ഫേസ്ബുക്കിലെ ബ്ലൂ ടിക്ക് ഇനി നിങ്ങൾക്കും ഫ്രീയായി നേടാം; ഒരു സെൽഫി വീഡിയോ മതി!

Published : Jul 27, 2026, 08:40 AM IST
Facebook to Offer Free Verified Badge

Synopsis

വ്യാജ അക്കൗണ്ടുകളും നിർമിത ബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രൊഫൈലുകളും തടയാൻ ഫേസ്ബുക്ക് പുതിയ സൗജന്യ വെരിഫിക്കേഷൻ സംവിധാനം അവതരിപ്പിക്കുന്നു. ഒരു സെൽഫി വീഡിയോ സമർപ്പിക്കുന്നതിലൂടെ സാധാരണ ഉപയോക്താക്കൾക്കും ഇനി യഥാർഥ വ്യക്തിയാണെന്ന് തെളിയിക്കുന്ന വെരിഫൈഡ് ബാഡ്ജ് നേടാനാകും. ഈ ഫീച്ചർ ഘട്ടംഘട്ടമായി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.

വ്യാജ അക്കൗണ്ടുകളും നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ പ്രൊഫൈലുകളും വർധിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ വിശ്വാസം വർധിപ്പിക്കാൻ പുതിയ നീക്കവുമായി ഫേസ്ബുക്ക്. ഇനി യഥാർഥ വ്യക്തിയാണെന്ന് തെളിയിക്കുന്നവർക്ക് സൗജന്യമായി 'വെരിഫൈഡ്' ബാഡ്‍ജ് നൽകും. ഇതിനായി ചെറിയൊരു സെൽഫി വീഡിയോ സമർപ്പിച്ചാൽ മതി. എഐ സാങ്കേതികവിദ്യയുടെ വളർച്ചയോടെ വ്യാജ ചിത്രങ്ങളും പ്രൊഫൈലുകളും സൃഷ്‍ടിക്കുന്നത് വളരെ എളുപ്പമായ സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം. ഉപയോക്താക്കൾ യഥാർഥ വ്യക്തിയുമായാണോ ആശയവിനിമയം നടത്തുന്നതെന്ന് തിരിച്ചറിയാൻ സഹായിക്കുകയാണ് പുതിയ ഫേസ്ബുക്ക് വെരിഫൈഡ് സംവിധാനത്തിന്റെ ലക്ഷ്യം.

എല്ലാവർക്കും ലഭ്യമാകുന്ന വെരിഫിക്കേഷൻ

നിലവിൽ സെലിബ്രിറ്റികൾക്കും പൊതുപ്രവർത്തകർക്കും പണമടച്ച് സേവനം സ്വീകരിക്കുന്നവർക്കുമാണ് സാധാരണയായി വെരിഫിക്കേഷൻ ലഭിക്കുന്നത്. എന്നാൽ പുതിയ സംവിധാനത്തിലൂടെ സാധാരണ ഉപയോക്താക്കൾക്കും സൗജന്യമായി വെരിഫൈഡ് ബാഡ്ജ് നേടാനാകും. ഇതിനായി യോഗ്യരായ ഉപയോക്താക്കൾ ഒരു ചെറിയ സെൽഫി വീഡിയോ റെക്കോർഡ് ചെയ്ത് സമർപ്പിക്കണം. ഈ വീഡിയോ അക്കൗണ്ടിലുള്ള ചിത്രങ്ങളുമായി ഫേസ്ബുക്ക് താരതമ്യം ചെയ്ത് അക്കൗണ്ട് യഥാർഥ വ്യക്തിയുടേതാണെന്ന് ഉറപ്പുവരുത്തും.

ഏതാനും മിനിറ്റുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാകും

വെരിഫിക്കേഷൻ നടപടികൾ സാധാരണയായി ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാകുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. എന്നാൽ അക്കൗണ്ടിന് തട്ടിപ്പ്, വഞ്ചന, വ്യാജ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ ചരിത്രം പാടില്ല. കൂടാതെ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും നല്ല നിലയിൽ പ്രവർത്തിക്കുന്ന വ്യക്തിഗത അക്കൗണ്ടുകൾക്കുമാണ് ഈ സൗകര്യം ലഭിക്കുക. അതേസമയം പേജുകൾക്കും പ്രൊഫഷണൽ മോഡ് ഉപയോഗിക്കുന്ന പ്രൊഫൈലുകൾക്കും നിലവിൽ ഈ വെരിഫിക്കേഷൻ ലഭ്യമല്ല.

ബാഡ്‍ജ് എവിടെയൊക്കെ കാണാം?

വെരിഫിക്കേഷൻ പൂർത്തിയായാൽ ഉപയോക്താവിന്റെ പ്രൊഫൈലിലും ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ്, ഡേറ്റിംഗ്, ഗ്രൂപ്പുകൾ തുടങ്ങിയ വിഭാഗങ്ങളിലുമാണ് വെരിഫൈഡ് ബാഡ്ജ് ദൃശ്യമാകുക. ഭാവിയിൽ ന്യൂസ് ഫീഡിലെ പോസ്റ്റുകളിലും ഇത് പ്രദർശിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഒരിക്കൽ വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ പിന്നീട് വീണ്ടും നടപടികൾ ആവർത്തിക്കേണ്ടതില്ല. അധിക സബ്‌സ്‌ക്രിപ്ഷൻ ഫീസും ഇതിനായി ഈടാക്കില്ല.

വെരിഫൈഡ് ബാഡ്‍ജ് സുരക്ഷയുടെ ഉറപ്പല്ല

അതേസമയം വെരിഫൈഡ് ബാഡ്‍ജ് ലഭിച്ചതുകൊണ്ട് ആ വ്യക്തി വിശ്വസനീയനാണെന്നോ ഫേസ്ബുക്ക് അദ്ദേഹത്തെ അംഗീകരിച്ചെന്നോ അർഥമില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഈ ബാഡ്‍ജ് അക്കൗണ്ട് ഒരു യഥാർഥ വ്യക്തിയുടേതാണെന്ന് മാത്രമാണ് സ്ഥിരീകരിക്കുന്നത്. വെരിഫൈഡ് അക്കൗണ്ടുകൾക്കും ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേഡ്‍സ്, കൊമേഴ്‌സ് പോളിസികൾ എന്നിവ പാലിക്കേണ്ടതുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന യഥാർഥ വ്യക്തികൾക്കെതിരെയും നടപടിയുണ്ടാകുമെന്നും കമ്പനി അറിയിച്ചു.

ഘട്ടംഘട്ടമായി കൂടുതൽ രാജ്യങ്ങളിലേക്ക്

പുതിയ ഫേസ്ബുക്ക് വെരിഫൈഡ് സംവിധാനം ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത വിപണികളിലാണ് അവതരിപ്പിക്കുന്നത്. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. എഐ സൃഷ്ടിക്കുന്ന വ്യാജ അക്കൗണ്ടുകൾ വർധിക്കുന്ന സാഹചര്യത്തിൽ യഥാർഥ വ്യക്തികളെയും കൃത്രിമ അക്കൗണ്ടുകളെയും എളുപ്പത്തിൽ തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് ഫേസ്ബുക്കിന്റെ വിലയിരുത്തൽ.

PREV
Read more Articles on
click me!

Recommended Stories

പുതിയ അത്ഭുത റോബോട്ടുമായി ചൈനീസ് റോബോട്ടിക് കമ്പനി; ഭാവിയിൽ യുദ്ധഭൂമിയിലെ ആയുധമാകുമോ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