തിന് പിന്നിലെന്ത്..?

ഇത്രയും കാലം മസൂദ് അസറിനെ ആര്‍ക്കും വിട്ടുകൊടുക്കാതെ സംരക്ഷിച്ചുകൊണ്ട് വല്യേട്ടന്‍ എന്ന നിലയില്‍ പിന്നിലുണ്ടായിരുന്നത് ചൈനയായിരുന്നു. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. സിന്‍ജിയാങിനെ ബലൂചിസ്ഥാന്‍ പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന 'ചൈന പാക് എക്കോണമിക് കോറിഡോര്‍' (CPEC)  എന്ന വന്‍ പ്രൊജക്ടില്‍ ചൈനയ്ക്കുള്ള സാമ്പത്തിക താത്പര്യം. ആ മേഖലയില്‍ അനിഷ്ടസംഭവങ്ങള്‍ നടക്കാതെ കാക്കുന്നതില്‍  'നല്ല തീവ്രവാദി' ലേബലില്‍ പാകിസ്ഥാന്‍ പരിപാലിച്ചിരുന്ന  മസൂദ് അസറിനുണ്ടായിരുന്ന പങ്ക്. 

എന്നാല്‍ പുല്‍വാമാ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ അന്താരാഷ്ട്രതലത്തില്‍, വിശേഷിച്ച് ഐക്യരാഷ്ട്രസഭയില്‍,  തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിനെ എന്നും വീറ്റോ ചെയ്തുകൊണ്ടിരുന്നത് ചൈന എന്ന ഒരൊറ്റ രാജ്യം മാത്രമായിരുന്നു. അതിനു കാരണമോ, മേല്‍പ്പറഞ്ഞ സ്ഥാപിത താത്പര്യങ്ങളും.

ഇപ്പോള്‍ ശ്രീലങ്കന്‍ ഭീകരാക്രമണം കൂടി കഴിഞ്ഞതോടെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചൈനയ്ക്ക് താങ്ങാവുന്നതിലും അപ്പുറം കടന്നിരിക്കുന്നു. ചൈനക്കെതിരെ  ആഗോളതലത്തില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ചൈന ഇനിയും വഴങ്ങിയില്ലെങ്കില്‍ പ്രമേയം യു എന്‍ രക്ഷാസമതിയില്‍ അവതിരിപ്പിക്കുമെന്ന് ഇംഗ്ലണ്ടും അമേരിക്കയും ഫ്രാന്‍സും മുന്നറിയിപ്പ് നല്‍കി. ഇതോടെ ചൈന കൂടുതല്‍ പ്രതിസന്ധിയിലായി. അതോടൊപ്പം ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ കൂടി ആയപ്പോള്‍ ഒടുവില്‍ ചൈന ഒരു തീരുമാനമെടുത്തേ പറ്റൂ എന്ന അവസ്ഥ സംജാതമായി. 

കഴിഞ്ഞയാഴ്ച ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൈനയിലെത്തി അസ്ഹറിനെതിരെയുള്ള മുഴുവന്‍ തെളിവുകളും കൈമാറി. ഇതോടെ, മസൂദ് അസ്ഹറിനെ അനുകൂലിച്ച് ഇനിയും  മുന്നോട്ട് പോയാല്‍ രാജ്യന്തര തലത്തില്‍ ഒറ്റപ്പെടുമെന്ന് ചൈനക്ക് ബോധ്യമായി. തുടര്‍ന്ന് വിഷയം രക്ഷാ സമിതിക്ക് വിടേണ്ടെന്നും പ്രത്യേക സമിതിയില്‍ തന്നെ ചര്‍ച്ച ചെയ്താല്‍ മതിയെന്നും ചൈന നിലപാടെടുക്കുകയായിരുന്നു. ഇതോടെ സമിതി യോഗം ചേരുകയും അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന തീരുമാനം എടുക്കുകയുമായിരുന്നു.

ആരാണ് ഈ മസൂദ് അസർ ..?

"ബ്രിട്ടനിലേക്ക് ജിഹാദ് ഇറക്കുമതി ചെയ്ത മഹാൻ.." - ബിബിസി 2016  മസൂദ് അസറിനെപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത് മസൂദ് അസറിന്റെ മരണവാർത്തകളാണ്. സ്ഥിരീകരണം പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറെ ആഴ്ചകളായി അസറിന്റെ  ലിവർ കാൻസറിന്റെയും വൃക്ക തകരാറുകളുടെയും  വാർത്തകൾ നിറഞ്ഞു നിന്നിരുന്നു. അതിനു  പിന്നാലെയാണ് ഇപ്പോൾ മാധ്യമങ്ങളിൽ  ഇങ്ങനെയൊരു മരണവർത്തമാനം വന്നു നിറയുന്നത്.  ആരാണീ മസൂദ് അസർ..? 

