പുതിയ അത്ഭുത റോബോട്ടുമായി ചൈനീസ് റോബോട്ടിക് കമ്പനി; ഭാവിയിൽ യുദ്ധഭൂമിയിലെ ആയുധമാകുമോ?

Published : Jul 26, 2026, 09:20 AM IST
Unitree Unveils AS2 W Quadruped Robot

Synopsis

ചൈനീസ് കമ്പനിയായ യൂണിട്രീ, AS2-W എന്ന പുതിയ നാല് കാലുകളുള്ള റോബോട്ടിനെ അവതരിപ്പിച്ചു. ദുർഘടമായ പ്രതലങ്ങളിൽ സഞ്ചരിക്കാനും ഭാരം വഹിക്കാനും കഴിവുള്ള ഈ റോബോട്ട്, വ്യാവസായിക ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണെങ്കിലും ഇതിന്റെ സൈനിക ഉപയോഗ സാധ്യതകളെക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്.

റോബോട്ടിക്സ് രംഗത്ത് പുതിയ മുന്നേറ്റവുമായി ചൈനീസ് കമ്പനി യൂണിട്രീ (Unitree). മനുഷ്യർക്കും സാധാരണ വാഹനങ്ങൾക്കും എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ പോലും സഞ്ചരിക്കാൻ കഴിയുന്ന പുതിയ നാല് കാലുകളുള്ള റോബോട്ടിനെ കമ്പനി അവതരിപ്പിച്ചു. യൂണിട്രീ സൂപ്പർ അത്‌ലറ്റ് AS2-W എന്ന പേരിലുള്ള ഈ റോബോട്ട്, ഇതുവരെ കമ്പനി പുറത്തിറക്കിയതിൽ ഏറ്റവും കഴിവേറിയ ക്വാഡ്രുപെഡ് റോബോട്ടുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

എക്‌സിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് യൂണിട്രീ പുതിയ റോബോട്ടിനെ പരിചയപ്പെടുത്തിയത്. കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ കയറുന്നതും ചെറുതോടുകളിലൂടെ കടന്നുപോകുന്നതും വേഗത്തിൽ ദിശ മാറ്റുന്നതും ഫ്ലിപ്പ് ചെയ്യുന്നതുമെല്ലാം AS2-W വീഡിയോയിൽ കാണിക്കുന്നു. ഇതിനിടെ ഒരു ബാക്ക്പാക്കും റോബോട്ട് വഹിക്കുന്നുണ്ട്. റോബോട്ടിന്റെ ചലനശേഷിയുടെ വലിയൊരു ഭാഗം റീഇൻഫോഴ്സ്മെന്റ് ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണെന്നാണ് യൂണിട്രീ പറയുന്നത്. അതുവഴി വ്യത്യസ്തവും ബുദ്ധിമുട്ടേറിയതുമായ സാഹചര്യങ്ങളിൽ തത്സമയം പൊരുത്തപ്പെടാൻ റോബോട്ടിന് സാധിക്കും.

AS2-Wയുടെ പ്രത്യേകതകൾ

കാണുമ്പോൾ മുമ്പ് യൂണിട്രീ പുറത്തിറക്കിയ റോബോട്ടിക് നായകളോട് സാമ്യമുണ്ടെങ്കിലും AS2-W വ്യത്യസ്തമായ രൂപകൽപ്പനയാണ് പിന്തുടരുന്നത്. കാലുകൾക്കൊപ്പം ചക്രങ്ങളും ഉൾപ്പെടുത്തിയ ഹൈബ്രിഡ് സംവിധാനമാണ് ഇതിലുള്ളത്. ഇതിലൂടെ സാധാരണ സമതലങ്ങളിൽ വേഗത്തിൽ സഞ്ചരിക്കാനും, അതേസമയം പാറകളും കയറ്റങ്ങളും പോലുള്ള സങ്കീർണമായ പ്രദേശങ്ങൾ കാലുകളുടെ സഹായത്തോടെ മറികടക്കാനും സാധിക്കും.

