ഇന്ത്യയിലെ സങ്കീർണ്ണമായ ബാങ്ക്, ആശുപത്രി, സർക്കാർ രേഖകൾ വായിച്ചെടുക്കാൻ സഹായിക്കുന്ന ഭാരത്ജെൻ്റെ പുതിയ എഐ മോഡലാണ് 'പത്രം 1.5'. 7 ബില്യൺ പാരാമീറ്ററുകളുള്ള ഈ മോഡൽ തെറ്റായ വിവരങ്ങൾ നൽകാതെയും സ്വകാര്യത ഉറപ്പാക്കിയും കൃത്യമായ സേവനം നൽകുന്നു.
ഇന്ത്യയിലെ ബാങ്ക് രേഖകൾ, ആശുപത്രി റിപ്പോർട്ടുകൾ, ഇൻഷുറൻസ് പേപ്പറുകൾ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണ്. അവ്യക്തമായ സ്കാനുകൾ, കൈയെഴുത്തുകൾ, സീലുകൾ, ഒപ്പുകൾ, ഇംഗ്ലീഷും പ്രാദേശിക ഭാഷകളും കലർന്ന രേഖകൾ എന്നിവ വായിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ഈ പ്രശ്നത്തിന് പരിഹാരവുമായി ഇന്ത്യയുടെ സ്വന്തം എഐ മോഡലായ 'പത്രം 1.5' അവതരിപ്പിച്ചിരിക്കുകയാണ് ഭാരത്ജെൻ.
ഈ മോഡൽ 7 ബില്യൺ പാരാമീറ്ററുകളുള്ള ഓപ്പൺ വെയ്റ്റ് വിഷൻ ലാംഗ്വേജ് മോഡലാണ്. 2025 ജൂണിൽ അവതരിപ്പിച്ച പത്രം 1ന്റെ തുടർച്ചയായാണ് പുതിയ പതിപ്പ് എത്തുന്നത്. രേഖകൾക്ക് പുറമെ പട്ടികകൾ, ചാർട്ടുകൾ, ഫോമുകൾ, ചിത്രങ്ങൾ, ഡയഗ്രമുകൾ എന്നിവയും തിരിച്ചറിയാൻ മോഡലിന് കഴിയും.
എങ്ങനെയാണ് പത്രം 1.5 വ്യത്യസ്തമാകുന്നത്?
സാധാരണയായി രേഖകൾ വായിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളിൽ രണ്ട് ഘട്ടങ്ങളാണുള്ളത്. ആദ്യം ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (ഒസിആർ) ഉപയോഗിച്ച് സ്കാൻ ചെയ്ത രേഖയിലെ വാക്കുകൾ തിരിച്ചറിയുന്നു. പിന്നീട് ലാർജ് ലാംഗ്വേജ് മോഡൽ ഉപയോഗിച്ച് വിവരങ്ങൾ വിശകലനം ചെയ്യുന്നു. എന്നാൽ ഈ രീതിയിൽ രേഖകളിലെ സീലുകൾ, കൈയെഴുത്ത് കുറിപ്പുകൾ, പട്ടികകളുടെ ക്രമീകരണം തുടങ്ങിയവ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
പത്രം 1.5 ഈ രണ്ട് ഘട്ടങ്ങളും ഒരുമിപ്പിക്കുന്നു. രേഖയെ ചിത്രമായി പരിശോധിച്ച് വിവരങ്ങൾ വായിക്കുകയും അവയുടെ അർഥം മനസിലാക്കി മറുപടി നൽകുകയും ചെയ്യും. പുതിയ ഒസിആർ 3.0 സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ സാധാരണ ഭാഷയിൽ നിർദേശിക്കാം. ടെക്സ്റ്റ്, മാർക്ക്ഡൗൺ, എച്ച്ടിഎംഎൽ, ജെഎസ്ഒഎൻ തുടങ്ങിയ ഫോർമാറ്റുകളിൽ വിവരങ്ങൾ ലഭിക്കും.
