മൊബൈൽ റീചാർജ് നിരക്കുകൾ ഇനിയും ഉയരുമോ?

Published : Nov 18, 2026, 12:41 PM IST
Mobile Phone

Synopsis

മൊബൈൽ റീചാർജ് നിരക്കുകൾ ഇന്ത്യയിൽ ഇനിയും ഉയരണമെന്ന് ഭാരതി എയർടെൽ സ്ഥാപകൻ സുനിൽ ഭാരതി മിത്തൽ. ഒരു ഉപഭോക്താവ് പ്രതിമാസം ശരാശരി 350 രൂപയെങ്കിലും ചെലവഴിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മൊബൈൽ റീചാർജ് നിരക്കുകൾ ഇന്ത്യയിൽ ഇനിയും ഉയരണമെന്ന് ഭാരതി എയർടെൽ സ്ഥാപകൻ സുനിൽ ഭാരതി മിത്തൽ. ഒരു ഉപഭോക്താവ് ടെലികോം സേവനങ്ങൾക്കായി പ്രതിമാസം ശരാശരി 350 രൂപയെങ്കിലും ചെലവഴിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പെപ്സി കുപ്പിക്കും ഒരു പാക്കറ്റ് ചിപ്സിനും നൽകുന്ന തുകയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ മൊബൈൽ സേവനങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതി എന്റർപ്രൈസസിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മിത്തൽ ഇക്കാര്യം വ്യക്തമാക്കിയത്. മൊബൈൽ ഫോണുകൾ ഇന്ന് ബാങ്കിങ്, വിദ്യാഭ്യാസം, വിനോദം തുടങ്ങി നിരവധി ആവശ്യങ്ങൾക്കുള്ള പ്രധാന ഉപാധിയായി മാറിയിട്ടുണ്ട്. സർക്കാർ സേവനങ്ങൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് മൊബൈൽ കണക്ഷൻ അനിവാര്യമാണ്. എന്നിട്ടും ഇന്ത്യയിൽ ടെലികോം സേവനങ്ങൾക്ക് ഈടാക്കുന്ന തുക വളരെ കുറവാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

പ്രതിദിനം 10-12 രൂപ മാത്രം

പ്രതിമാസം 350 രൂപ എന്നത് കണക്കാക്കിയാൽ ഒരു ദിവസം ഏകദേശം 10-12 രൂപ മാത്രമാണ് ചെലവ് വരുന്നത്. ലഭിക്കുന്ന സേവനങ്ങളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഈ തുക ന്യായമാണെന്നും മിത്തൽ പറഞ്ഞു. സോപ്പ്, ചിപ്‍സ് തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ നൽകുന്ന തുക അറിയാം. ഒരു കുപ്പി പെപ്സിക്ക് പോലും അതിനേക്കാൾ കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാങ്കിങ് സേവനങ്ങൾ, യുപിഐ പണമിടപാടുകൾ, വിദ്യാഭ്യാസം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ആരോഗ്യ രേഖകൾ എന്നിവയ്ക്കൊപ്പം ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ വിനോദ പ്ലാറ്റ്ഫോമുകളും മൊബൈൽ ഇന്റർനെറ്റിലൂടെ ലഭിക്കുന്നുണ്ട്. പത്ത് വർഷം മുമ്പ് പ്രതിമാസം 300 രൂപയായിരുന്നു മിത്തൽ നിർദേശിച്ച ശരാശരി നിരക്ക്. എന്നാൽ പണപ്പെരുപ്പവും ടെലികോം മേഖലയുടെ പ്രവർത്തനച്ചെലവിലെ വർധനയും കണക്കിലെടുക്കുമ്പോൾ ആ തുക ഇപ്പോൾ മതിയാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഇന്ത്യയിൽ മൊബൈൽ ടവറുകളുടെ എണ്ണം ഇരട്ടിയാക്കണം

ഇന്ധനം, വൈദ്യുതി, ജീവനക്കാരുടെ ശമ്പളം, ഭരണപരമായ ചെലവുകൾ എന്നിവയെല്ലാം വർധിച്ചിട്ടുണ്ടെന്ന് മിത്തൽ പറഞ്ഞു. രാജ്യത്ത് ടെലികോം അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയിൽ 10 ലക്ഷത്തിലധികം മൊബൈൽ ടവറുകളുള്ളപ്പോൾ ഇന്ത്യയിൽ ഏകദേശം 3.5 ലക്ഷം ടവറുകൾ മാത്രമാണുള്ളത്. ഇന്ത്യയിലെ ടവർ ശൃംഖല കുറഞ്ഞത് ഇരട്ടിയാക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഫൈബർ കണക്റ്റിവിറ്റിയും കടലിനടിയിലൂടെയുള്ള കേബിൾ ശൃംഖലകളും വികസിപ്പിക്കുന്നതിനും വലിയ നിക്ഷേപം ആവശ്യമാണ്.

5ജി സേവനങ്ങൾക്കായി ടെലികോം കമ്പനികൾ വൻതുക നിക്ഷേപിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച വരുമാനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പെക്ട്രം വാങ്ങുന്നതിനായി ലക്ഷക്കണക്കിന് കോടി രൂപ ചെലവഴിച്ചപ്പോൾ നെറ്റ്‌വർക്ക് വികസനത്തിനായി ഏകദേശം 1.5 ലക്ഷം കോടി രൂപ കൂടി നിക്ഷേപിക്കേണ്ടിവന്നു.

350 രൂപയിലേക്ക് നിരക്ക് എപ്പോൾ ഉയരും?

പ്രതിമാസം ശരാശരി 350 രൂപ വരുമാനം എന്ന ലക്ഷ്യത്തിലേക്ക് ടെലികോം മേഖല എപ്പോൾ എത്തുമെന്ന കാര്യത്തിൽ മിത്തൽ വ്യക്തമായ സമയപരിധി നൽകിയിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 2024 ജൂണിലായിരുന്നു രാജ്യത്തെ ടെലികോം കമ്പനികൾ അവസാനമായി വലിയ നിരക്ക് വർധന നടപ്പാക്കിയത്. അന്ന് 10-25 ശതമാനം വരെയാണ് താരിഫുകൾ ഉയർത്തിയത്. 2019ന് ശേഷം ഇതുവരെ മൂന്ന് പ്രധാന നിരക്ക് വർധനകളാണ് ഉണ്ടായത്. സെപ്റ്റംബർ പാദത്തിൽ എയർടെലിന്റെ ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം 271 രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 256 രൂപയായിരുന്നു. 350 രൂപയിലെത്തണമെങ്കിൽ നിലവിലെ നിരക്കിൽ നിന്ന് ഏകദേശം 29 ശതമാനം വർധന ആവശ്യമാണ്.

ഇന്ത്യയിൽ സാമ്പത്തികമായി ശക്തമായ മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾ നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും മിത്തൽ പറഞ്ഞു. വോഡഫോൺ ഐഡിയയും ബിഎസ്എൻഎല്ലും വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ കമ്പനികളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കണം. പത്തിലധികം കമ്പനികൾ മത്സരിച്ചിരുന്ന പഴയ സാഹചര്യം ടെലികോം അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

പ്രോട്ടോണിന്‍റെ എഐ നിരീക്ഷണ വിവാദം: സത്യാവസ്ഥ എന്ത്?
ജീവനക്കാർക്ക് സ്വയം പിരിഞ്ഞുപോകാം; അഞ്ച് രാജ്യങ്ങളിൽ പിരിച്ചുവിടൽ ആനുകൂല്യവുമായി ഗൂഗിൾ, ലക്ഷ്യം ചെലവ് കുറയ്ക്കൽ