16 കിലോഗ്രാം വരെ തുടർച്ചയായ ഭാരം വഹിക്കാൻ AS2-Wയ്ക്ക് കഴിയും. ബാറ്ററിയോടുകൂടിയ റോബോട്ടിന്റെ ഭാരം ഏകദേശം 18 കിലോഗ്രാമാണ്. ഒറ്റ ചാർജിൽ 30 കിലോമീറ്ററിലധികം സഞ്ചരിക്കാനും സെക്കൻഡിൽ 5 മീറ്ററിലധികം വേഗത കൈവരിക്കാനും ഇതിന് സാധിക്കുമെന്ന് കമ്പനി പറയുന്നു. 25 സെന്റീമീറ്റർ ഉയരമുള്ള പടികൾ കയറാനും 40 ഡിഗ്രി വരെ ചരിവുകൾ മറികടക്കാനും 50 സെന്റീമീറ്റർ ഉയരമുള്ള തടസ്സങ്ങൾ കടക്കാനും റോബോട്ടിന് കഴിയും. 12 ഹൈ-പവർ ഡെൻസിറ്റി മോട്ടോറുകൾ, എട്ട് കോർ പ്രോസസർ, വൈഫൈ 6, ബ്ലൂടൂത്ത് 5.2 എന്നിവയാണ് ഇതിന്റെ പ്രധാന സാങ്കേതിക സവിശേഷതകൾ.

റോബോട്ടിൽ എഐ അധിഷ്‍ഠിത സെൻസർ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലിഡാർ, ഹൈ ഡെഫനിഷൻ ക്യാമറ, മൈക്രോഫോൺ, സ്പീക്കർ, യൂണിട്രീയുടെ ISS 3.0 ഇന്റലിജന്റ് ഫോളോ സിസ്റ്റം എന്നിവ ഘടിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഇത് റോബോട്ടിന് കൂടുതൽ കൃത്യതയോടെ സ്ഥാനം കണ്ടെത്താനും സ്വയം തീരുമാനങ്ങൾ എടുക്കാനും സഹായിക്കും.

യുദ്ധഭൂമിയിൽ ഉപയോഗിക്കുമോ?

നിലവിൽ വ്യാവസായിക പരിശോധനകൾ, ചരക്ക് നീക്കം, രക്ഷാപ്രവർത്തനം, ഗവേഷണം, ഔട്ട്ഡോർ പര്യവേക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് AS2-W രൂപകൽപ്പന ചെയ്തതത് എന്നാണ് യൂണിട്രീ വ്യക്തമാക്കുന്നത്. എന്നാൽ റോബോട്ടിന്റെ കഴിവുകൾ പരിഗണിക്കുമ്പോൾ സൈനിക രംഗത്തെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളും ഉയരുന്നുണ്ട്. ദുഷ്‍കരമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും ഭാരം വഹിക്കാനും സ്വയം പ്രവർത്തിക്കാനും കഴിയുന്ന ഇത്തരം റോബോട്ടുകൾ ഭാവിയിൽ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടാനുള്ള സാധ്യത സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സൈനിക ഉപയോഗത്തിനായി AS2-W വിന്യസിക്കുമെന്ന് യൂണിട്രീ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സമാന ശേഷിയുള്ള റോബോട്ടുകൾക്ക് അപകടകരമായ മേഖലകളിൽ നിരീക്ഷണം നടത്താനും, സാധനങ്ങൾ എത്തിക്കാനും, സെൻസറുകളും ആശയവിനിമയ ഉപകരണങ്ങളും വഹിക്കാനും സൈനികരെ സഹായിക്കാനും കഴിയും. റോബോട്ടുകൾ സ്ഫോടക വസ്തുക്കൾ വഹിച്ച് ആക്രമണ സംവിധാനങ്ങളായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ചും ഭാവിയിൽ ചർച്ചകൾ ഉയരാം. ദുഷ്‍കരമായ ഭൂപ്രദേശങ്ങളിൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സ്വയം പ്രവർത്തിക്കുന്ന യന്ത്രങ്ങൾ യുദ്ധരീതികളിൽ വലിയ മാറ്റങ്ങൾ സൃഷ്‍ടിക്കാനുള്ള ശേഷിയുള്ളവയാണ്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് നിയന്ത്രിത സാഹചര്യങ്ങളിൽ ആവർത്തന ജോലികൾ മാത്രം ചെയ്തിരുന്ന റോബോട്ടുകളിൽ നിന്ന് ഏറെ മുന്നിലാണ് ഇന്നത്തെ സാങ്കേതികവിദ്യ. ലോജിസ്റ്റിക്സ്, ദുരന്തനിവാരണം, ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ ഉപയോഗിക്കാവുന്ന ഇത്തരം യന്ത്രങ്ങൾ ഭാവിയിൽ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലും, ഒരുപക്ഷേ യുദ്ധരംഗത്തും, വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
വാട്‍സാപ്പിൽ അഡോബ് മാജിക്: പിഡിഎഫ് ഇനി ചാറ്റ് വിൻഡോയിൽ