1968 ജൂലൈ 10ന്  പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് മസൂദ് അസർ ജനിച്ചത്.  അവിടത്തെ ഒരു ഗവണ്മെന്റ് സ്‌കൂളിൽ ഹെഡ് മാഷും ഒപ്പം മതപണ്ഡിതനുമായിരുന്നു അസറിന്റെ അച്ഛൻ. എട്ടാം ക്ലാസ്സിൽ വെച്ചേ മസൂദ് അസർ ഔപചാരിക വിദ്യാഭ്യാസം നിർത്തി. പിന്നീട് മതപഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജാമിയ ഉലൂം ഇസ്‌ലാമിക് സ്‌കൂളിൽ നിന്നും ആലിം ( മതപണ്ഡിതൻ) ആയി. അസർ മതപഠനം നടത്തിയ മദ്രസ്സയ്ക്ക് ഹർക്കത്തുൽ അൻസാർ എന്ന തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവർ അസറിനെ ജിഹാദ് ട്രെയ്‌നിങ്ങിന് റിക്രൂട്ട് ചെയ്തു. വളരെ കഠിനമായ ഒരു കോഴ്സായിരുന്നു അത്.  അവസാന  ഘട്ടം കടന്നു കൂടാൻ അസറിന് കഴിഞ്ഞില്ലെങ്കിലും അപ്പോഴേക്കും അഫ്‌ഗാനിസ്ഥാനിൽ റഷ്യയുമായുള്ള പോരാട്ടങ്ങൾ ശക്തിപ്രാപിച്ചിരുന്നതിനാൽ അസർ അങ്ങോട്ടേക്ക്  നിയോഗിക്കപ്പെട്ടു. അവിടെവെച്ച് ഗുരുതരമായ പരിക്കേൽക്കുന്നതോടെ അസർ തന്റെ മുൻനിരപ്പോരാട്ടങ്ങൾ മതിയാക്കി. ഇനി കായികമായ അഭ്യാസങ്ങൾ വേണ്ട, ബൗദ്ധികമായ പ്രചോദനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം എന്ന് അതോടെ അസർ  തീരുമാനിക്കുന്നു. 

പരിക്കുകളില്‍ നിന്നും മോചിതനായതോടെ അസറിനെ ഹര്‍ക്കത്തുല്‍ അന്‍സാറിന്റെ ബൗദ്ധിക കേന്ദ്രമായ, 'ഡിപ്പാര്‍ട്ടുമെന്റ് ഓഫ് മോട്ടിവേഷനി'ലേക്ക്  നിയമിക്കുന്നു.  അറബിയിലും ഉര്‍ദുവിലും നല്ല ഗ്രാഹ്യമുണ്ടായിരുന്ന അസര്‍ ഹര്‍ക്കത്തുല്‍ സ്വാധീനമുള്ള ഉര്‍ദു മാസിക  സാദ്-എ-മുജാഹിദ്ദീന്‍, അറബിക് മാസിക സാവ് തെ കശ്മീര്‍ എന്നിവയുടെ പത്രാധിപരുമായിരുന്നു. അധികം താമസിയാതെ മസൂദ് ഹര്‍ക്കത്തുല്‍ അന്‍സാറിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെമ്പാടും ചെന്ന് മസൂദ് അസര്‍  പ്രഭാഷണങ്ങള്‍ നടത്തി. അസംതൃപ്തരായ മുസ്ലിം യുവാക്കളുടെ മനസ്സുകളില്‍ തീവ്രവാദത്തിന്റെയും പാന്‍ ഇസ്‌ളാമിസത്തിന്റെയും വിത്തുകള്‍ വിതയ്ക്കാനും അവരെ ഹര്‍ക്കത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു ആ സന്ദര്‍ശനങ്ങളുടെ ലക്ഷ്യം. സൊമാലിയയില്‍ ചെന്ന് അവിടത്തെ അല്‍ ക്വയ്ദാ സ്വാധീനമുള്ള അല്‍ ഇത്തിഹാദ് അല്‍ ഇസ്ലാമിയ എന്ന സംഘടനയ്ക്ക് വേണ്ട ആളും മൂലധനവും ആദര്‍ശങ്ങളും ഒക്കെ കൊടുത്ത് അതിനെ വളര്‍ത്തിയെടുത്തത് മസൂദ് അസര്‍ ആയിരുന്നു. 

