വാട്സ്ആപ്പിൽ വമ്പൻ അപ്ഡേറ്റ്: ഇനി കാത്തിരിക്കേണ്ട

Published : Nov 27, 2026, 11:24 PM IST
WhatsApp Scheduled Messages

Synopsis

വാട്‍സാപ്പിൽ മെസേജ് ഷെഡ്യൂളിങ് ഫീച്ചർ എത്തുന്നു. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും 14 ദിവസം മുൻകൂട്ടി സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ കഴിയും. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ സേവനം ഉടൻ ലഭിക്കും.

അർധരാത്രി 12 മണിക്ക് ജന്മദിനാശംസകൾ നേരാൻ ഇനി അലാറം വെച്ച് കാത്തിരിക്കേണ്ട. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിൽ ഏറെ നാളായി ഉപയോക്താക്കൾ ആവശ്യപ്പെടുന്ന മെസേജ് ഷെഡ്യൂളിങ് സൗകര്യം എത്തുന്നു. ലോകത്ത് വാട്സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. 50 കോടിയിലധികം പേർ ഉപയോഗിക്കുന്ന വാട്സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നത് ഇന്ത്യൻ ഉപയോക്താക്കൾക്കും ഏറെ പ്രയോജനപ്പെടും. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും സന്ദേശങ്ങൾ മുൻകൂട്ടി തയ്യാറാക്കി നിശ്ചിത സമയത്ത് അയക്കാൻ കഴിയുന്നതാണ് പുതിയ സൗകര്യം. നവംബർ 25ന് ഔദ്യോഗിക ബ്ലോഗിലൂടെ പ്രഖ്യാപിച്ച ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ആഗോളതലത്തിൽ ഘട്ടംഘട്ടമായി ലഭ്യമാക്കും. ഇന്ത്യയിലും ചില ഉപയോക്താക്കൾക്ക് ഫീച്ചർ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

എങ്ങനെ മെസേജ് ഷെഡ്യൂൾ ചെയ്യാം?

വാട്സ്ആപ്പിലെ വ്യക്തിഗത ചാറ്റോ ഗ്രൂപ്പോ തുറന്ന് അയക്കേണ്ട സന്ദേശം ടൈപ്പ് ചെയ്യുകയോ ചിത്രമോ വിഡിയോയോ അറ്റാച്ച് ചെയ്യുകയോ ചെയ്യുക. സാധാരണ പോലെ സെൻഡ് ബട്ടൺ അമർത്തുന്നതിന് പകരം കുറച്ചുനേരം അമർത്തിപ്പിടിക്കണം. തുടർന്ന് സന്ദേശം അയക്കേണ്ട തീയതിയും സമയവും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. വിവരങ്ങൾ സ്ഥിരീകരിച്ചാൽ നിശ്ചയിച്ച സമയത്ത് വാട്സ്ആപ്പ് തനിയെ സന്ദേശം അയക്കും.

14 ദിവസം വരെ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം

10 മിനിറ്റ് മുതൽ 14 ദിവസം വരെ മുൻകൂട്ടി സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനാകും. നിലവിൽ ടെക്സ്റ്റ് സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവയ്ക്കാണ് പിന്തുണയുള്ളത്. വോയ്സ് നോട്ടുകളും ഡോക്യുമെന്റുകളും ഷെഡ്യൂൾ ചെയ്യാൻ കഴിയില്ല.

ഫോൺ ഓഫായാലും ബാറ്ററി തീർന്നാലും ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും നിശ്ചയിച്ച സമയത്ത് സന്ദേശം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സ്വീകർത്താവിന് സാധാരണ സന്ദേശം പോലെയായിരിക്കും ഇത് ലഭിക്കുക. ഷെഡ്യൂൾ ചെയ്ത സന്ദേശമാണെന്ന് തിരിച്ചറിയാനുള്ള പ്രത്യേക അടയാളവും ഉണ്ടാകില്ല.

