
ഓരോ ദിവസവും നിരവധിക്കണക്കിന് വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതിൽ തന്നെ കാണുമ്പോൾ അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്ന വീഡിയോകളും ഉണ്ട്. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. യുപിയിലെ ആഗ്രയിൽ നിന്നുള്ള ഒരു യുവതി ചൂൽ വച്ച് വാച്ച്‍മാനെ മർദ്ദിക്കുന്നതായിരുന്നു വീഡിയോ.
കെട്ടിടത്തിന്റെ ലിഫ്റ്റ് പ്രവർത്തിക്കാത്തതിനെ തുടർന്നാണ് യുവതി ഇയാളെ മർദ്ദിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുവതി ഇയാളെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചത്. വാച്ച്‍മാൻ സിക്കന്ദ്ര പൊലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ പരാതി നൽകിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
അൽപ്പനേരം ഉറങ്ങണം, കുഞ്ഞിനുള്ള ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി, കുട്ടി മരിച്ചു, അമ്മ അറസ്റ്റിൽ
വീഡിയോയിൽ സ്ത്രീ വാച്ച്‍മാനെ ചൂൽ വച്ച് അടിക്കുന്നതും ഇവരുടെ മകൻ വാച്ച്‍മാനെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം. സിക്കന്ദ്രയിലെ റെയിൻബോ അപ്പാർട്ട്‌മെന്റിലെ സി-8 -ൽ താമസിക്കുന്ന അനിൽ ശർമയുടെ ഭാര്യ അനിതയും മകൻ പ്രൻഷുവും ആണ് തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് എന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച്‍മാൻ ജഗദീഷ് പ്രസാദ് തിവാരി പരാതിയിൽ പറയുന്നു. ലിഫ്റ്റ് പ്രവർത്തിക്കാത്തതു കൊണ്ടാണ് തന്നെ ഇവർ അക്രമിച്ചത് എന്നും പരാതിയിൽ പറയുന്നുണ്ട്.
താൻ എന്തുകൊണ്ടാണ് ലിഫ്റ്റ് പ്രവർത്തിക്കാത്തത് എന്ന് വിശദീകരിക്കാൻ ശ്രമിച്ചു എങ്കിലും ആ സമയത്ത് പ്രൻഷു തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും തിവാരി പരാതിയിൽ പറയുന്നു. പിന്നാലെ അനിത ചൂലും കൊണ്ട് ഇയാളെ മർദ്ദിക്കാനും ആരംഭിച്ചു. ബഹളം കേട്ട് അപാർട്‍മെന്റിലെ മറ്റ് താമസക്കാരും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ ഒരു സ്ത്രീ അനിതയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഏതായാലും വളരെ വേഗത്തിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.