1993 -ലാണ് അസര്‍ ആദ്യമായി ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നത്. 'പ്രഭാഷണം - ഫണ്ട് ശേഖരണം - ആളെ എടുക്കല്‍' ഇതായിരുന്നു ഇവിടെയും അജണ്ട. അന്നുവരെ ബ്രിട്ടനില്‍ സമാധാനപരമായി ഇസ്ലാം മതം പ്രചരിപ്പിക്കുകയും അനുചരിക്കുകയും ചെയ്തിരുന്ന ദാറുല്‍ ഉലൂം ബറി സെമിനാരി, സക്കറിയാ മോസ്‌ക്, മദിനാ മസ്ജിദ്,  ജാമിയാ മസ്ജിദ് എന്നിവിടങ്ങളിലെല്ലാം പലവട്ടം ചെന്ന് പ്രഭാഷണങ്ങള്‍ നടത്തി അവിടെ വന്നുപോയ്‌ക്കൊണ്ടിരുന്ന യുവാക്കളുടെ മനസ്സുകളില്‍ വിഘടനവാദത്തിന്റെയും അക്രമത്തിന്റെയും വിത്തുകള്‍ വിതച്ചു. അസര്‍ അക്കാലത്ത് നടത്തിയ പ്രസംഗങ്ങളാണ് പില്‍ക്കാലത്ത് ബ്രിട്ടനില്‍ നടന്ന പല തീവ്രവാദാക്രമണങ്ങളുടെയും തുടക്കം. 

അസര്‍ ഇന്ത്യയ്ക്ക് നേരെ തിരിയുന്നതെപ്പോൾ 

മസൂദ് അസര്‍ തന്റെ ശ്രദ്ധ ബ്രിട്ടനില്‍ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന തൊണ്ണൂറുകളിലാണ് ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപെടുന്നതും, അതേത്തുടര്‍ന്നുണ്ടായ പല ലഹളകളിലായി നിരവധി മുസ്ലിങ്ങള്‍ ഇരയാക്കപ്പെടുന്നതും. അതോടെ മസൂദ് അസര്‍ തന്റെ കര്‍മ്മമണ്ഡലം ഇന്ത്യയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 1994  ഫെബ്രുവരിയിലാണ് മസൂദ് അസര്‍ ഒരു കള്ളപ്പേരില്‍ പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടും കൊണ്ട് കാശ്മീരിലെത്തുന്നത്. സജ്ജാദ് അഫ്ഗാനി എന്ന മറ്റൊരു ഭീകരവാദിയുടെ ഒപ്പം ഓട്ടോറിക്ഷയില്‍ കേറി പോവുന്നതിനിടെ ഒരു ആര്‍മി ചെക്ക് പോയന്റില്‍ വെച്ചാണ് അവരെ ആദ്യമായി ഇന്ത്യന്‍ പട്ടാളം തടുക്കുന്നത്. പട്ടാളക്കാരെ കണ്ടപ്പോള്‍ തന്നെ പേടിച്ച് ഇറങ്ങിയോടി രണ്ടുപേരും. പട്ടാളക്കാര്‍ രണ്ടുപേരെയും ഓടിച്ചിട്ടു പിടിച്ചു. പിടിച്ച ഉടന്‍ കിട്ടിയ, കരണം പുകയുന്ന ആദ്യത്തെ ഒരടിയില്‍ തന്നെ ആ ജവാനുമുന്നില്‍ എല്ലാ സത്യങ്ങളും തുറന്നുപറഞ്ഞു അന്ന് അസര്‍. 

