കേസിൽ വെറുതെവിടപ്പെട്ടവരുടെ പേര് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇനി വിവരങ്ങൾ നൽകരുത്, ഉത്തരവുമായി ഡൽഹി ഹൈക്കോടതി

Published : Jun 02, 2026, 11:43 AM IST
google search, Google Search, Google Search Delhi High Court

Synopsis

വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി 'മറക്കപ്പെടാനുള്ള അവകാശം' ശക്തിപ്പെടുത്തി ഡൽഹി ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ഇതനുസരിച്ച്, കേസുകളിൽ വെറുതെവിടപ്പെട്ടവരുടെ പേരുകൾ ഉപയോഗിച്ച് കോടതിവിധികൾ എളുപ്പത്തിൽ കണ്ടെത്തുന്നത് നിയന്ത്രിക്കാൻ സെർച്ച് എഞ്ചിനുകളോടും നിയമ ഡാറ്റാബേസുകളോടും കോടതി നിർദേശിച്ചു.  

വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിക്കുന്നതിനായി 'മറക്കപ്പെടാനുള്ള അവകാശം' അഥവാ 'റൈറ്റ് ടു ബി ഫോർഗോട്ടൺ' ശക്തിപ്പെടുത്തുന്ന സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി. കേസുകളിൽ വെറുതെവിടപ്പെട്ടവരുടെയോ, കുറ്റപത്രം റദ്ദാക്കപ്പെട്ടവരുടെയോ, സ്വകാര്യ സ്വഭാവമുള്ള തർക്കങ്ങളിൽ ഉൾപ്പെട്ടവരുടെയോ പേരുകൾ ഉപയോഗിച്ച് കോടതിവിധികളും വാർത്തകളും എളുപ്പത്തിൽ കണ്ടെത്താനാകുന്ന രീതിയിലുള്ള ഓൺലൈൻ തിരച്ചിൽ സംവിധാനങ്ങൾ നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു. വിധിന്യായങ്ങൾ, ഉത്തരവുകൾ അല്ലെങ്കിൽ വാർത്താ ലേഖനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പേര് അടിസ്ഥാനമാക്കിയുള്ള സെർച്ചിംഗുകളെ നീക്കം ചെയ്യാനാണ് സെർച്ച് എഞ്ചിൻ ഓപ്പറേറ്റർമാരോടും നിയമ ഡാറ്റാബേസ് പ്ലാറ്റ്‌ഫോമുകളോടും ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ജസ്റ്റിസ് സച്ചിൻ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ച 144 പേജുകളുള്ള വിധിയിൽ, ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളും ഇന്ത്യൻ കാനൂൺ പോലുള്ള നിയമ ഡാറ്റാബേസ് പ്ലാറ്റ്ഫോമുകളും വ്യക്തികളുടെ പേരിനെ അടിസ്ഥാനമാക്കി കോടതി രേഖകൾ സ്ഥിരമായി പ്രദർശിപ്പിക്കുന്നത് സ്വകാര്യതയുടെ അവകാശത്തെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.

കുറ്റവിമുക്തരായ വ്യക്തികളുടെ പേരുകൾ ഇന്റർനെറ്റിൽ തിരയുമ്പോൾ പഴയ കേസുകളുടെ വിവരങ്ങൾ ഉടൻ ലഭ്യമാകുന്നത് അവരുടെ സാമൂഹിക ജീവിതത്തെയും തൊഴിൽ അവസരങ്ങളെയും വ്യക്തിപരമായ മാന്യതയെയും ദീർഘകാലമായി ബാധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ സ്ഥിരമായി നിലനിൽക്കുന്നതിനാൽ, വ്യക്തിക്ക് തന്റെ പഴയ നിയമപ്രശ്നങ്ങളിൽ നിന്ന് മുന്നോട്ട് പോകാനുള്ള അവസരം ലഭിക്കണമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ഈ നടപടി കോടതി രേഖകൾ നീക്കം ചെയ്യുകയോ മായ്ക്കുകയോ ചെയ്യുന്നതല്ലെന്നും കോടതി വ്യക്തമാക്കി. വിധികളും ഉത്തരവുകളും അതത് കോടതികളുടെ വെബ്‌സൈറ്റുകളിലും നിയമ ഡാറ്റാബേസുകളിലും തുടർന്നും ലഭ്യമാകും. എന്നാൽ വ്യക്തിയുടെ പേര് ഒരു 'തിരച്ചിൽ കീ' ആയി പ്രവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യം. അതായത്, കേസ് നമ്പർ, വിധിയുടെ പകർപ്പ്, കോടതി പേര്, തീയതി തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് രേഖകൾ കണ്ടെത്താൻ സാധിക്കും.

2016 മുതൽ വിവിധ ഘട്ടങ്ങളിലായി സമർപ്പിക്കപ്പെട്ട 38 ഹർജികളാണ് കോടതി ഒരുമിച്ച് പരിഗണിച്ചത്. കുറ്റകൃത്യക്കേസുകളിൽ വെറുതെവിടപ്പെട്ടവർ, കുടുംബ-വിവാഹ തർക്കങ്ങളിൽ ഉൾപ്പെട്ടവർ, കേസുകളുമായി നേരിട്ട് ബന്ധമില്ലാതിരുന്നിട്ടും രേഖകളിൽ പേര് പരാമർശിക്കപ്പെട്ടവർ എന്നിവരാണ് ഹർജിക്കാർ.

തുറന്ന നീതിന്യായ വ്യവസ്ഥയുടെ പേരിൽ ഒരാളുടെ പഴയ ആരോപണങ്ങളോ നിയമപ്രശ്നങ്ങളോ അനന്തമായി പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വിധി ഇന്ത്യയിൽ സ്വകാര്യതാവകാശവും ഡിജിറ്റൽ വിവരങ്ങളുടെ ഉപയോഗവും സംബന്ധിച്ച നിയമപരമായ ചർച്ചകൾക്ക് പുതിയ ദിശ നൽകുന്നതായി വിലയിരുത്തപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ചാറ്റ്ജിപിടിയും ജെമിനിയുമൊക്കെ ആയുധങ്ങൾ! ഇറാന്‍റെ സൈബർ യുദ്ധം ഇങ്ങനെ
ഇനി കളി കാര്യമാവും; ചാറ്റ് ജിപിടി നിങ്ങളുടെ പ്രായം കണ്ടെത്തും! പുതിയ സുരക്ഷാ മാറ്റങ്ങളുമായി ഓപ്പൺ എഐ