5മാസങ്ങള്‍‍ക്കുമുമ്പ് കാണാതായ സ്ത്രീയെ കണ്ടെത്തി, ജീവന്‍ നിലനിര്‍ത്തിയത് പുല്ല് തിന്നും പുഴവെള്ളം കുടിച്ചും

By Web TeamFirst Published May 6, 2021, 3:02 PM IST
Highlights

അവരുടെ കയ്യില്‍ വളരെ കുറച്ച് മാത്രമേ ഭക്ഷണം ഉണ്ടായിരുന്നുള്ളൂ. പുല്ലും പായലും കഴിച്ചും അടുത്തുള്ള നദിയില്‍ നിന്നുള്ള വെള്ളം കുടിച്ചുമാണ് താന്‍ നിലനിൽക്കാൻ ശ്രമിച്ചതെന്ന് എസ്‌എആർ ഉദ്യോഗസ്ഥരോട് അവര്‍ പറഞ്ഞുവത്രെ. 

യൂട്ടായിൽ മാസങ്ങള്‍ക്ക് മുമ്പ് കാണാതായ സ്ത്രീ ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. ഇവരെ കഴിഞ്ഞ നവംബര്‍ മുതലാണ് കാണാതായത്. ഒരു കാമ്പ്‍സൈറ്റിലെ കൂടാരത്തിലാണ് ഇവരെ ഇപ്പോൾ ജീവനോടെ കണ്ടെത്തിയിരിക്കുന്നത്. ഒരു മലയിടുക്കിലാണ് പ്രസ്‍തുത സ്ഥലം. കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇവര്‍ ജീവിക്കുന്നത് ഈ ടെന്റിലാണ്. ജീവന്‍ നിലനിര്‍ത്തുന്നതോ പുല്ലും പായലും കഴിച്ചും അടുത്തുള്ള നദിയില്‍ നിന്നുള്ള വെള്ളം കുടിച്ചും. 

നവംബർ 25 -നാണ് 47 -കാരിയായ യുവതിയെ കാണാതായത്. സാൾട്ട് ലേക്ക് സിറ്റിയുടെ 80 കിലോമീറ്റർ തെക്ക് കിഴക്കായി ട്രയൽഹെഡ് പാർക്കിംഗ് സ്ഥലത്ത് കാർ ഉപേക്ഷിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്  ഇവരെ കാണാതായതായി യുഎസ് ഫോറസ്റ്റ് സർവീസ് ജീവനക്കാർ സംശയിച്ചത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ ഡിറ്റക്ടീവുകളും സെര്‍ച്ച് ആന്‍ഡ് റെസ്‍ക്യൂ സംഘവം പരിസരത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. 

യൂട്ടയിലെ കണ്‍ട്രി ഷെരീഫ് ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് പ്രദേശത്ത് നടത്തിയ ഏരിയല്‍ സെര്‍ച്ചിനിടെയാണ് അധികൃതർ അവരെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അവർ ജീവിച്ചിരിപ്പുണ്ടെന്നതിന് എന്തെങ്കിലും തെളിവുകൾ കണ്ടെത്താമെന്ന പ്രതീക്ഷയിൽ സന്നദ്ധപ്രവർത്തകരും തെരച്ചില്‍ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. തിരച്ചിലിനിടെ തകർന്ന ഡ്രോൺ തിരയുന്നതിനിടെയാണ്, സർജന്റും ഡ്രോൺ പൈലറ്റും ഇവർ താമസിച്ചിരുന്ന കൂടാരം കാണുന്നത്. അവര്‍ അടുത്തെത്തിപ്പോള്‍ സ്ത്രീ കൂടാരം തുറക്കുകയായിരുന്നു. 

“2020 നവംബർ മുതലുള്ള മാസങ്ങളിൽ അവർ സ്വമേധയാ ഈ പ്രദേശത്ത് തുടരാൻ തീരുമാനിച്ചതാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു” ഷെരീഫിന്റെ ഓഫീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. അവരുടെ കയ്യില്‍ വളരെ കുറച്ച് മാത്രമേ ഭക്ഷണം ഉണ്ടായിരുന്നുള്ളൂ. പുല്ലും പായലും കഴിച്ചും അടുത്തുള്ള നദിയില്‍ നിന്നുള്ള വെള്ളം കുടിച്ചുമാണ് താന്‍ നിലനിൽക്കാൻ ശ്രമിച്ചതെന്ന് എസ്‌എആർ ഉദ്യോഗസ്ഥരോട് അവര്‍ പറഞ്ഞുവത്രെ. 

ബലഹീനതയും ഭാരക്കുറവും കൂടാതെ സ്ത്രീക്ക് ശാരീരികമായി പരിക്കുകളൊന്നുമില്ലെന്ന് യൂട്ടാ കൗണ്ടി ഷെരീഫ് കാനോൺ പറഞ്ഞു. ഇത്രയും കാലം ആ കഠിനമായ ജീവിതത്തിലൂടെ അതിജീവിച്ചതിലും അവരെ ജീവനോടെ കണ്ടെത്താനായതിലും സന്തോഷമുണ്ട് എന്നും കാനോണ്‍ ലോക്കല്‍ സ്റ്റേഷന്‍ കെഎസ്എല്‍ ടിവി -യോട് പറഞ്ഞു. കണ്ടെത്തിയ ഉടനെ പരിശോധനക്കായി സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസ്‍താവന അനുസരിച്ച് അവരെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ അവള്‍ക്ക് മാനസികാരോഗ്യത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് കണ്ടെത്തി. 

'ഒരുകാര്യം വ്യക്തമാക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഈ സ്ത്രീ ജീവിച്ചതുപോലെ ഒരു സാഹചര്യത്തില്‍ ജീവിക്കാന്‍ ഭൂരിഭാഗം പേരും തീരുമാനിക്കില്ല. എന്നാല്‍, ആ സ്ത്രീ നിയമവിരുദ്ധമായി ഒന്നും ചെയ്‍തിട്ടില്ല. ഭാവിയില്‍ അവര്‍ അതേ സ്ഥലത്തേക്ക് തന്നെ തിരികെ പോകാന്‍ തീരുമാനിച്ചേക്കാം. അതിനാവശ്യമുള്ള വിഭവങ്ങള്‍ വേണമെന്ന് അവർ കരുതുകയാണ് എങ്കില്‍ അത് ലഭ്യമാക്കാനാവണം എന്നും പ്രസ്‍താവനയില്‍ പറയുന്നു.' 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!