ഗണിത ലോകത്തെ വിസ്‍മയം: റീമാൻ ഹൈപ്പോത്തസിസിന് പരിഹാരമോ?

Published : Nov 23, 2026, 10:43 PM IST
Claude AI for Missile Development

Synopsis

167 വർഷമായി ഉത്തരം തേടുന്ന റീമാൻ ഹൈപ്പോത്തസിസ് ക്ലോഡ് എഐയുടെ സഹായത്തോടെ തെളിയിക്കപ്പെട്ടതായി റിപ്പോർട്ടുകൾ. ലീൻ, മാത്ത്‌ലിബ് സമൂഹങ്ങൾ ഇതിന്റെ കമ്പ്യൂട്ടർ കോഡ് ശരിവച്ചെങ്കിലും മനുഷ്യർക്ക് വായിക്കാവുന്ന രൂപത്തിൽ ഇത് ലഭ്യമായിട്ടില്ല.

ഗണിതശാസ്ത്ര ലോകം 167 വർഷമായി ഉത്തരം തേടുന്ന റീമാൻ ഹൈപ്പോത്തസിസ് (Riemann Hypothesis) ഒടുവിൽ തെളിയിക്കപ്പെട്ടേക്കും. ആന്ത്രോപിക്കിലെ ഗണിതശാസ്ത്രജ്ഞനായ ലെവന്റ് ആൽപ്ഗെ ക്ലോഡ് എഐയുടെ സഹായത്തോടെ തയ്യാറാക്കിയ തെളിവിന് ഗണിതശാസ്ത്ര സമൂഹത്തിന്റെ നിർണായക അംഗീകാരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ലീൻ, മാത്ത്‌ലിബ് എന്നീ ഗണിതശാസ്ത്ര സമൂഹങ്ങൾ തെളിവ് പരിശോധിച്ച് ശരിയാണെന്ന് സ്ഥിരീകരിച്ചതോടെ ഈ കണ്ടെത്തൽ ചരിത്രപ്രാധാന്യം നേടുകയാണ്.

നവംബർ 21ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആൽപ്ഗെയുടെ തെളിവിന്റെ കൃത്യതയിൽ പൂർണ വിശ്വാസമുണ്ടെന്ന് ഇരു സമൂഹങ്ങളും വ്യക്തമാക്കി. നേരത്തെ ക്ലോഡ് എഐയുടെ സഹായത്തോടെ പ്രശ്നം പരിഹരിച്ചതായി ആൽപ്ഗെ അവകാശപ്പെട്ടിരുന്നു. ഇപ്പോൾ കമ്പ്യൂട്ടർ അധിഷ്ഠിത പരിശോധനകൾ കൂടി വിജയിച്ചതോടെ ആ അവകാശവാദത്തിന് കൂടുതൽ വിശ്വാസ്യത ലഭിച്ചിരിക്കുകയാണ്.

17 ദശലക്ഷം വരികളുള്ള തെളിവ് പരിശോധിച്ചു

ഏകദേശം 17 ദശലക്ഷം വരികളുള്ള കോഡ് ഉൾക്കൊള്ളുന്ന ലീൻ ലൈബ്രറിയായാണ് ആൽപ്ഗെ തന്റെ തെളിവ് പുറത്തുവിട്ടത്. ഗണിതശാസ്ത്രത്തിലെ വാദങ്ങൾ ഓരോ ഘട്ടമായും പരിശോധിക്കാൻ സഹായിക്കുന്ന പ്രോഗ്രാമിങ് ഭാഷയും പ്രൂഫ് അസിസ്റ്റന്റുമാണ് ലീൻ.

ആൽപ്ഗെയുടെ തെളിവ് പരിശോധിച്ച ലീൻ, മാത്ത്‌ലിബ് സമൂഹങ്ങൾ പ്രധാനമായും നാല് കാര്യങ്ങളാണ് വിലയിരുത്തിയത്. കോഡിൽ നൽകിയിരിക്കുന്ന പ്രസ്താവന യഥാർഥ റീമാൻ ഹൈപ്പോത്തസിസുമായി പൊരുത്തപ്പെടുന്നുണ്ടോ, കോഡുകൾ പിശകുകളില്ലാതെ പ്രവർത്തിക്കുന്നുണ്ടോ, തെളിയിക്കാൻ ശ്രമിക്കുന്ന സിദ്ധാന്തം മാത്ത്‌ലിബിൽ നിർവചിച്ചിട്ടുള്ള അതേ സിദ്ധാന്തമാണോ, തെളിവിന്റെ ഓരോ ഘട്ടവും യുക്തിപരമായി ശരിയാണോ എന്നിവയാണ് പരിശോധിച്ചത്. ഇതിനായി കംപാരേറ്റർ, കോൺ-ലെഷെ തുടങ്ങിയ സ്വതന്ത്ര പരിശോധനാ സംവിധാനങ്ങളും ഉപയോഗിച്ചു. കൂടാതെ ലീനിന്റെ സ്വന്തം പരിശോധനാ സംവിധാനവും തേർഡ് പാർട്ടികൾ വികസിപ്പിച്ച ഉപകരണങ്ങളും തെളിവ് വിലയിരുത്തി.

