
ഒമ്പത് മാസം പ്രായമായ കുഞ്ഞിനുള്ള ബേബി ഫുഡ്ഡിൽ ഫെന്റനൈൽ കലർത്തി അമ്മ. ഇത് കഴിച്ച കുഞ്ഞ് മരിച്ചു. ഫ്ലോറിഡയിലാണ് അതിദാരുണമായ സംഭവം നടന്നത്. അമ്മ അൽപനേരം ഉറങ്ങാൻ വേണ്ടിയാണത്രെ കുഞ്ഞിനുള്ള ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്തത്.
റിപ്പോർട്ട് അനുസരിച്ച്, അധികൃതർ സ്ഥലത്തെത്തിയപ്പോൾ കുഞ്ഞ് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഉടനെ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ ശരീരത്തിൽ അപകടകരമാം വിധം ഉയർന്ന അളവിൽ ഫെന്റനൈൽ കണ്ടെത്തിയത്. 10 മുതിർന്ന വ്യക്തികളുടെ മരണത്തിന് കാരണമായേക്കാവുന്ന അത്രയും ഉയർന്ന അളവിൽ കുട്ടിയുടെ ശരീരത്തിൽ മയക്കുമരുന്ന് കടന്നിരുന്നു എന്നും കണ്ടെത്തി.
ആദ്യം പൊലീസ് ചോദ്യം ചെയ്യവേ കുട്ടിയുടെ അമ്മയായ 17 -കാരി പറഞ്ഞത് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ല എന്നായിരുന്നു. മൊഴിയിലെ പൊരുത്തക്കേടുകളെ തുടർന്ന് ആവർത്തിച്ച് ചോദ്യം ചെയ്തു കൊണ്ടേയിരിക്കുകയായിരുന്നു. ഒടുവിൽ അവൾ കുറ്റം സമ്മതിച്ചു. പ്രദേശിക നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് മരിച്ച കുട്ടിയുടേയോ കൊലപ്പെടുത്തിയ അമ്മയുടേയോ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല എന്നും പൊലീസ് പറയുന്നു.
സംഭവം നടന്ന ദിവസം താൻ വളരെ അധികം ക്ഷീണിതയായിരുന്നു. എങ്ങനെയെങ്കിലും കുറച്ച് നേരം ഉറങ്ങണം എന്നേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് കുഞ്ഞിനുള്ള ബേബി ഫുഡ്ഡിൽ മയക്കുമരുന്ന് കലർത്തിയത് എന്നായിരുന്നു ഒടുവിൽ അമ്മയുടെ കുറ്റസമ്മതം. കൊക്കെയ്‍ൻ ആണെന്ന് കരുതിയാണ് കലർത്തിയത്. പിന്നീടാണ് അത് ഒറിജിനൽ ഫെന്റനൈൽ ആണെന്ന് മനസിലായത് എന്നും 17 -കാരി പറഞ്ഞു. കൊലക്കുറ്റം അടക്കം വിവിധ കുറ്റങ്ങൾ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്.