'കന്യകനായിരിക്കണം, സ്ത്രീ സുഹൃത്തുക്കൾ വേണ്ട പക്ഷേ, സ്ത്രീ വിരുദ്ധനാകരുത്'; യുവതിയുടെ വിവാഹ മാനദണ്ഡങ്ങൾ വൈറൽ, പിന്നാലെ ചർച്ച

Published : Jul 02, 2026, 05:54 PM IST
Representative image

Synopsis

വിവാഹ പങ്കാളിയെ കണ്ടെത്താനായി ഒരു യുവതി മുന്നോട്ടുവെച്ച കఠിനമായ നിബന്ധനകളുടെ പട്ടിക സോഷ്യൽ മീഡിയയിൽ വൈറലായി. കന്യകനായ പുരുഷൻ, ഉയർന്ന ശമ്പളം, സ്ത്രീ സുഹൃത്തുക്കൾ പാടില്ല തുടങ്ങിയ ആവശ്യങ്ങൾ ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു.

 

വിവാഹ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനായി ഒരു യുവതി മുന്നോട്ടുവെച്ച നിബന്ധനകളുടെ പട്ടിക സമൂഹ മാധ്യമങ്ങളിൽ വൈറലായി. കന്യകനായ ഒരു പുരുഷനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നാണ് യുവതി വ്യക്തമാക്കിയത്. അവിടെ കൊണ്ട് തീരുന്നില്ല, ഇതോടൊപ്പം പുകവലിയും മദ്യപാനവും ഇല്ലാത്തതും, സാമ്പത്തികമായി സ്ഥിരതയുള്ളതും, നല്ല സ്വഭാവവും കുടുംബമൂല്യങ്ങളും പുലർത്തുന്നതും സ്ത്രീ സുഹൃത്തുക്കൾ ഇല്ലാത്തതുമായ വ്യക്തിയായിരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

'സ്ത്രീ വിരുദ്ധനാകരുത്, പക്ഷേ, സ്ത്രീ സുഹൃത്തുക്കളും പാടില്ല'

വേദിക എന്ന എക്സ് ഹാന്‍റിലിൽ നിന്നാണ് താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങൾ എന്തൊക്കെയാണെന്ന് അക്കമിട്ട് അറിയിച്ചത്. കന്യകൻ ആയിരിക്കണമെന്നതാണ് പ്രധാന നിബന്ധന. മറ്റ് നിബന്ധനകൾ ഇങ്ങനെയാണ്. "പ്രതിമാസം കുറഞ്ഞത് 2 ലക്ഷം രൂപ സമ്പാദിക്കണം. സ്വാഭാവികമായും സുന്ദരനായിരിക്കണം. 6'0 ഇഞ്ച് തികഞ്ഞ ഉയരമായിരിക്കണം. പാചകം അറിയണം. സ്ത്രീവിരുദ്ധതനായിരിക്കരുത്. സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല. സ്ത്രീ സുഹൃത്തുക്കളും ഉണ്ടാകരുത്. എവിടെയ്ക്കെങ്കിലും പോകുന്നതിന് മുമ്പ് തന്നോട് അനുവാദം ചോദിക്കണം. ത്സമയ ലൊക്കേഷൻ 24×7 പങ്കിടണം. എന്നെ വിദേശ യാത്രകൾക്ക് കൊണ്ടുപോകണം. ഇത്രയും പ്രത്യേകതകളുള്ള ഒരു പുരുഷനെ ഞാൻ എവിടെ കണ്ടെത്തും?" എന്നും യുവതി ചോദിക്കുന്നു.

 

 

യുവതി പങ്കുവെച്ച ഈ വിവാഹ 'ചെക്ക്ലിസ്റ്റ്' സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ ഓരോ വ്യക്തിക്കും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും മുൻഗണനകളും തുറന്നു പറയാനുള്ള അവകാശമുണ്ടെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മറ്റൊരു വിഭാഗം ഉപയോക്താക്കൾ യുവതിയുടെ നിബന്ധനകളെ വിമർശിച്ചു. എല്ലാ മാനദണ്ഡങ്ങളും ഒരുമിച്ച് പാലിക്കുന്ന ഒരാളെ കണ്ടെത്തുക പ്രായോഗികമായി വളരെ ബുദ്ധിമുട്ടാണെന്നും ചിലർ അഭിപ്രായപ്പെട്ടു. "നിങ്ങൾ അന്വേഷിക്കുന്നത് മനുഷ്യനെയല്ല, മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള ആളെയാണോ?" എന്ന തരത്തിലുള്ള പരിഹാസ കുറിപ്പുകളും വൈറൽ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ് പിന്നീട് കൂടുതൽ ശ്രദ്ധ നേടിയത്.

ച‍ർച്ചയായി പോസ്റ്റ്

വിവാഹവുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രതീക്ഷകളും സാമൂഹിക കാഴ്ചപ്പാടുകളും വീണ്ടും ചർച്ചയാക്കാൻ ഈ വൈറൽ പോസ്റ്റിന് കഴിഞ്ഞു. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ വ്യക്തിഗത മാനദണ്ഡങ്ങൾക്ക് എത്രത്തോളം പ്രാധാന്യം നൽകണം, അതേസമയം യാഥാർഥ്യബോധവും പരസ്പര ബഹുമാനവും എത്രമാത്രം നിർണായകമാണെന്ന ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഇത്തരം പോസ്റ്റുകൾ പലപ്പോഴും വലിയ സംവാദങ്ങൾക്ക് വഴിവെക്കാറുണ്ട്. ഈ സംഭവവും വിവാഹം, വ്യക്തിസ്വാതന്ത്ര്യം, പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ വീണ്ടും സജീവമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

'ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല'; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം
ലക്ഷങ്ങളുടെ കോർപ്പറേറ്റ് ജോലി വേണ്ടെന്നുവെച്ചു; 33 -ാം വയസ്സിൽ വെയ്‌ട്രസ്സായി, ആരോ​ഗ്യപ്രശ്നങ്ങൾ അപ്രത്യക്ഷമായെന്ന് യുവതി