ഉപയോക്താക്കൾക്കുള്ള വരുമാന പങ്കിടൽ പദ്ധതി അവസാനിപ്പിച്ച് ഇലോൺ മസ്‍ക്; അവസാന പണമിടപാട് സെപ്റ്റംബർ 11ന്

Published : Aug 09, 2026, 01:45 PM IST
Elon Musk, X, Twitter, Elon Musk, X creators, X creator monetization, X revenue sharing, X creator revenue, X monetization, X creators update, X new rules, X original content rewards, Twitter creators, Elon Musk news, social media news, creator economy, content creators, X Premium, X Creator Studio, എക്സ്, ട്വിറ്റർ, ഇലോൺ മസ്‌ക്, എക്സ് ക്രിയേറ്റേഴ്സ്, എക്സ് വരുമാനം, എക്സ് റവന്യൂ ഷെയറിങ്, ക്രിയേറ്റർ വരുമാനം, എക്സ് പുതിയ പദ്ധതി, ഒറിജിനൽ കണ്ടന്റ്, കണ്ടന്റ് ക്രിയേറ്റേഴ്സ്, സോഷ്യൽ മീഡിയ വാർത്ത, മസ്‌ക് വാർത്ത

Synopsis

ഇലോൺ മസ്കിന്റെ എക്സ്, നിലവിലുള്ള ക്രിയേറ്റർ റവന്യൂ ഷെയറിങ് പദ്ധതി അവസാനിപ്പിക്കുകയാണ്. യഥാർത്ഥ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിനായി 'ഒറിജിനൽ കണ്ടന്റ് റിവാർഡ്സ്' എന്ന പേരിൽ പുതിയൊരു പദ്ധതി അവതരിപ്പിക്കുന്നു. പഴയ പദ്ധതിയിലെ അവസാന പേയ്‌മെന്റുകൾ, പുതിയ പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് ഇതിൽ വിശദീകരിക്കുന്നു.

ഇലോൺ മസ്‍കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സ് വലിയ മാറ്റത്തിനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമിലൂടെ വരുമാനം നേടാൻ അവസരം നൽകിയിരുന്ന ക്രിയേറ്റർ റവന്യൂ ഷെയറിങ് പദ്ധതി അവസാനിപ്പിക്കുകയാണ് എക്സ്. പദ്ധതിയിൽ നിലവിലുള്ള അർഹരായ ഉപയോക്താക്കൾക്കുള്ള അവസാന പേയ്മെന്റ് സെപ്റ്റംബർ 11ഓടെ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പദ്ധതിയിലേക്കുള്ള പുതിയ രജിസ്ട്രേഷനും ഓഗസ്റ്റ് 7 മുതൽ എക്സ് അവസാനിപ്പിച്ചു. പ്ലാറ്റ്ഫോമിൽ ഉള്ളടക്കം പങ്കുവയ്ക്കുകയും അതിന് ലഭിക്കുന്ന ഇടപെടലുകളുടെ അടിസ്ഥാനത്തിൽ വരുമാനം നേടുകയും ചെയ്യാനുള്ള അവസരമാണ് റവന്യൂ ഷെയറിങ് പദ്ധതി വഴി ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നത്. എന്നാൽ പണം നേടുന്നതിനായി പ്രീമിയം എക്സ് അക്കൗണ്ട് ഉപയോഗിക്കുന്നവർക്കാണ് പദ്ധതിയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നത്.

എന്തുകൊണ്ടാണ് പദ്ധതി അവസാനിപ്പിക്കുന്നത്?

