എഐക്കെതിരെ റോബോട്ടുകൾ തെരുവിൽ! ‘തൊഴിലുകൾ സംരക്ഷിക്കണം’; എഐക്കെതിരെ പോളണ്ടിൽ അപൂർവ സമരം

Published : Sep 09, 2026, 11:54 AM IST
Robots Protest Against AI

Synopsis

പോളണ്ടിലെ വാർസോയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെതിരെ റോബോട്ടുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. എഐ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നും മനുഷ്യരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡെമോക്രാറ്റിസം എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഈ വ്യത്യസ്തമായ പ്രതിഷേധം.

ർട്ടിഫിഷ്യൽ ഇന്റലിജൻസിനെതിരെ മനുഷ്യർക്കൊപ്പം റോബോട്ടുകളും പ്രതിഷേധിച്ചാലോ? കേൾക്കുമ്പോൾ അൽപം വിചിത്രമായി തോന്നാം. എന്നാൽ പോളണ്ടിൽ ഏകദേശം 30 റോബോട്ടുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. എഐ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നും റോബോട്ടുകളുടെ വളർച്ച മനുഷ്യരുടെ തൊഴിലുകളെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോളണ്ടിന്‍റെ ഡിജിറ്റൽ കാര്യ മന്ത്രാലയത്തിന് മുന്നിൽ വാർസോയിൽ ഈ ആഴ്ച ആദ്യമാണ് വ്യത്യസ്‍തമായ പ്രതിഷേധം നടന്നത്. മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾക്കൊപ്പം റോബോട്ട് നായകളും ഈ പ്രതിഷേധത്തിൽ പങ്കെടുത്തു.

‘തൊഴിലുകൾ സംരക്ഷിക്കണം’

ഡെമോക്രാറ്റിസം എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റോബോട്ടുകൾ വട്ടത്തിൽ നീങ്ങുകയും പതാകകൾ വീശുകയും ഉച്ചഭാഷിണികളിലൂടെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. എഐയും റോബോട്ടിക് സാങ്കേതികവിദ്യയും തൊഴിൽ വിപണിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് വലിയ ചർച്ചയ്ക്ക് തുടക്കമിടുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. സാങ്കേതികവിദ്യ ഇനി വിദൂരമായ ഭാവിയുടെ കാര്യമല്ലെന്നും റോബോട്ടുകളുടെ സാന്നിധ്യത്തിലൂടെ വ്യക്തമാക്കുകയായിരുന്നു ലക്ഷ്യം. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മനുഷ്യരൂപത്തിലുള്ള റോബോട്ടായ അജിബോട്ട് എ3 ഉൾപ്പെടെ വിവിധ തരത്തിലുള്ള യന്ത്രങ്ങളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇരുകാലിൽ സഞ്ചരിക്കുന്ന മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ മുതൽ നായയുടെ രൂപത്തിലുള്ള നാലുകാലി റോബോട്ടുകൾ വരെ പ്രതിഷേധത്തിന്റെ ഭാഗമായി.

‘ഇനി കാത്തിരിക്കരുത്, നിയന്ത്രണം വേണം’

പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോബോട്ടുകൾ പതാകകളും പ്ലക്കാർഡുകളും പിടിച്ചുനിൽക്കുന്നതും ഉച്ചഭാഷിണികളിലൂടെ മുദ്രാവാക്യങ്ങൾ മുഴക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ‘തൊഴിലിടങ്ങൾ സംരക്ഷിക്കുക’, ‘നിയമങ്ങൾക്കുള്ള സമയമായി’, ‘കാത്തിരിക്കരുത്, നിയന്ത്രിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റോബോട്ടുകൾ മുഴക്കിയത്. പ്രതിഷേധത്തിന്റെ സംഘാടകനായ ഗ്രെഗോർജ് കുലിസ് എഐയുടെയും റോബോട്ടിക് സാങ്കേതികവിദ്യയുടെയും അതിവേഗ വളർച്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. മനുഷ്യരൂപത്തിലുള്ള റോബോട്ടുകളും ബൗദ്ധിക ജോലികളിൽ ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസും മനുഷ്യരെ മാറ്റിസ്ഥാപിക്കാനുള്ള സാധ്യത ഗൗരവമായി പരിഗണിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ അധികം വൈകാതെ വലിയ പ്രശ്നം നേരിടേണ്ടിവരുമെന്നും തൊഴിലാളികളെ സംരക്ഷിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തിന് റോബോട്ടുകളെ പ്രതിഷേധത്തിൽ ഇറക്കി?

