മനുഷ്യ ബുദ്ധിക്ക് തുല്യമായ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2028-ന് മുമ്പ് യാഥാർഥ്യമായേക്കുമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സഹസ്ഥാപകൻ ഷെയ്ൻ ലെഗ്ഗ് വിലയിരുത്തുന്നു. മനുഷ്യർക്ക് എജിഐ നേരിടാൻ ഇനി ഏതാനും വർഷങ്ങൾ മാത്രമേ ലഭിക്കൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മനുഷ്യന്റെ ബുദ്ധിശേഷിക്ക് സമാനമായി വിവിധ മേഖലകളിൽ ചിന്തിക്കാനും പഠിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ശേഷിയുള്ള ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ) പ്രതീക്ഷിച്ചതിലും നേരത്തെ യാഥാർഥ്യമായേക്കുമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സഹസ്ഥാപകൻ ഷെയ്ൻ ലെഗ്. 2028ന് മുമ്പ് മിനിമൽ എജിഐ കൈവരിക്കാനുള്ള സാധ്യത 50 ശതമാനത്തിലേറെയാണെന്നാണ് അദ്ദേഹത്തിന്റെ പുതിയ വിലയിരുത്തൽ. എഐ ഗവേഷകർ ഈ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2028ന് മുമ്പ് എജിഐ എത്തുമോ?

എജിഐ എത്തുന്ന സമയത്തെക്കുറിച്ചുള്ള തന്റെ പ്രവചനം മാറിയിട്ടുണ്ടോ എന്ന് എക്സിൽ ഒരാൾ ചോദിച്ചതിന് മറുപടിയായാണ് ഷെയ്ൻ ലെഗ് പുതിയ വിലയിരുത്തൽ പങ്കുവെച്ചത്. 2028ന് മുമ്പ് മിനിമൽ എജിഐ യാഥാർഥ്യമാകാൻ 50 ശതമാനത്തിലേറെ സാധ്യതയുണ്ടെന്നും ലക്ഷ്യത്തിലേക്ക് ഇപ്പോൾ കൂടുതൽ അടുത്തുവെന്നും അദ്ദേഹം കുറിച്ചു.

എജിഐയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഡീപ്‌മൈൻഡ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചർച്ചയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത പത്ത് വർഷത്തിനുള്ളിൽ മനുഷ്യാധ്വാനത്തിന് പകരം സാങ്കേതികവിദ്യ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയാകുമോ എന്നതായിരുന്നു ചർച്ചയിലെ പ്രധാന വിഷയം.

എഐ സംവിധാനങ്ങൾ കൂടുതൽ സങ്കീർണമായ ബൗദ്ധിക ജോലികൾ ഏറ്റെടുക്കുമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെട്ടപ്പോൾ, ഓട്ടോമേഷൻ മൂലം പഴയ തൊഴിലുകൾ ഇല്ലാതാകുമ്പോഴും പുതിയ തൊഴിലുകളും വ്യവസായങ്ങളും രൂപപ്പെടുന്ന ചരിത്രമാണ് സമ്പദ്‌വ്യവസ്ഥയ്ക്കുള്ളതെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടി.

മനുഷ്യർക്ക് തയ്യാറെടുക്കാൻ ഇനി ഏതാനും വർഷങ്ങൾ മാത്രം

ഗൂഗിൾ ഡീപ്‌മൈൻഡ് മേധാവി ഡെമിസ് ഹസാബിസും എജിഐയുടെ വരവിനെക്കുറിച്ച് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 2026 ജൂണിൽ ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ മനുഷ്യരാശി വലിയ സാങ്കേതിക മാറ്റത്തിന്റെ പടിവാതിൽക്കലാണെന്നും എജിഐയെ നേരിടാൻ ഏതാനും വർഷങ്ങൾ മാത്രമേ തയ്യാറെടുപ്പിന് ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

നാല് വർഷത്തിനുള്ളിൽ എജിഐ യാഥാർഥ്യമായേക്കാമെന്നാണ് ഹസാബിസിന്റെ വിലയിരുത്തൽ. എഐ ഏജന്റുകളുടെ വളർച്ച കൂടുതൽ കരുത്തുറ്റ സംവിധാനങ്ങളോട് സമൂഹം എങ്ങനെ പ്രതികരിക്കുമെന്നതിന്റെ പരീക്ഷണഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

എഐ സ്വയം മെച്ചപ്പെടുന്ന കാലം വരുമോ?

എഐയുടെ അതിവേഗ വളർച്ചയ്ക്കൊപ്പം കമ്പനികൾക്കും സർക്കാരുകൾക്കും പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാകാമെന്നും ഹസാബിസ് മുന്നറിയിപ്പ് നൽകി. ആന്ത്രോപിക്കിന്റെ മൈത്തോസ് മോഡലിന്റെ വളർച്ച ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വയം മെച്ചപ്പെടുത്താനുള്ള ശേഷി എഐ കൈവരിക്കുന്നതും പ്രധാന ആശങ്കയാണ്. നിലവിൽ എഐ ആ ഘട്ടത്തിലെത്തിയിട്ടില്ലെങ്കിലും കോഡിങ് ഏജന്റുകൾ എൻജിനീയർമാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നുണ്ടെന്ന് ഹസാബിസ് പറഞ്ഞു. ഈ മാറ്റത്തെ അദ്ദേഹം പരോക്ഷമായ സ്വയം മെച്ചപ്പെടുത്തലായാണ് വിശേഷിപ്പിച്ചത്.