ക്രിയേറ്റർമാർക്കുള്ള പദ്ധതിയുടെ പ്രോത്സാഹന ഘടന ശരിയായ രീതിയിലായിരുന്നില്ലെന്നാണ് എക്സിന്റെ ക്രിയേറ്റേഴ്സ് വിഭാഗം മേധാവി അലെഗ്ര ജാക്കിയ പറയുന്നത്. പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് പകരം മറ്റുള്ളവർ നേരത്തെ തയ്യാറാക്കിയ ഉള്ളടക്കം വീണ്ടും ഉപയോഗിച്ച് പണം നേടാൻ പലരും ശ്രമിച്ചതായി അവർ ചൂണ്ടിക്കാട്ടി. ഇതോടെ പ്ലാറ്റ്ഫോമിൽ യഥാർഥവും പുതിയതുമായ ഉള്ളടക്കത്തിന്റെ അളവ് കുറയുന്ന സാഹചര്യമുണ്ടായെന്നും എക്സ് വിലയിരുത്തുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ ഒറിജിനൽ കണ്ടന്റ് റിവാർഡ്സ് പദ്ധതി ആരംഭിക്കുകയാണ് എക്സ്. കൂടുതൽ നിയമങ്ങളും നിയന്ത്രണങ്ങളും കൂട്ടിച്ചേർക്കുന്നതിന് പകരം, ആദ്യഘട്ടം മുതൽ തന്നെ യഥാർഥവും ക്രിയാത്മകവുമായ ഉള്ളടക്കത്തിന് പ്രതിഫലം നൽകുന്ന പുതിയ പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

നിലവിലെ ഉപയോക്താക്കൾക്ക് മൂന്ന് പേയ്മെന്റുകൾ

പഴയ റവന്യൂ ഷെയറിങ് പദ്ധതി പൂർണമായും അവസാനിക്കുന്നതിന് മുമ്പ് നിലവിലെ ഉപയോക്താക്കൾക്ക് മൂന്ന് പേയ്മെന്റുകൾ ലഭിക്കും. സാധാരണ പേയ്മെന്റ് ഷെഡ്യൂൾ പ്രകാരം ഓഗസ്റ്റ് 14നും ഓഗസ്റ്റ് 28നും രണ്ട് പേയ്മെന്റുകൾ ലഭിക്കും. സെപ്റ്റംബർ 7 വരെ നേടിയ വരുമാനത്തിനുള്ള അവസാന പേയ്മെന്റ് സെപ്റ്റംബർ 11ഓടെ ലഭിക്കുമെന്നാണ് എക്സ് അറിയിച്ചിരിക്കുന്നത്.

പുതിയ ക്രിയേറ്റർ പദ്ധതിയിൽ എന്താണ് പ്രത്യേകത?

ഒറിജിനൽ കണ്ടന്റ് റിവാർഡ്സ് പദ്ധതിയിലൂടെ പ്ലാറ്റ്ഫോമിൽ പുതിയ ആശയങ്ങൾ, അറിവ്, റിപ്പോർട്ടിങ്, സർഗാത്മകത, അഭിപ്രായങ്ങൾ എന്നിവ അവതരിപ്പിക്കുന്ന ക്രിയേറ്റർമാർക്ക് പ്രതിഫലം നൽകാനാണ് എക്സ് ലക്ഷ്യമിടുന്നത്.

മറ്റുള്ളവരുടെ ഉള്ളടക്കം പുനഃപ്രസിദ്ധീകരിക്കുന്നതിനോ കുറഞ്ഞ പരിശ്രമത്തിൽ തയ്യാറാക്കുന്ന പോസ്റ്റുകൾ പങ്കുവയ്ക്കുന്നതിനോ പകരം സ്വന്തം ആശയങ്ങളും കഴിവുകളും ഉപയോഗിച്ച് ഉള്ളടക്കം സൃഷ്ടിക്കുന്നവർക്കായിരിക്കും കൂടുതൽ പ്രാധാന്യം. പുതിയ സംവിധാനത്തിൽ അർഹരായ ക്രിയേറ്റർമാർക്ക് അവരുടെ ഒറിജിനൽ ഉള്ളടക്കത്തിന് ലഭിക്കുന്ന യോഗ്യതയുള്ള ഇംപ്രഷനുകളുടെ അടിസ്ഥാനത്തിൽ വരുമാനം ലഭിക്കും. അക്കൗണ്ടും ഉള്ളടക്കവും പദ്ധതിയുടെ നിബന്ധനകൾ പാലിക്കുന്നിടത്തോളം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പേയ്മെന്റ് ലഭിക്കും.

ഏത് ഉള്ളടക്കത്തിനാണ് പ്രതിഫലം?

