
വാട്‍സാപ്പ് വെബും വിൻഡോസ് ആപ്പും ഉപയോഗിക്കുന്നവർക്കായി പുതിയ സൗകര്യവുമായി അഡോബ്. ഇനി മുതൽ അഡോബ് അക്രോബാറ്റ് നേരിട്ട് വാട്‍സാപ്പ് വെബിലും വിൻഡോസ് ആപ്പിലും ലഭ്യമാകും. ഇതിലൂടെ പിഡിഎഫ് ഫയലുകൾ കാണുന്നതിനോ അവയിൽ ഹൈലൈറ്റ് ചെയ്യുന്നതിനോ ഇനി വാട്‍സാപ്പിൽ നിന്ന് പുറത്തേക്ക് പോകേണ്ടതില്ല. പുതിയ അപ്ഡേറ്റിലൂടെ വാട്‍സാപ്പ് ചാറ്റ് വിൻഡോയിൽ തന്നെ പിഡിഎഫ് ഫയലുകൾ തുറന്ന് വായിക്കാനും അവലോകനം ചെയ്യാനും മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കാനും സാധിക്കും. ഇതോടെ ഒരു പിഡിഎഫ് കാണുന്നതിനായി പ്രത്യേകം ഡൗൺലോഡ് ചെയ്യുകയോ മറ്റൊരു ആപ്പ് തുറക്കുകയോ ചെയ്യേണ്ട സാഹചര്യം ഒഴിവാകുമെന്ന് അഡോബ് അറിയിച്ചു.
പുതിയ സംയോജനത്തിലൂടെ ഉപയോക്താക്കൾക്ക് പിഡിഎഫ് രേഖകൾ സ്ക്രോൾ ചെയ്യാനും സൂം ചെയ്യാനും സാധിക്കും. കൂടാതെ ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യുക, ഉള്ളടക്കത്തിൽ സ്‌ട്രൈക്ക് ത്രൂ ചേർക്കുക, ലളിതമായ മാർക്കപ്പുകൾ നടത്തുക തുടങ്ങിയ സൗകര്യങ്ങളും വാട്‍സാപ്പ് ചാറ്റിൽ തന്നെ ലഭ്യമാകും.
ഇതോടൊപ്പം അഡോബ് അക്രോബാറ്റിലെ അനോട്ടേഷൻ ടൂളുകൾ ഉപയോഗിച്ച് കുറിപ്പുകൾ ചേർക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അണ്ടർലൈൻ ചെയ്യാനും വൃത്തം വരച്ച് പ്രത്യേക ഭാഗങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്താനും കഴിയും. ഡോക്യുമെന്‍റേഷനുകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന ടീമുകൾക്കും വിദ്യാർഥികൾക്കും ചെറുകിട സംരംഭകർക്കും ഈ ഫീച്ച കൂടുതൽ പ്രയോജനകരമാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.
വലിയ സ്‌ക്രീനിൽ വാട്‍സാപ്പ് വെബിലൂടെ പിഡിഎഫ് രേഖകൾ പരിശോധിക്കുന്ന ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും സംരംഭകർക്കും ഉപഭോക്താക്കൾക്കും വിദ്യാർഥികൾക്കും ഈ സംയോജനം കൂടുതൽ സൗകര്യമൊരുക്കും. രേഖകളിൽ നേരിട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തി മറ്റുള്ളവരുമായി പങ്കുവെക്കാനും ഇനി എളുപ്പമാകും.
പാസ്‌വേഡ് സംരക്ഷണമുള്ള അഡോബ് അക്രോബാറ്റ് രേഖകളുടെ സുരക്ഷയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി. വാട്‍സാപ്പിന്‍റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പരിരക്ഷ പിഡിഎഫ് ഫയലുകൾക്കും ലഭ്യമാകുന്നതിനാൽ രേഖകളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും അഡോബ് അറിയിച്ചു.
അഡോബ് അക്രോബാറ്റിന്റെ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ ചിത്രങ്ങൾ, എഴുത്തുകൾ, മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവ സൃഷ്ടിക്കാൻ സഹായിക്കുന്ന കൃത്രിമ ബുദ്ധി അധിഷ്‍ഠിത പ്രൊഡക്ടിവിറ്റി ഏജന്റിനെയും അഡോബ് അക്രോബാറ്റിൽ കമ്പനി അവതരിപ്പിച്ചിരുന്നു. ഏറ്റവും പുതിയ സംയോജനത്തോടെ വാട്‍സാപ്പിലൂടെ രേഖകൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ ലളിതവും വേഗത്തിലുമാകുമെന്നാണ് വിലയിരുത്തൽ.