അസര്‍ തടങ്കലിലായതോടെ ഹര്‍ക്കത്തുല്‍ അന്‍സാറിന്റെ റിക്രൂട്ട്‌മെന്റുകള്‍ ഒക്കെ നിലച്ചു. അങ്കലാപ്പിലായ അവര്‍ മസൂദിനെ എങ്ങനെയും രക്ഷപ്പെടുത്താന്‍ വേണ്ടി ഒന്നിനുപിന്നാലെ പല പരിശ്രമങ്ങളും നടത്തി. അകത്തായി പത്തുമാസത്തിനകം ആദ്യ ശ്രമം.  ദില്ലിയില്‍ നിന്നും ചില  വിദേശ ടൂറിസ്റ്റുകളെ  തട്ടിക്കൊണ്ടു  പോയ്‌ക്കൊണ്ടായിരുന്നു. പാളിപ്പോയ ആ ശ്രമത്തിലാണ്  ഒമര്‍ ഷേക്ക് എന്ന തീവ്രവാദി അകത്താവുന്നത്. മസൂദ് അസറിനൊപ്പം 1999 -ല്‍ കാണ്ഡഹാറില്‍ വിട്ടയക്കപ്പെട്ട, പിന്നീട് ഡാനിയല്‍ പേളിനെ കഴുത്തറുത്തു കൊന്ന അതേ ഒമര്‍ ഷേക്ക് തന്നെ. അധികം താമസിയാതെ  അടുത്ത ശ്രമം. 1995 ജൂലൈയില്‍ ഹര്‍ക്കത്തുല്‍ അന്‍സാറിന്റെ ഒരു പ്രാദേശിക പതിപ്പായിരുന്ന അല്‍ ഫറാന്‍ എന്ന തീവ്രവാദി ഗ്രൂപ്പ് അഞ്ചു വിദേശ ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടുപോയി. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഒമര്‍ ഷേക്കിനെയും മസൂദ് അസറിനെയും വിട്ടയക്കണം എന്നവര്‍ ആവശ്യപ്പെട്ടു. അതും വിജയം കണ്ടില്ല. എങ്ങനെയും അസറിനെ മോചിപ്പിക്കാന്‍ അവര്‍ വീണ്ടും ശ്രമിച്ചു. അസറിനെ പാര്‍പ്പിച്ച കോട്ട് ബിലാവല്‍ ജയിലിലേക്ക് ഒരു തുരങ്കമുണ്ടാക്കി അതിലൂടെ  അസറിനെ പുറത്തുചാടിക്കാന്‍ വരെ അന്ന് ശ്രമങ്ങള്‍  നടന്നു. അസറിന്റെ 'അധികം മേലനങ്ങാന്‍ വയ്യാത്ത' ശരീര പ്രകൃതം കൊണ്ട് അന്ന് തുരങ്കത്തിലൂടെ ഇഴഞ്ഞു രക്ഷപ്പെടലൊന്നും നടന്നില്ല.   

ഇങ്ങനെ പലവിധം പരിശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ട് ഒടുവില്‍ 1999 -ല്‍ അവര്‍ എയര്‍ ഇന്ത്യയുടെ  IC 814 വിമാനം തട്ടിക്കൊണ്ടുപോയി. വിമാനം കാണ്ഡഹാറില്‍ കൊണ്ടു ചെന്നിറക്കി, 155 യാത്രക്കാരെ ബന്ദികളാക്കി. അന്ന് അവരുടെ മോചനത്തിന് പകരം മസൂദ് അസര്‍, ഒമര്‍ ഷേക്ക്, മുഷ്താഖ് അഹ്മദ് സര്‍ഗര്‍ എന്നിവരെ ഇന്ത്യക്ക് വിട്ടയക്കേണ്ടി വന്നു. കാണ്ഡഹാറില്‍ നിന്നും മസൂദ് അസര്‍ നേരെ പോയത് പാകിസ്താനിലേക്കായിരുന്നു. അവിടെ പ്രത്യേകിച്ച് ഒരു കുറ്റവും അദ്ദേഹത്തിനെതിരെ ചാര്‍ത്തപ്പെട്ടിരുന്നില്ല.  അന്ന് കറാച്ചിയില്‍ ഹര്‍ക്കത്തുല്‍  സംഘടിപ്പിച്ച സ്വീകരണത്തില്‍ മസൂദ് അസര്‍ പതിനായിരത്തോളം വരുന്ന ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്, 'ഇനി എന്റെ ലക്ഷ്യം ഇന്ത്യയുടെ നാശമാണ്' എന്നായിരുന്നു. അവിടെ നിന്നാണ് ജെയ്ഷ്-എ-മുഹമ്മദ് എന്ന കുപ്രസിദ്ധമായ തീവ്രവാദ സംഘടനയുടെ പിറവി. ദൈവത്തിന്റെ സൈനികര്‍ എന്ന് തന്റെ അനുയായികളെ പറഞ്ഞു വിശ്വസിപ്പിച്ച്, 'ഫിദായീന്‍' എന്നൊരു ചാവേര്‍പ്പട തന്നെ അസര്‍ ഉണ്ടാക്കിയെടുത്തു. 


