റിലയൻസിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം തലവൻ, വാട്‍സാപ്പിനെ സഹായിക്കാൻ ടെലിഗ്രാം സേവനം തടസപ്പെടുത്തുന്നു

Published : Jun 17, 2026, 09:10 AM IST
Pavel Durov, Pavel Durov Reliance, BGP Hijacking

Synopsis

ടെലിഗ്രാം സ്ഥാപകൻ പവൽ ദുരോവ്, റിലയൻസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. ബിജിപി ഹൈജാക്കിംഗ് വഴി റിലയൻസ് ടെലിഗ്രാം സേവനങ്ങൾ തടസ്സപ്പെടുത്തുന്നുവെന്നും ഇതിന് പിന്നിൽ വാട്‍സാപ്പുമായുള്ള മത്സരവും മെറ്റ-റിലയൻസ് ബിസിനസ് ബന്ധവുമാകാമെന്നും അദ്ദേഹം ആരോപിക്കുന്നു. നീറ്റ് വിവാദത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങളെയും ദുരോവ് വിമർശിച്ചു.

ന്ത്യയിലെ ടെലികോം ഭീമനായ റിലയൻസിനെതിരെ ടെലിഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പവൽ ദുരോവ്. ടെലിഗ്രാമിന്റെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ റിലയൻസ് ഇടപെടുകയാണെന്ന് ആരോപിച്ചാണ് ദുരോവ് രംഗത്തെത്തിയത് എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ടെലിഗ്രാം സേവനം ലഭ്യമാകുന്നതിൽ റിലയൻസ് തടസം സൃഷ്ടിക്കുകയാണെന്നാണ് ദുരോവിന്റെ ആരോപണം. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോൾ' (BGP) ഹൈജാക്കിംഗ്

റിലയൻസ് 'ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോൾ' (BGP) ഹൈജാക്കിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ടെലിഗ്രാമിന്റെ നെറ്റ്‌വർക്ക് റൂട്ടുകൾ വഴിതിരിച്ചുവിടുകയാണെന്ന് ദുരോവ് ആരോപിച്ചു. ഇന്ത്യയിൽ മാത്രമല്ല, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് ദുരോവിന്‍റെ വാദം.

“ഇന്ത്യൻ ടെലികോം കമ്പനി റിലയൻസ്, ഇന്ത്യയ്ക്ക് പുറത്തുള്ള ദശലക്ഷക്കണക്കിന് ടെലിഗ്രാം ഉപയോക്താക്കൾക്ക് സേവനതടസ്സം സൃഷ്ടിക്കുകയാണ്. ഇതിന് അവർ ബിജിപി ഹൈജാക്കിംഗ് പോലുള്ള അനധികൃത മാർഗങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ,” ദുരോവ് കുറിച്ചു.

ഇന്റർനെറ്റിലെ വിവിധ നെറ്റ്‌വർക്കുകൾ തമ്മിൽ ഡാറ്റ കൈമാറുന്നതിനും ശരിയായ റൂട്ടുകൾ നിർണയിക്കുന്നതിനുമുള്ള പ്രധാന സംവിധാനമാണ് ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോൾ (BGP). അനധികൃത റൂട്ട് പ്രഖ്യാപനങ്ങൾ ഇന്റർനെറ്റ് ട്രാഫിക് തെറ്റായ ദിശയിലേക്ക് തിരിച്ചുവിടാൻ ഇടയാക്കുന്നതിനാൽ സൈബർ സുരക്ഷാ രംഗത്ത് ഇത് ഗുരുതര പ്രശ്നമായാണ് കണക്കാക്കപ്പെടുന്നത്.

നിരവധി പരാതികൾ ലഭിച്ചിട്ടും റിലയൻസ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും അതിനാൽ ഈ നടപടി മനപ്പൂർവമായിരിക്കാമെന്നും ദുരോവ് ആരോപിച്ചു. കൂടാതെ, ടെലിഗ്രാമും വാട്‍സാപ്പും തമ്മിലുള്ള കടുത്ത മത്സരവുമായി ഈ വിഷയത്തിന് ബന്ധമുണ്ടാകാമെന്ന സൂചനയും അദ്ദേഹം നൽകി. മെറ്റയ്ക്കും റിലയൻസിനും ബിസിനസ് ബന്ധമുണ്ടെന്നും അതിനാൽ വാട്‍സാപ്പിന് അനുകൂലമായ സാഹചര്യം സൃഷ്‍ടിക്കാനുള്ള ശ്രമമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദുരോവിന്റെ ആരോപണങ്ങൾക്ക് റിലയൻസ് ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല എന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ, നീറ്റ് 2026 പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പ് ശൃംഖലകളും സംബന്ധിച്ച ആശങ്കകളെ തുടർന്ന് ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നടപടിയെ ദുരോവ് ശക്തമായി വിമർശിച്ചു. 150 ദശലക്ഷത്തിലധികം സാധാരണ ഉപയോക്താക്കളാണ് ഈ നടപടിയൂടെ ബുദ്ധിമുട്ടുന്നതെന്നും കുറ്റക്കാർ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിലയൻസും വാട്‍സാപ്പും ചേർന്ന് ഇന്ത്യയിൽ ടെലിഗ്രാമിനെ നിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ തനിക്ക് അതിൽ അതിശയമില്ലെന്നും ദുരോവ് പറഞ്ഞു. എന്നാൽ, ഈ ആരോപണങ്ങൾക്ക് പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ദുരോവ് പുറത്തുവിട്ടിട്ടില്ല. വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കാൻ സ്വതന്ത്ര സാങ്കേതിക പരിശോധനകളും ഔദ്യോഗിക പ്രതികരണങ്ങളും കാത്തിരിക്കുകയാണ് സാങ്കേതിക ലോകം.

 

PREV
Read more Articles on
click me!

Recommended Stories

വിദേശികൾക്ക് ആന്ത്രോപിക്ക് എഐ മോഡലുകൾ വിലക്കി അമേരിക്കൻ സർക്കാർ; പിന്നിൽ ആമസോൺ ഇടപെടലോ?
നഗരസഭ വികസിപ്പിച്ചത് ലോകോത്തര എഐ മോഡൽ! ടെക് ഭീമന്മാരെ അമ്പരപ്പിച്ച് ബ്രസീൽ