
ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആൻത്രോപിക്കിന്‍റെ ഏറ്റവും പുതിയ കൃത്രിമ ബുദ്ധി (AI) മോഡലുകളായ ഫേബിൾ 5 (Fable 5), മൈത്തോസ് 5 (Mythos 5) എന്നിവയിലേക്കുള്ള വിദേശ പൗരന്മാരുടെ പ്രവേശനം തടഞ്ഞ് അമേരിക്കൻ സർക്കാർ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഈ മോഡലുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ.
ഈ നിയന്ത്രണത്തിന് പിന്നിൽ ആമസോണിന്റെ പങ്ക് ഉണ്ടായിരിക്കാമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്നത്. ഫേബിൾ 5 മോഡലിൽ ചില സുരക്ഷാ പ്രശ്നങ്ങൾ ആമസോൺ ഗവേഷകർ കണ്ടെത്തിയതായും ഇത് അമേരിക്കൻ അധികൃതരെ അറിയിച്ചിരുന്നു എന്ന് വാൾ സ്ട്രീറ്റ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു . പിന്നീട് ആമസോൺ സിഇഒ ആൻഡി ജാസിയും ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ ഈ വിഷയത്തിൽ നടന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ഫേബിൾ 5 പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. സൈബർ സുരക്ഷാ മേഖലയിൽ അതീവ ശക്തമായ കഴിവുകൾ ഉള്ളതായി വിശേഷിപ്പിക്കപ്പെട്ട മൈത്തോസ് എഐ സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ വികസിപ്പിച്ചിരുന്നത്. എന്നാൽ, സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് സോഫ്റ്റ്‌വെയർ ദൗർബല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന രീതിയിൽ മോഡലിനെ പ്രേരിപ്പിക്കാൻ ആമസോൺ ഗവേഷകർക്ക് സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതേ തുടർന്ന് അമേരിക്കൻ ഭരണകൂടം വിഷയത്തെ ഗൗരവമായി പരിശോധിക്കുകയും വിദേശ സർക്കാരുകൾക്കും കമ്പനികൾക്കും വ്യക്തികൾക്കും ഈ മോഡലുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ ആൻത്രോപിക് ലോകമെമ്പാടും ഫേബിൾ 5, മൈത്തോസ് 5 മോഡലുകളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു.
അതേസമയം അമേരിക്കൻ സർക്കാരിന്റെ ആശങ്കകൾ തെറ്റിദ്ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ആൻത്രോപിക്കിന്റെ വാദം. കണ്ടെത്തിയ പ്രശ്‍നം വളരെ പരിമിതമായതാണെന്നും സമാനമായ വിവരങ്ങൾ മറ്റ് പൊതുവായി ലഭ്യമായ എഐ മോഡലുകൾക്കും കണ്ടെത്താൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഒരു വാണിജ്യ മോഡൽ പിൻവലിക്കാൻ ഇത്ര ചെറിയ പ്രശ്‍നം കാരണമാകരുതെന്നും കമ്പനി അഭിപ്രായപ്പെട്ടു. അതേസമയം ആമസോൺ ഈ വിഷയത്തിൽ വ്യക്തമായ പ്രതികരണം നൽകിയിട്ടില്ല. സർക്കാരുകൾ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായം തേടാറുണ്ടെന്ന് മാത്രമാണ് കമ്പനി വക്താവ് അറിയിച്ചത്. ആൻത്രോപിക്കിന്റെ ഏറ്റവും വലിയ നിക്ഷേപകരിലും ക്ലൗഡ് പങ്കാളികളിലും ഒരാളാണ് ആമസോൺ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
എന്തായലും, അത്യാധുനിക എഐ സാങ്കേതികവിദ്യകളെ ദേശീയ സുരക്ഷയുടെ ഭാഗമായി കാണുന്ന പുതിയ സമീപനത്തിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന സൂചനയായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.