നായയെ അയൽവാസി വിഷം വച്ചുകൊന്നു, ജോലി പോലും രാജിവച്ച് നിയമപഠനം, 3 വർഷം യുവതിയുടെ പോരാട്ടം

Published : Apr 05, 2026, 03:36 PM IST
Dog

Synopsis

അയൽവാസി നായയെ വിഷം നൽകി കൊന്നു. തന്റെ പ്രിയപ്പെട്ട നായയ്ക്ക് നീതി ലഭിക്കാൻ വേണ്ടി ജോലി ഉപേക്ഷിച്ച് നിയമം പഠിച്ച് പോരാടി ചൈനീസ് യുവതി.

നായയേയും പൂച്ചയേയും സ്വന്തം മക്കളെ പോലെ കാണുന്ന ഒരുപാടുപേരുണ്ട്. അങ്ങനെയുള്ള തന്റെ പ്രിയപ്പെട്ട നായയെ ആരെങ്കിലും വിഷം നൽകി കൊന്നാലോ? അങ്ങനെ കൊന്ന അയൽവാസിക്കെതിരെ നിയമപോരാട്ടത്തിനിറങ്ങിയ ഒരു യുവതിയുടെ കഥയാണ് ഇത്. ചൈനയിലെ ബെയ്ജിംഗ് സ്വദേശിയായ ലി യിഹാൻ തന്റെ നായയ്ക്ക് നീതി തേടിയുള്ള യാത്രയ്ക്കായി ജോലിയും സ്വകാര്യ ജീവിതവും മാറ്റിവെച്ചു. 2022-ലാണ് ലി യിഹാന്റെ പാപ്പി എന്ന 13 വയസ്സുള്ള നായയെ അയൽവാസി കൊല്ലുന്നത്. ബെയ്ജിംഗിലെ ഒരു പാർക്കിൽ വെച്ച് ചിക്കൻ കഷ്ണങ്ങളിൽ സോഡിയം ഫ്ലൂറോഅസറ്റേറ്റ് എന്ന വിഷം കലർത്തി നൽകിയാണ് നായയെ കൊന്നത്. അന്ന് പാപ്പിയെ കൂടാതെ മറ്റ് പത്ത് നായ്ക്കൾ കൂടി വിഷബാധയേൽക്കുകയും അതിൽ ഒൻപതെണ്ണത്തിനും ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അയൽവാസിയായ സാങ് എന്ന 65 -കാരനാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്.

ചൈനയിൽ മൃഗസംരക്ഷണത്തിനായി ശക്തമായ നിയമങ്ങൾ ഇല്ലാത്തതിനാൽ തന്നെ ലിയുടെ പോരാട്ടം വെല്ലുവിളി നിറ‍ഞ്ഞതായിരുന്നു. എന്നാൽ, പാപ്പിയെ സ്വന്തം മകനെപ്പോലെ കണ്ടിരുന്ന ലി പിൻമാറാൻ തയ്യാറായില്ല. പോരാട്ടത്തിനായി അവൾ തന്റെ ജോലി രാജിവെച്ചു. മൂന്ന് വർഷത്തോളം എല്ലാത്തിൽ നിന്നും വിട്ടുനിന്നു. സിവിൽ കോഡ്, ക്രിമിനൽ നിയമം എന്നിവ സ്വയം പഠിക്കുകയും കേസിനായി തയ്യാറെടുക്കുകയും ചെയ്തു. സ്വന്തം കേസിന് പുറമെ, മറ്റ് 10 നായകൾക്ക് വേണ്ടിയും കോടതിയിൽ വാദിച്ചത് ലി തന്നെയാണ്.

അങ്ങനെ, 2025 ഡിസംബറിൽ കോടതിവിധി വന്നു. അപകടകരമായ വസ്തു കൈവശം വെച്ച കുറ്റത്തിന് പ്രതിയായ സാങ്ങിന് നാല് വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. വളർത്തുമൃഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട കേസുകളിൽ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണിതെന്ന് ലി പറയുന്നു. അതേസമയം നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ താൻ ഒരുപാട് അനുഭവിച്ചുവെന്ന് ലി പറയുന്നു. ആളുകൾ തന്നെ സൈബർ അക്രമണത്തിനിരയാക്കി. തന്റെ സ്വകാര്യവിവരങ്ങൾ പരസ്യപ്പെടുത്തി. എന്നാലും താൻ ചെയ്തത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാകുമെന്നാണ് കരുതുന്നത് എന്നും ലി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഭാര്യയെ പിരിച്ചുവിട്ടതിന്റെ ദേഷ്യം, സലൂൺ ഉടമയെ കൂട്ടാളികളുമായെത്തി മർദ്ദിച്ച് ഭർത്താവ്, സിസിടിവി ദൃശ്യങ്ങൾ വൈറൽ
ഫ്രാൻസിലെ ഉപരിപഠനം, വിദ്യാർത്ഥിനിക്ക് വന്ന ചിലവ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, വൈറലായി വീഡിയോ