തിരക്കഥ തയ്യാറാക്കാൻ, ഡബ് ചെയ്യാനും വരെ എഐ! മാറ്റം ചെറുതല്ല, അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട് ഓടിടിയെ കുറിച്ച്

By Web TeamFirst Published Jan 18, 2024, 1:57 AM IST
Highlights

ഇനി ഒടിടി പ്ലാറ്റ്ഫോമുകളിലും എഐ ടച്ച്. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട കാഴ്ചാനുഭവം നൽകുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ. 

ഇനി ഒടിടി പ്ലാറ്റ്ഫോമുകളിലും എഐ ടച്ച്. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട കാഴ്ചാനുഭവം നൽകുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ. ഉപഭോക്താക്കൾക്കിണങ്ങുന്ന ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതിനും ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനും പ്രാധാന്യമുള്ള വിഷയങ്ങൾ വ്യക്തികളിലേക്ക് എത്തിക്കുന്നതിനുമെല്ലാം എഐ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ പദ്ധതിയെന്ന് ലൈവ് മിന്റ് റിപ്പോർട്ടിൽ പറയുന്നു. 

വൈകാതെ ഇവ തിരക്കഥ തയ്യാറാക്കുന്നതിനും ഡബ് ചെയ്യുന്നതിനുമായി ഉപയോഗപ്പെടുത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബഹുഭാഷാ ചിത്രങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ പുതിയ അപ്ഡേഷൻ സഹായിക്കും. കൂടാതെ ഭാവിയിൽ സ്ട്രീം ചെയ്യുന്ന ഉള്ളടക്കങ്ങളിൽ ഉപഭോക്താക്കളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കാനുമാകും.കണ്ടന്റ് റെക്കമെന്റേഷൻ, പേഴ്‌സണലൈസേഷൻ, ക്രോസ്-ഡിവൈസ് കൊമ്പാറ്റബിലിറ്റി, ഓഡിയൻസ് അനലറ്റിക്‌സ് തുടങ്ങി നിരവധി മേഖലകളിൽ എഐ ടൂളുകൾ സജീവമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ക്രിയാത്മകമായ സോഷ്യൽ മീഡിയാ മാർക്കറ്റിങ് രീതികളിലും എഐ സ്വാധീനമുണ്ടാക്കുന്നതായും സീ ഫൈവ് ചീഫ് ബിസിനസ് ഓഫീസർ മനീഷ് കൽറ ചൂണ്ടിക്കാണിച്ചു. 

ഒടിടി പ്ലാറ്റ്ഫോമുകളിൽ എഐ അവതരിപ്പിക്കുന്നതിലൂടെ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ ഉള്ളടക്ക നിർമാണവും വിതരണ രീതികളും കാര്യക്ഷമമാക്കാൻ കഴിയുമെന്നും വിദ​ഗ്ധർ പറയുന്നു. നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇതിനോടകം കണ്ടന്റ് ശുപാർശ ചെയ്തു തുടങ്ങിയെന്നാണ് സൂചന. ഉപഭോക്തൃ ഡാറ്റ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. നടന്മാരുടെ സ്വീകാര്യത വിലയിരുത്തി കണ്ടന്റിന് ആവശ്യമായ നടീനടന്മാരെ തിരഞ്ഞെടുക്കുന്നതിനും, പ്രേക്ഷകരുടെ പ്രതികരണം, വിപണിയിലെ ട്രെൻഡുകൾ എന്നിവ വിലയിരുത്താനും എഐയുടെ ഉപയോഗത്തിലൂടെ കഴിയും. 

ഇതിനു പുറമെ ഓഡിയോ സ്ട്രീമിങ് രംഗത്ത് പ്ലേലിസ്റ്റുകൾ ക്രിയേറ്റ് ചെയ്യാനും ഉപഭോക്താക്കളുടെ മാനസികാവസ്ഥ, സമയം, സമകാലിക സംഭവങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് ഉള്ളടക്കങ്ങൾ ശുപാർശ ചെയ്യുന്നതിനും എഐ ഉപയോ​ഗിക്കാവുന്നതാണ്.  ഡബ് ചെയ്യുന്ന സിനിമകളിൽ ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മിൽ സംയോജിപ്പിക്കാനും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ഒറിജിനൽ പതിപ്പിലെ അതേ ശബ്ദത്തിൽ തന്നെ മറ്റ് ഭാഷകളിൽ ശബ്ദം നല്കാനും എഐ ഉപയോഗിക്കാം. പരസ്യ വിതരണത്തിന് എഐ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമവും ഒടിടി പ്ലാറ്റ്ഫോമുകൾ നടത്തുന്നുണ്ടെന്നാണ് സൂചന.

'പുതിയ മേഖല'യിലേക്കും എഐ; നേട്ടങ്ങളേറെ, അതിനൊപ്പം ദോഷകരവും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!