എംഐടി ഗണിതശാസ്ത്രജ്ഞരും പരിശോധനയിൽ

എംഐടിയിലെ ഗണിതശാസ്ത്രജ്ഞനായ ആൻഡ്രൂ സതർലൻഡും മറ്റ് ഗവേഷകരും സ്വതന്ത്രമായി വികസിപ്പിച്ച പരിശോധനാ സംവിധാനങ്ങളിലൂടെ തെളിവ് പരിശോധിച്ചു. നാനോഡ, കോൺ-ലെഷെ, ലീൻ4ലീൻ എന്നീ സംവിധാനങ്ങളും തെളിവ് അംഗീകരിച്ചതായാണ് ഏറ്റവും പുതിയ വിവരം. ലീനിന്റെ സ്വന്തം കേർണൽ പരിശോധനയിലും പിഴവുകൾ കണ്ടെത്തിയില്ല. ഇതോടെ സോഫ്റ്റ്‌വെയറിലെ പിഴവുകൾ മൂലമാണ് തെളിവ് ശരിയെന്ന് തോന്നുന്നതെന്ന വാദത്തിനുള്ള സാധ്യതയും ഗണ്യമായി കുറഞ്ഞു.

കമ്പ്യൂട്ടറുകൾക്ക് മനസിലായി, മനുഷ്യർക്ക് എളുപ്പമാകുമോ?

എന്നാൽ ഈ കണ്ടെത്തലിൽ മറ്റൊരു കൗതുകകരമായ വശമുണ്ട്. കമ്പ്യൂട്ടറുകൾ തെളിവിന്റെ കൃത്യത പരിശോധിച്ചെങ്കിലും മനുഷ്യർക്ക് എളുപ്പത്തിൽ വായിച്ചുമനസിലാക്കാൻ കഴിയുന്ന ഗണിതശാസ്ത്ര വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഏകദേശം 175,000 ഫയലുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് തെളിവ്. ഇതിന്റെ വിശദീകരണം 250,000 പേജുകൾക്ക് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ. സാധാരണ ഗണിതശാസ്ത്രജ്ഞർക്ക് വായിച്ച് മനസിലാക്കാൻ കഴിയുന്ന രൂപത്തിൽ തെളിവ് പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് ആൽപ്ഗെ അറിയിച്ചിട്ടുണ്ട്.

ഒരുമില്യൺ ഡോളർ സമ്മാനം ഉടൻ ലഭിക്കില്ല

റീമാൻ ഹൈപ്പോത്തസിസ് തെളിയിച്ചാൽ ലഭിക്കാവുന്ന 1 മില്യൺ ഡോളറിന്റെ മില്ലേനിയം പ്രൈസ് ആൽപ്ഗെയ്ക്ക് ഉടൻ ലഭിക്കില്ല. ക്ലേ മാത്തമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിബന്ധനകൾ പ്രകാരം കണ്ടെത്തൽ അംഗീകൃത ഗണിതശാസ്ത്ര പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിക്കണം. തുടർന്ന് കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ട നിലയിൽ തുടരുകയും ഗണിതശാസ്ത്ര സമൂഹത്തിന്റെ പൊതുവായ അംഗീകാരം നേടുകയും വേണം.

ഗണിതശാസ്ത്രവും നിർമിതബുദ്ധിയും കൈകോർക്കുന്ന പുതിയ കാലഘട്ടത്തിലെ നിർണായക സംഭവമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ക്ലോഡ് എഐ സ്വതന്ത്രമായി കണ്ടെത്തൽ പ്രഖ്യാപിക്കുകയോ അതിന്റെ കൃത്യത സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആൽപ്ഗെയാണ് എഐയുടെ സഹായത്തോടെ തെളിവ് വികസിപ്പിച്ചത്. അതിന്റെ ഗണിതശാസ്ത്രപരമായ കൃത്യത പരിശോധിച്ചത് ലീൻ, മാത്ത്‌ലിബ് സമൂഹങ്ങളും സ്വതന്ത്ര പരിശോധനാ സംവിധാനങ്ങളുമാണ്.

ഇനി ലോകം ഉറ്റുനോക്കുന്നത് ഈ തെളിവിന്റെ വിശദമായ മനുഷ്യവായനാ പതിപ്പിനായാണ്. അത് കൂടി പുറത്തുവരുന്നതോടെ ഗണിതശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ സമസ്യകളിലൊന്നിന് പരിഹാരമായേക്കും.

PREV
Read more Articles on
click me!

Recommended Stories

ആന്ത്രോപിക് ജീവനക്കാർ അട്ടിമറി പദ്ധതിയിടുന്നുണ്ടോ? വെളിപ്പെടുത്തൽ
മൈക്രോസോഫ്റ്റിൽ പുതിയ പ്രതിഫല രീതികൾ