അറിയാത്ത കാര്യങ്ങൾ ഊഹിച്ച് പറയില്ല
ബാങ്കിങ്, ആരോഗ്യരംഗം, സർക്കാർ സേവനങ്ങൾ എന്നിവയിൽ ചെറിയ പിഴവുകൾ പോലും വലിയ പ്രശ്നങ്ങളുണ്ടാക്കാം. അതിനാൽ അറിയാത്ത വിവരങ്ങൾ ഊഹിച്ച് പറയാതിരിക്കാനുള്ള പരിശീലനവും മോഡലിന് നൽകിയിട്ടുണ്ട്. ഒരു രേഖയിലെ ഭാഗം അവ്യക്തമാണെങ്കിൽ അത് വ്യക്തമാക്കാൻ കഴിയാത്തതിന്റെ കാരണം മോഡൽ വിശദീകരിക്കും. ഊഹിക്കാൻ കഴിയുന്ന വിവരങ്ങൾ നൽകിയാൽ അത് മനുഷ്യർ പരിശോധിക്കേണ്ടതാണെന്നും പ്രത്യേകം സൂചിപ്പിക്കും.
49 പരീക്ഷണങ്ങളിൽ വിലയിരുത്തൽ
34 പൊതുവായ ബെഞ്ച്മാർക്കുകളും ഭാരത്ജെൻ വികസിപ്പിച്ച 15 പരീക്ഷണങ്ങളും ഉൾപ്പെടെ 49 വിലയിരുത്തലുകളിലാണ് പത്രം 1.5 പരീക്ഷിച്ചത്. 8,773 പേജുകളിലായി ശേഖരിച്ച 11,828 ഇനങ്ങളുള്ള പത്രംബെഞ്ച് ഡാറ്റാസെറ്റും ഇതിനായി ഉപയോഗിച്ചു. 20 മറ്റ് എഐ മോഡലുകളുമായും 7 പ്രത്യേക ഒസിആർ സംവിധാനങ്ങളുമായും താരതമ്യം നടത്തിയിട്ടുണ്ട്.
ഭാരത്ജെൻ പ്ലേഗ്രൗണ്ടിൽ സൗജന്യമായി പരീക്ഷിക്കാം
ഭാരത്ജെൻ പ്ലേഗ്രൗണ്ടിലെ ചാറ്റ് സംവിധാനത്തിലൂടെ രേഖകളോ ചിത്രങ്ങളോ അപ്ലോഡ് ചെയ്ത് പത്രം 1.5 പരീക്ഷിക്കാം. വിവരങ്ങൾ വേർതിരിച്ചെടുക്കാനും തരംതിരിക്കാനും രേഖകൾ വിഭജിക്കാനും സഹായിക്കുന്ന സംവിധാനങ്ങളും ലഭ്യമാണ്. ഡിജിറ്റൈസ്, ട്രാൻസ്ലേറ്റ്, എഡിറ്റ് തുടങ്ങിയ സൗകര്യങ്ങളും ഉടൻ എത്തും.
സ്വകാര്യതയ്ക്കും പ്രാധാന്യം
ഹഗ്ഗിങ് ഫേസിൽ ഓപ്പൺ വെയ്റ്റായി ലഭ്യമാകുന്ന പത്രം 1.5 ബാങ്കുകൾക്കും ആശുപത്രികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സ്വന്തം സെർവറുകളിൽ പ്രവർത്തിപ്പിക്കാം. ഇതുവഴി രഹസ്യരേഖകൾ പുറത്തേക്ക് കൈമാറാതെ തന്നെ എഐയുടെ സഹായം പ്രയോജനപ്പെടുത്താം.
2024 ഒക്ടോബറിൽ സ്ഥാപിതമായ ഭാരത്ജെൻ, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും ഇന്ത്യഎഐ മിഷന്റെയും പിന്തുണയുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്. ഐഐടി ബോംബെയുടെ നേതൃത്വത്തിൽ 9 പ്രമുഖ ഇന്ത്യൻ അക്കാദമിക് സ്ഥാപനങ്ങളുടെ കൂട്ടായ്മയോടെയാണ് പ്രവർത്തനം. ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകൾക്കായുള്ള ടെക്സ്റ്റ്, ശബ്ദം, വിഷൻ എഐ മോഡലുകളും സ്ഥാപനം വികസിപ്പിക്കുന്നുണ്ട്.














