
സ്വന്തം എഐ ഏജന്റുമാർ ഇന്റർനെറ്റിൽ നടത്തിയ പ്രവർത്തനങ്ങൾ പരിശോധിക്കാൻ പ്രതിദിനം അഞ്ച് കോടി രൂപയിലധികം ചെലവഴിച്ച് ഓപ്പൺഎഐ. ഏകദേശം 50 പെറ്റാബൈറ്റ് ഡാറ്റയാണ് കമ്പനി ഇതിനായി പരിശോധിക്കുന്നത്. ഈ വിവരങ്ങളെല്ലാം സാധാരണ ഇംഗ്ലീഷ് ടെക്സ്റ്റായിരുന്നെങ്കിൽ, ഒരാൾ മിനിറ്റിൽ 240 വാക്കുകൾ എന്ന വേഗത്തിൽ ഒരു നിമിഷം പോലും വിശ്രമിക്കാതെ വായിച്ചുതീർക്കാൻ ഏകദേശം 66 ദശലക്ഷം വർഷം വേണ്ടിവരുമെന്നാണ് ഓപ്പൺഎഐ വ്യക്തമാക്കുന്നത്.
എഐ ഏജന്റുമാരുടെ ചില അപ്രതീക്ഷിത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഓപ്പൺഎഐ വിപുലമായ അന്വേഷണം ആരംഭിച്ചത്. എഐ പ്ലാറ്റ്‌ഫോമായ ഹഗ്ഗിങ് ഫേസുമായി ബന്ധപ്പെട്ട സംഭവവും ഓസ്‌ട്രേലിയയിലെ സർക്കാർ വെബ്‌സൈറ്റിൽ നടന്ന അനുമതിയില്ലാത്ത ഇടപെടലും ഇതിൽ ഉൾപ്പെടുന്നു. എഐ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് ഇതിനകം 100-ലധികം സ്ഥാപനങ്ങൾക്ക് ഓപ്പൺഎഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഒരു സ്ഥാപനത്തിന് അറിയിപ്പ് ലഭിച്ചതുകൊണ്ട് മാത്രം സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്നോ അതിന്റെ സംവിധാനം അപഹരിക്കപ്പെട്ടുവെന്നോ അർഥമില്ലെന്നും കമ്പനി വ്യക്തമാക്കി.
വൻതോതിലുള്ള വിവരങ്ങൾ പരിശോധിക്കാൻ എഐ സംവിധാനങ്ങളുടെ സഹായം തന്നെയാണ് ഓപ്പൺഎഐ ഉപയോഗിക്കുന്നത്. മാസാടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച് നേരത്തെ കണ്ടെത്താൻ കഴിയാതെ പോയ അനിഷ്ട പ്രവർത്തനങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.
വെബ്‌സൈറ്റുകളിൽ എഐ മോഡലുകൾ പ്രവേശിച്ചിട്ടുണ്ടോ, അവയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ, പാസ്‌വേഡുകൾ, എപിഐകൾ, മറ്റ് രഹസ്യ വിവരങ്ങൾ എന്നിവയുമായി ഇടപെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഏകദേശം 50 പെറ്റാബൈറ്റ് വിവരങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇത് ഏകദേശം 5 കോടി ജിഗാബൈറ്റിന് തുല്യമാണ്. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കമ്പ്യൂട്ടിങ് ശേഷി വർധിപ്പിക്കാനും ഓപ്പൺഎഐ പദ്ധതിയിടുന്നുണ്ട്.
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ വെബ്‌സൈറ്റിൽ സൂക്ഷിച്ചിരുന്ന ചരിത്രപരവും പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്തതുമായ കാട്ടുതീ സംബന്ധമായ വിവരങ്ങൾ ഓപ്പൺഎഐയുടെ എഐ ഏജന്റുമാർ അനുമതിയില്ലാതെ ആക്‌സസ് ചെയ്തതായി കമ്പനി കണ്ടെത്തി. സംഭവം കണ്ടെത്തിയതിന് പിന്നാലെ ന്യൂ സൗത്ത് വെയിൽസ് സർക്കാരിനെയും ഓസ്‌ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റിനെയും കമ്പനി വിവരമറിയിച്ചു. 48 മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷമായിരുന്നു നടപടി.
ഹഗ്ഗിങ് ഫേസുമായി ബന്ധപ്പെട്ട സംഭവമാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും ഗൗരവമുള്ള എഐ ഏജന്റ് പ്രവർത്തനമെന്നാണ് ഓപ്പൺഎഐ പറയുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള കഴിവും സോഫ്റ്റ്‌വെയറുകളുമായി ഇടപെടാനും ഉപയോക്താക്കൾക്കുവേണ്ടി വിവിധ പ്രവർത്തനങ്ങൾ നടത്താനുമുള്ള ശേഷിയും എഐ ഏജന്റുമാർക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ആശങ്കകൾ ശക്തമാകുന്നത്.
അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും വരും മാസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങളെ ബന്ധപ്പെട്ട് വിവരമറിയിക്കേണ്ടി വന്നേക്കാമെന്നും ഓപ്പൺഎഐ അറിയിച്ചു. സുരക്ഷാ വീഴ്ചയ്ക്ക് സാധ്യതയുള്ള പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ, സെൻസിറ്റീവ് വിവരങ്ങൾ യഥാർഥത്തിൽ ചോർന്നിട്ടുണ്ടെന്ന് ഉറപ്പില്ലെങ്കിലും സ്ഥാപനങ്ങളെ അറിയിക്കാനാണ് കമ്പനിയുടെ തീരുമാനം.