അയക്കാനിരിക്കുന്ന സന്ദേശങ്ങൾ ഒരിടത്ത് കാണാനും ആവശ്യമെങ്കിൽ അയക്കുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്യാനും കഴിയും. എന്നാൽ ഷെഡ്യൂൾ ചെയ്ത സന്ദേശം പിന്നീട് എഡിറ്റ് ചെയ്യാനോ അയക്കുന്ന സമയം മാറ്റാനോ സാധിക്കുമോ എന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. സന്ദേശങ്ങളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനും തുടരും.

ടെലഗ്രാമിന്റെ പരിഹാസം; എക്സിൽ മീമുകളുടെ പെരുമഴ

വാട്‍സാപ്പിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമമായ എക്സിൽ ചർച്ചകൾ സജീവമായി. 'വിശ്രമിച്ചോളൂ കുട്ടീ, ഷെഡ്യൂൾ ചെയ്ത സന്ദേശം കൃത്യസമയത്ത് എത്തും' എന്ന അർഥത്തിലുള്ള കുറിപ്പിലൂടെയാണ് വാട്സ്ആപ്പ് പുതിയ ഫീച്ചർ ആഘോഷിച്ചത്. എന്നാൽ എതിരാളിയായ ടെലഗ്രാം വാട്സ്ആപ്പിനെ പരിഹസിച്ചെത്തി. 2019 മുതൽ ടെലഗ്രാമിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യമുണ്ടെന്നും 2023ൽ സിഗ്നലും ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.

ഇന്ത്യൻ ഉപയോക്താക്കളും മീമുകളുമായി രംഗത്തെത്തി. ഞായറാഴ്ച പുലർച്ചെ 6 മണിക്ക് ബന്ധുക്കൾ 'മോനേ, കല്യാണം എപ്പോഴാണ്?' എന്ന സന്ദേശം ഷെഡ്യൂൾ ചെയ്യുമെന്നായിരുന്നു പലരുടെയും തമാശ. കുടുംബഗ്രൂപ്പുകളിലെ ഗുഡ് മോണിങ് പൂക്കളുടെ ചിത്രങ്ങളും ഇനി ഓട്ടോമാറ്റിക്കായി എത്തുമെന്ന പരിഹാസവും ഉയർന്നു.

ജന്മദിനാശംസകൾക്കും ഷെഡ്യൂളിങ് വേണോ?

പുതിയ ഫീച്ചറിനെ നിരവധി പേർ സ്വാഗതം ചെയ്തെങ്കിലും ജന്മദിനാശംസകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നതിനെതിരെ ചിലർ രംഗത്തെത്തി. വികാരങ്ങളില്ലാത്ത ഓട്ടോമാറ്റിക് ആശംസകളേക്കാൾ ഒരുദിവസം വൈകിയാണെങ്കിലും ആത്മാർഥമായി ഓർക്കുമ്പോൾ ലഭിക്കുന്ന ആശംസകളാണ് നല്ലതെന്നായിരുന്നു ചിലരുടെ അഭിപ്രായം.

സമയവ്യത്യാസമുള്ള രാജ്യങ്ങളിലുള്ളവർക്ക് സന്ദേശമയക്കാനും പരീക്ഷാ ആശംസകൾ, ജോലി സംബന്ധമായ ഓർമപ്പെടുത്തലുകൾ, ബിസിനസ് സന്ദേശങ്ങൾ എന്നിവ അയക്കാനും പുതിയ ഫീച്ചർ പ്രയോജനപ്പെടും. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ പുതിയ സൗകര്യം ലഭ്യമാകുന്നുണ്ടോയെന്ന് പരിശോധിക്കാം.

PREV
Read more Articles on
click me!

Recommended Stories

രേഖകൾ വായിക്കാൻ ഇനി പത്രം 1.5; പ്രത്യേകതകൾ എന്തൊക്കെ?
ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് ഉടൻ വരുമോ?