2000 -ല്‍  ജെയ്ഷിന്റെ ഇന്ത്യയിലെ ആദ്യത്തെ ആക്രമണം. ശ്രീനഗറിലെ ബദാമിബാഗ് കന്റോണ്‍മെന്റ് ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തില്‍ അവര്‍ ഒരു ചാവേറാക്രമണം നടത്തി. അതില്‍ രണ്ടു പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.  അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട്ട്  2001 -ലെ പാര്‍ലമെന്റ് ആക്രമണം, പത്താന്‍ കോട്ട് എയര്‍ഫോഴ്‌സ് ആസ്ഥാനം ആക്രമണം, ജമ്മുവിലെയും ഉറിയിലെയും ആര്‍മി ക്യാമ്പുകളിലെ ആക്രമണം, ഇതാ ഇപ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒരു യുദ്ധത്തിന്റെ വക്കുവരെ എത്തിച്ചിരിക്കുന്ന പുല്‍വാമയിലെ നാല്‍പതു സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ചാവേറാക്രമണം വരെ എത്രയോ ആക്രമണങ്ങള്‍. എല്ലാറ്റിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച മസ്തിഷ്‌കം ഒന്നുതന്നെ. മൗലാന എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മസൂദ് അസര്‍. 

 
പാകിസ്ഥാനും അസറും തമ്മിലെന്ത്..?

പാകിസ്താന്റെ തന്ത്രങ്ങള്‍ അതിലും വിചിത്രമാണ്. ഭീകരവാദ സംഘടനകളെ പാകിസ്ഥാന്‍ രണ്ടായി തിരിച്ചിട്ടുണ്ട്. നല്ല തീവ്രവാദികളും, ചീത്ത തീവ്രവാദികളും.  ജെയ്ഷ്-എ-മുഹമ്മദ് പോലെയുള്ള തീവ്രവാദ സംഘടനകളെ പാകിസ്ഥാന്‍ കശ്മീരിന്റെ വിമോചനത്തിനായി പോരാടുന്ന സ്വാതന്ത്ര്യ സമര സേനാനികളായാണ് പാകിസ്ഥാന്‍ ചിത്രീകരിക്കുന്നത്. അവര്‍ കാശ്മീരില്‍ നടത്തുന്ന വിഘടനവാദപ്രവര്‍ത്തനങ്ങളെ ജിഹാദായും. ലോകത്തിനു മുന്നില്‍ ഒരു പ്രഹസനമെന്നോണം  പാക് ഇന്റലിജന്‍സിന്  അടിച്ചമര്‍ത്താനായി കുറച്ച് ചീത്ത തീവ്രവാദികളും ഉണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് ചീത്ത തീവ്രവാദം ഉടലെടുക്കുന്നതെന്നും അവര്‍ വാദിച്ചു. കശ്മീരിലെ മുസ്ലിം ജനതയെ അടിച്ചമര്‍ത്തുന്നു എന്നാരോപിച്ച്  ഇന്ത്യപോലുള്ള രാഷ്ട്രങ്ങള്‍ക്കെതിരെ അവരിലൂടെ ലിസ്റ്റിലെ 'നല്ല' ഭീകരവാദികളെ അവര്‍ ആളും അര്‍ത്ഥവും നല്‍കി പിന്തുണച്ചു കൊണ്ടിരുന്നു. പാകിസ്ഥാന്റെ ഗുഡ് ബുക്‌സിലായിരുന്നു എന്നും മസൂദ് അസറിന്റെ സ്ഥാനം.  
 
ഇപ്പോള്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസറിന്റെ ആസ്തികള്‍ പാകിസ്ഥാന് മരവിപ്പിക്കേണ്ടി വരും. അസറിനെതിരെ യാത്രാ വിലക്ക്, ആയുധ ഇടപാട് തടയല്‍ എന്നീ നടപടികളും എടുക്കേണ്ടി വരും. പുല്‍വാമ ഭീകരാക്രണത്തില്‍ ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിഗണിച്ച് അസറിനെ പാകിസ്ഥാന്‍ ജയിലില്‍ അടയ്ക്കുമോയെന്നതാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.

 
click me!