പ്രതിഷേധത്തിന്റെ പ്രധാന ആകർഷണമാക്കി റോബോട്ടുകളെ മാറ്റിയതിന് പിന്നിലും പ്രത്യേക ലക്ഷ്യമുണ്ടെന്ന് കുലിസ് പറഞ്ഞു. വഴിയാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നതിനൊപ്പം റോബോട്ടുകൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നേരിട്ട് കാണിക്കാനും ഇതിലൂടെ സാധിച്ചു. എഐയും റോബോട്ടിക്സും എത്ര വേഗത്തിലാണ് വികസിക്കുന്നതെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എഐ നിയന്ത്രിക്കാൻ പോളണ്ടും

യൂറോപ്യൻ യൂണിയന്റെ വിശാലമായ എഐ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പോളണ്ടും പുതിയ നിയമങ്ങൾ നടപ്പാക്കുന്ന സമയത്താണ് പ്രതിഷേധം നടന്നത്. 2024ൽ പ്രാബല്യത്തിൽ വന്ന യൂറോപ്യൻ യൂണിയന്റെ എഐ നിയമം അപകടസാധ്യതയുടെ അടിസ്ഥാനത്തിലാണ് എഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്. മനുഷ്യർക്ക് കൂടുതൽ അപകടം സൃഷ്‍ടിക്കാൻ സാധ്യതയുള്ള എഐ സംവിധാനങ്ങൾക്ക് കൂടുതൽ കർശനമായ നിയന്ത്രണങ്ങളാണ് നിയമത്തിലുള്ളത്. ഇതിലെ ഭൂരിഭാഗം നിയമങ്ങളും 2026 ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നിരോധിത എഐ രീതികൾ, സുതാര്യതാ മാനദണ്ഡങ്ങൾ, പൊതുവായ ആവശ്യങ്ങൾക്കായുള്ള എഐ മോഡലുകൾ തുടങ്ങിയ മേഖലകളിലാണ് നിലവിൽ നിയമനടപടികൾ പുരോഗമിക്കുന്നത്.

സ്വന്തം നിയമവും കൊണ്ടുവന്ന് പോളണ്ട്

യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ നടപ്പാക്കുന്നതിനായി പോളണ്ട് സ്വന്തം നിയമനിർമാണവും നടത്തി. ജൂലൈയിൽ പ്രസിഡന്റ് കരോൾ നവ്രോക്കി എഐ സംവിധാനങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ ഒപ്പുവച്ചു. എഐ സംവിധാനങ്ങളുടെ മേൽനോട്ടത്തിനായി ദേശീയ ചട്ടക്കൂട് ഒരുക്കുന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനവും സുരക്ഷയും സംബന്ധിച്ച പുതിയ കമ്മീഷനും ഇതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്. പോളണ്ടിലെ എഐ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനൊപ്പം അപകടകരമായ എഐ സംവിധാനങ്ങളെക്കുറിച്ചുള്ള പരാതികൾ പരിഗണിക്കുന്നതും കമ്മീഷന്റെ ചുമതലയായിരിക്കും.

PREV
Read more Articles on
click me!

Recommended Stories

എഐക്കും ട്രോമയോ? ചാറ്റ്ബോട്ടുകൾ ‘കുട്ടിക്കാല’ അനുഭവങ്ങൾ പറഞ്ഞപ്പോൾ ഞെട്ടി ഗവേഷകർ!
ഭൂരിഭാഗം സോഫ്റ്റ്‌വെയർ കോഡുകളും എഐ എഴുതും; മനുഷ്യരുടെ പ്രസക്തി നിലനിർത്താൻ വഴി കണ്ടെത്തണം: ശ്രീധർ വെമ്പു