ഉപയോക്താവ് സ്വന്തം ശബ്ദം, കാഴ്ചപ്പാട്, അറിവ്, സർഗാത്മകത എന്നിവ പ്രതിഫലിപ്പിച്ച് വ്യക്തിപരമായി സൃഷ്ടിക്കുന്ന ഉള്ളടക്കത്തെയാണ് എക്സ് ഒറിജിനൽ കണ്ടന്റായി കണക്കാക്കുന്നത്. ത്രെഡ്‍സ്, വീഡിയോകൾ, മീമുകൾ, സ്വന്തം റിപ്പോർട്ടുകൾ, വിശകലനങ്ങൾ, അഭിപ്രായങ്ങൾ, പ്രതികരണങ്ങൾ, ചിത്രങ്ങൾ, ഗ്രാഫിക്സ്, ചിത്രീകരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. നിലവിലുള്ള ഉള്ളടക്കത്തെ സ്വന്തം പശ്ചാത്തലം, വിശകലനം, വിവരണം, ഹാസ്യം, സർഗാത്മകമായ എഡിറ്റിങ് തുടങ്ങിയവ ഉപയോഗിച്ച് കാര്യമായ രീതിയിൽ മാറ്റി അവതരിപ്പിക്കുന്ന ഉള്ളടക്കത്തിനും പദ്ധതിയിൽ അർഹത ലഭിക്കാം.

പദ്ധതിയിൽ ചേരാൻ യോഗ്യത എന്തെല്ലാം?

പുതിയ ഒറിജിനൽ കണ്ടന്റ് റിവാർഡ്സ് പദ്ധതിയിൽ ചേരാൻ കുറഞ്ഞത് 18 വയസുണ്ടായിരിക്കണം. പദ്ധതി ലഭ്യമായ രാജ്യത്ത് താമസിക്കുന്നവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. വ്യക്തിഗത അക്കൗണ്ടോ ബിസിനസ് അക്കൗണ്ടോ ഉണ്ടായിരിക്കണം. കൂടാതെ പ്രീമിയം എക്സ് പദ്ധതിയിൽ അംഗത്വവും വേണം. അക്കൗണ്ടിന് കുറഞ്ഞത് 500 സ്ഥിരീകരിച്ച അനുയായികൾ ഉണ്ടായിരിക്കണം. കഴിഞ്ഞ 90 ദിവസത്തിനിടെ സ്ഥിരീകരിച്ച ഉപയോക്താക്കളിൽനിന്ന് ഹോം ടൈംലൈനിൽ കുറഞ്ഞത് 500,000 ഇംപ്രഷനുകളും ലഭിച്ചിരിക്കണം. മറുപടികൾക്ക് ലഭിക്കുന്ന ഇംപ്രഷനുകൾ ഈ കണക്കിൽ ഉൾപ്പെടില്ല. സ്ഥിരമായി ഒറിജിനൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതും നിർബന്ധമാണ്.

എങ്ങനെ അപേക്ഷിക്കാം?

ക്രിയേറ്റർ സ്റ്റുഡിയോ വഴിയാണ് പുതിയ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ ഫലം മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ അറിയിക്കുമെന്ന് എക്സ് വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷ നിരസിക്കപ്പെട്ടാൽ ഒരിക്കൽ അപ്പീൽ നൽകാം. അപ്പീലും നിരസിക്കപ്പെട്ടാൽ, എല്ലാ യോഗ്യതകളും തുടർന്നും പാലിക്കുന്നുണ്ടെങ്കിൽ 90 ദിവസത്തിന് ശേഷം വീണ്ടും അപേക്ഷിക്കാനാകും. പുതിയ പദ്ധതിയിലെ ആദ്യ പേയ്മെന്റ് ഓഗസ്റ്റ് 28ന് നൽകും. സെപ്റ്റംബർ 8നോ അതിന് ശേഷമോ പുതിയ പദ്ധതിയിൽ ചേരാൻ യോഗ്യത നേടുന്ന നിലവിലെ റവന്യൂ ഷെയറിങ് ക്രിയേറ്റർമാർക്ക് ആദ്യ പേയ്മെന്റ് സെപ്റ്റംബർ 25ന് ലഭിക്കുമെന്നും എക്സ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ആമസോൺ ഫ്രീഡം സെയിൽ: വമ്പൻ ഓഫറുകൾ വരുന്നു
മെറ്റയെ വിറപ്പിച്ച് കേന്ദ്രം; കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ മുതൽ എഐ പിഴവ് വരെ കടുത്ത ചോദ്യങ്ങൾ