
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കായി പുതിയ പണമടച്ചുള്ള സേവനവുമായി മെറ്റ രംഗത്തെത്തി. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയ്ക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിനായി പ്രത്യേക പ്രീമിയം പ്ലാൻ ആയ 'ഇൻസ്റ്റഗ്രാം പ്ലസ്' അവതരിപ്പിച്ചു. പ്രതിമാസം 299 രൂപയാണ് ഈ സേവനത്തിനുള്ള നിരക്ക്. കൂടുതൽ നിയന്ത്രണങ്ങളും വിശദമായ വിവരങ്ങളും വ്യക്തിഗത ഇഷ്ടാനുസൃത ക്രമീകരണങ്ങളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് ഈ സേവനം ലക്ഷ്യമിടുന്നത്.
സ്റ്റോറികളുമായി ബന്ധപ്പെട്ടതാണ് ഇൻസ്റ്റഗ്രാം പ്ലസിലെ പ്രധാന സവിശേഷതകൾ. ഉപയോക്താക്കൾക്ക് തങ്ങളുടെ സ്റ്റോറി എത്ര പേർ വീണ്ടും കണ്ടുവെന്ന് അറിയാൻ കഴിയും. നിലവിലുള്ള ക്ലോസ് ഫ്രണ്ട്സ് സംവിധാനത്തിന് പുറമേ, പരിധിയില്ലാത്ത സ്റ്റോറി ഓഡിയൻസ് ലിസ്റ്റുകൾ സൃഷ്‍ടിക്കാനും സാധിക്കും. കൂടാതെ, മറ്റുള്ളവരുടെ സ്റ്റോറികൾ അവരുടെ വ്യൂവർ ലിസ്റ്റിൽ പേര് പ്രത്യക്ഷപ്പെടാതെ രഹസ്യമായി കാണാനും പുതിയ പ്ലാൻ അവസരം നൽകുന്നു.
സാധാരണ 24 മണിക്കൂർ മാത്രമുള്ള സ്റ്റോറികളുടെ കാലാവധി 48 മണിക്കൂറായി നീട്ടാനും സാധിക്കും. ഓരോ ആഴ്ചയും ഒരു സ്റ്റോറിയെ കൂടുതൽ ശ്രദ്ധ നേടുന്നതിനായി ‘സ്പോട്ട്‌ലൈറ്റ്’ ചെയ്യാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റോറി കണ്ടവരുടെ പട്ടികയിൽ പേരുകൾ തിരഞ്ഞ് കണ്ടെത്താനുള്ള സൗകര്യവും ഉപയോക്താക്കൾക്ക് ലഭിക്കും. ഇതുകൂടാതെ, ഫോളോവേഴ്സിന്റെ ഫീഡിൽ പ്രത്യക്ഷപ്പെടാതെ നേരിട്ട് പ്രൊഫൈലിലേക്കും ഹൈലൈറ്റുകളിലേക്കും പോസ്റ്റുകൾ ചേർക്കാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാം പ്ലസിന്റെ ഭാഗമാണ്. ഉള്ളടക്കം കൂടുതൽ നിയന്ത്രണത്തോടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പ്രയോജനപ്പെടും.
സ്റ്റോറി ഫീച്ചറുകൾക്ക് പുറമേ, ചില പ്രത്യേക കസ്റ്റമൈസേഷൻ സൗകര്യങ്ങളും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്. അനിമേറ്റഡ് ‘സൂപ്പർ ഹാർട്ട്’ റിയാക്ഷനുകൾ, ഇൻസ്റ്റഗ്രാമും ക്രിയേറ്റർമാരും ഒരുക്കുന്ന പ്രത്യേക ആപ്പ് ഐക്കണുകൾ, ബയോയ്ക്കായി പ്രത്യേക ഫോണ്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രൊഫൈലിൽ പരമാവധി ആറു പോസ്റ്റുകൾ വരെ പിൻ ചെയ്ത് പ്രധാനപ്പെട്ട ഉള്ളടക്കം മുൻനിരയിൽ പ്രദർശിപ്പിക്കാനും സാധിക്കും.
സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിലുള്ള സേവനങ്ങളിലേക്ക് മെറ്റ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇൻസ്റ്റഗ്രാം പ്ലസിന്റെ അവതരണം. സൗജന്യ ഇൻസ്റ്റഗ്രാം സേവനം തുടരുമെന്നും അധിക സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് പുതിയ പ്ലാൻ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യയിലെ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ആപ്പിലൂടെ നേരിട്ട് ഇൻസ്റ്റഗ്രാം പ്ലസ് സബ്‌സ്‌ക്രിപ്ഷൻ എടുക്കാം. അതേസമയം അധിക ഫീച്ചറുകൾക്ക് പ്രതിമാസം 299 രൂപ ചെലവിടുന്നത് മൂല്യമുള്ളതാണോ എന്നത് ഇനി ഉപയോക്താക്കളുടെ തീരുമാനമായിരിക്കും.