
ഇൻസ്റ്റഗ്രാമിനെക്കുറിച്ച് വീണ്ടും വിവാദ പരാമർശവുമായി ടെക് വ്യവസായി ഇലോൺ മസ്‍ക്. ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ള ആപ്പാണെന്നാണ് മസ്കിന്റെ പ്രതികരണം. എക്സിൽ പങ്കുവെച്ച ഒരു കുറിപ്പിന് മറുപടിയായാണ് മസ്‍ക് വീണ്ടും ഇൻസ്റ്റഗ്രാമിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം “അടിസ്ഥാനപരമായി സ്ത്രീകൾക്കുള്ള ആപ്പാണ്” എന്നും അതുകൊണ്ട് തന്നെ യാതൊരു പ്രയോജനവുമില്ലെന്നും അവകാശപ്പെട്ടുകൊണ്ട് ഒരാൾ പങ്കുവെച്ച കുറിപ്പിനാണ് മസ്‍ക് മറുപടി നൽകിയത്. “ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളതാണ്” എന്നായിരുന്നു മസ്‍കിന്റെ പ്രതികരണം.
ഇൻസ്റ്റഗ്രാമിനെ സ്ത്രീകേന്ദ്രീകൃത സാമൂഹികമാധ്യമമെന്ന് മസ്ക് വിശേഷിപ്പിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം മെയ് മാസത്തിലും സമാനമായ പരാമർശം മസ്ക് നടത്തിയിരുന്നു. അന്ന് തന്റെ അഭിപ്രായത്തിന് വിശദീകരണം നൽകുന്നതിനിടെ, മുതിർന്ന പുരുഷന്മാർ തനിക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ അയയ്ക്കുമ്പോൾ അവരുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട് ചോദ്യം തോന്നാറുണ്ടെന്ന തരത്തിലുള്ള പരാമർശവും മസ്‍ക് നടത്തിയിരുന്നു.
ഇൻസ്റ്റഗ്രാമിനെക്കുറിച്ച് മസ്‍ക് നടത്തുന്ന ഇത്തരം പരാമർശങ്ങൾക്ക് പല കാരണങ്ങളുണ്ടാകാമെന്നാണ് വിലയിരുത്തൽ. മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് എക്സ്. അതിനാൽ ഉപയോക്താക്കളെ എക്സിലേക്ക് ആകർഷിക്കാനുള്ള താൽപര്യവും ഇത്തരം പരാമർശങ്ങൾക്ക് പിന്നിലുണ്ടാകാമെന്നാണ് ചിലരുടെ അഭിപ്രായം. ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന ചില ഉള്ളടക്കങ്ങളെ സ്ത്രീകളുമായി ബന്ധപ്പെടുത്തി കാണുന്ന സമീപനവും മസ്‍കിന്റെ പ്രസ്താവനകളിൽ പ്രതിഫലിക്കുന്നുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മസ്ക് ഇത്തരം പരാമർശങ്ങളിലൂടെ എക്സിൽ ചർച്ചകൾക്കും പ്രതികരണങ്ങൾക്കും വഴിയൊരുക്കാൻ ശ്രമിക്കുന്നതാകാമെന്ന വിലയിരുത്തലുമുണ്ട്.
അതേസമയം ലഭ്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ ഇൻസ്റ്റഗ്രാം സ്ത്രീകൾ മാത്രം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമല്ല. സ്റ്റാറ്റിസ്റ്റയുടെ കണക്കുകൾ പ്രകാരം 2025 ഒക്ടോബറിൽ ആഗോളതലത്തിൽ ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ 50.6% പുരുഷന്മാരും 49.4 ശതമാനം സ്ത്രീകളുമായിരുന്നു. അമേരിക്കയിലെ കണക്കുകളിൽ ഇതിൽ വ്യത്യാസമുണ്ട്. അവിടെ ഏകദേശം 55.2% ഉപയോക്താക്കൾ സ്ത്രീകളും 44.8 ശതമാനം പേർ പുരുഷന്മാരുമാണെന്നാണ് കണക്കുകൾ. അതേസമയം എക്സ് മാത്രമാണ് ഓൺലൈൻ ചർച്ചകൾക്കുള്ള ഗൗരവമുള്ള പ്ലാറ്റ്‌ഫോം എന്ന നിലപാടും മസ്ക് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റ് സോഷ്യൽ മീഡിയ കമ്പനികൾ അടച്ചിട്ട സംവിധാനങ്ങളിലൂടെ ഫലങ്ങൾ നിയന്ത്രിക്കുന്നുവെന്നും എക്സ് മാത്രമാണ് തുറന്നതെന്നുമായിരുന്നു മസ്കിന്റെ മുൻകാല അവകാശവാദം. ഇൻസ്റ്റഗ്രാമിനെക്കുറിച്ചുള്ള മസ്‍കിന്റെ പുതിയ പരാമർശവും എക്സിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.