
ചില അക്കൗണ്ടിങ് ജോലികളിൽ മനുഷ്യ അക്കൗണ്ടന്റുമാരെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ച് എഐ മോഡലുകൾ. എഐ റിക്രൂട്ടിങ് കമ്പനിയായ മെർക്കോർ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആന്ത്രോപിക്കിന്റെ ക്ലോഡ് ഒപ്പസ് 5 അക്കൗണ്ടിങ് സംബന്ധമായ ജോലികൾ 100% കൃത്യതയോടെ പൂർത്തിയാക്കിയെന്നും ഓരോ ശ്രമത്തിനും 10 മിനിറ്റിൽ താഴെ മാത്രമാണ് എടുത്തതെന്നും പഠനം പറയുന്നു. പഠനഫലം ടെക് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും ശ്രദ്ധ നേടി. പഠനവുമായി ബന്ധപ്പെട്ട പോസ്റ്റ് എക്സിൽ പങ്കുവെച്ച മസ്ക്, “സൂപ്പർ ഇന്റലിജൻസ്, മുമ്പ് എഐ എന്നറിയപ്പെട്ടിരുന്നത്, ഇപ്പോൾ അക്കൗണ്ടിങ് പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു” എന്നായിരുന്നു പ്രതികരിച്ചത്.
‘ഹ്യൂമൻ ബേസ്ലൈൻസ് ഫോർ ബെഞ്ച്മാർക്ക്സ്: എഐ നൗ ഔട്ട്‌പെർഫോംസ് ജൂനിയർ അക്കൗണ്ടന്റ്സ്’ എന്ന പേരിലാണ് പഠനം നടത്തിയത്. 12 അക്കൗണ്ടന്റുമാരെയും വിവിധ എഐ മോഡലുകളെയും ഉൾപ്പെടുത്തിയായിരുന്നു പരീക്ഷണം. പങ്കെടുത്ത അക്കൗണ്ടന്റുമാരെല്ലാം ലൈസൻസുള്ള സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റുമാരായിരുന്നു. ശരാശരി 5.5 വർഷത്തോളം അക്കൗണ്ടിങ് മേഖലയിൽ പ്രവൃത്തിപരിചയവും ഇവർക്കുണ്ടായിരുന്നു.
യഥാർഥ കമ്പനികളുടെ രേഖകളെ അടിസ്ഥാനമാക്കിയുള്ള 4 മാസാവസാന അക്കൗണ്ടിങ് സാഹചര്യങ്ങളാണ് അക്കൗണ്ടന്റുമാർക്ക് നൽകിയത്. രേഖകളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ കണ്ടെത്തുക, ശരിയായ കണക്കുകൾ തിരിച്ചറിയുക, കണക്കുകൂട്ടലുകൾ നടത്തുക, ഫലങ്ങൾ പട്ടികയിൽ നൽകുക തുടങ്ങിയവയായിരുന്നു ജോലികൾ. മനുഷ്യ അക്കൗണ്ടന്റുമാരുടെ ശരാശരി കൃത്യത 37% മാത്രമായിരുന്നു. വ്യക്തിഗത പ്രകടനത്തിൽ വലിയ വ്യത്യാസവും കണ്ടെത്തി. ചിലരുടെ കൃത്യത 0% ആയിരുന്നപ്പോൾ ചിലർ ഏകദേശം 90% വരെ നേടി. മിക്ക ശ്രമങ്ങൾക്കും 30 മുതൽ 180 മിനിറ്റ് വരെ സമയമെടുത്തു. അതേസമയം ക്ലോഡ് ഒപ്പസ് 5 പഠനത്തിൽ റിപ്പോർട്ട് ചെയ്ത 20 ശ്രമങ്ങളിലും 100% കൃത്യത നേടി. ഓരോ ജോലിയും 10 മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്തു.
ജോലികൾ പൂർത്തിയാക്കുന്നതിനുള്ള ചെലവിലും എഐയും മനുഷ്യരും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ അക്കൗണ്ടന്റുമാരുടെ ശരാശരി വേതനം അടിസ്ഥാനമാക്കി നടത്തിയ കണക്കുകൂട്ടലിൽ, ഒരു മാനദണ്ഡം പൂർത്തിയാക്കാൻ മനുഷ്യ അക്കൗണ്ടന്റിന് ശരാശരി 10.35 ഡോളർ ചെലവാകുമ്പോൾ ക്ലോഡ് ഒപ്പസ് 5ന് 0.21 ഡോളർ മാത്രമാണ് ചെലവാകുന്നതെന്ന് ഗവേഷകർ കണക്കാക്കി.
എഐയും മനുഷ്യരും തമ്മിലുള്ള പ്രകടന വ്യത്യാസം വളരെ വേഗത്തിൽ മാറിയെന്നും പഠനം പറയുന്നു. ഏകദേശം 18 മാസം മുമ്പ് മികച്ച എഐ മോഡലുകൾക്ക് പോലും ശരാശരി അക്കൗണ്ടന്റിന്റെ 37% പ്രകടനനില മറികടക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഓപ്പൺഎഐയുടെ ഒ3 മോഡൽ 37% മനുഷ്യ ശരാശരി മറികടന്നു. ജിപിടി-5 ഏകദേശം 69% വരെ എത്തി. ഏറ്റവും പുതിയ മുൻനിര എഐ മോഡലുകളിൽ ചിലത്, ക്ലോഡ് ഒപ്പസ് 5 ഉൾപ്പെടെ, 100%ന് അടുത്തോ അതിനൊപ്പമോ എത്തിക്കഴിഞ്ഞതായും പഠനം പറയുന്നു.
എന്നാൽ പഠനഫലം മാത്രം ചൂണ്ടിക്കാട്ടി എഐയ്ക്ക് ഒരു അക്കൗണ്ടന്റിന്റെ മുഴുവൻ ജോലിയും ഏറ്റെടുക്കാനാകുമെന്ന് നിഗമനം ചെയ്യരുതെന്ന് മെർക്കോർ മുന്നറിയിപ്പ് നൽകുന്നു. എഐ മോഡലുകൾക്ക് പ്രത്യേകമായി അനുയോജ്യമായ ചില ജോലികളാണ് പരീക്ഷണത്തിൽ ഉൾപ്പെടുത്തിയതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നിർദേശങ്ങൾ കൃത്യമായി പാലിക്കുക, വലിയ അളവിലുള്ള വിവരങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ കണ്ടെത്തുക, വിശദമായ മാനദണ്ഡങ്ങൾ പാലിക്കുക തുടങ്ങിയവ ഇതിൽപ്പെടുന്നു. അതേസമയം യഥാർഥ അക്കൗണ്ടിങ് ജോലിയിൽ ക്ലയന്റുകളുമായി ആശയവിനിമയം നടത്തുക, ആവശ്യമായ ചോദ്യങ്ങൾ ചോദിക്കുക, സഹപ്രവർത്തകരുമായി ഏകോപിച്ച് പ്രവർത്തിക്കുക, വർഷങ്ങളായി നേടിയ അനുഭവവും അറിവും പ്രയോജനപ്പെടുത്തുക തുടങ്ങിയ നിരവധി കാര്യങ്ങളുണ്ട്. ഇവ പഠനത്തിൽ പരീക്ഷിച്ചിട്ടില്ല. എങ്കിലും അക്കൗണ്ടിങ് മേഖലയിലെ കൂടുതൽ ഘടനാപരമായ ജോലികൾ എഐ ഏറ്റെടുക്കുന്നതിലൂടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനുള്ള സാധ്യതയാണ് പഠനഫലങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്ന് മെർക്കോർ വ്യക്തമാക്കി.