'സ്വര്‍ണ്ണമൊന്നും വേണ്ട'; കോഴിക്കോടുകാരി വിവാഹത്തിന് മഹറായി ആവശ്യപ്പെട്ടത് ഡിജിറ്റല്‍ ക്യാമറ

By Web TeamFirst Published Jun 29, 2020, 11:37 AM IST
Highlights

കോഴിക്കോട് സ്വദേശിയായ ഹുസ്ന അബ്ദുല്‍ ലത്തീഫ് ആണ് ഇത്തരമൊരു മാതൃക മുന്നോട്ടുവച്ചിരിക്കുന്നത്.

സ്വന്തം വിവാഹത്തിലൂടെ ഒരു സമൂഹത്തിന് വലിയൊരു സന്ദേശം നല്‍കുകയെന്നത് വലിയ കാര്യമാണ്. കോഴിക്കോട് സ്വദേശിയായ ഹുസ്ന അബ്ദുല്‍ ലത്തീഫ് ആണ് അത്തരമൊരു മാതൃക ഇവിടെ മുന്നോട്ടുവച്ചിരിക്കുന്നത്. 

മൾട്ടിമീഡിയ പ്രൊഫഷണല്‍ കൂടിയായ ഹുസ്ന തന്‍റെ വിവാഹത്തിന് മഹറായി ആവശ്യപ്പെട്ടത് ഒരു ഡിജിറ്റല്‍ ക്യാമറ ആയിരുന്നു.  ശനിയാഴ്ചയായിരുന്നു കൊടുവള്ളിക്കടുത്ത് കരുവാംപൊയിൽ സ്വദേശിയായ ഹുസ്നയുടെയും വാഴക്കാട് സ്വദേശിയും  മൾട്ടിമീഡിയ സോഫ്റ്റ് വെയർ ഡെവലപ്പറുമായ ജവാദ് ഹുസൈനിന്‍റെയും വിവാഹം. 

'സാധാരണയായി  പണവും സ്വര്‍ണ്ണവുമാണ് മഹറായി ആവശ്യപ്പെടുന്നത്. അതും പലപ്പോഴും വധുവിന്റെ ആഗ്രഹമെന്നതിലുപരി ബന്ധുക്കളുടെ താല്‍പര്യമായിരിക്കും പരിഗണിക്കപ്പെടുന്നത്. എന്നാല്‍ എനിക്ക് ഉപയോഗപ്പെടുന്ന എന്തെങ്കിലും തന്നെ വേണമെന്ന് തോന്നി. അങ്ങനെയാണ് ഡിജിറ്റല്‍ ക്യാമറ ആവശ്യപ്പെട്ടത്'- ഫോട്ടോഗ്രഫി ഏറേ ഇഷ്ടപ്പെടുന്ന ഹുസ്നയുടെ വാക്കുകള്‍ ഇങ്ങനെ. 

വിവാഹം സാധുവാകാന്‍ വരനോട് വധു ആവശ്യപ്പെടുന്നതാണ് 'മഹര്‍'. അതു നല്‍കാന്‍ വരന്‍ ബാധ്യസ്ഥനാണ് എന്നാണ് ഇസ്‌ലാം പറയുന്നത്. 'മഹറു'മായി ബന്ധപ്പെട്ട്  സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊതുധാരണകളെ തങ്ങളുടെ വിവാഹത്തിലൂടെ തിരുത്തിയിരിക്കുകയാണ് ഇവര്‍. 
 
ഹുസ്ന ഇത്തരമൊരു ആഗ്രഹം പറഞ്ഞപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്ന് ജവാദ് പറയുന്നു. 1.5 ലക്ഷം രൂപ വില വരുന്ന സോണിയുടെ ക്യാമറയാണ് ജവാദ് ഹുസ്നയ്ക്ക് മഹറായി നല്‍കിയത്. ഇത്തരത്തില്‍ മാതൃകാപരമായ മാറ്റങ്ങള്‍ക്ക് തയ്യാറാകുന്ന നിരവധി ആളുകള്‍ ഉണ്ടെന്ന് ജവാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായ വിവാഹമായിരുന്നു ഇരുവരുടേതും.

 

Also Read: 50 വയസ്, മദ്യപിക്കരുത്, സസ്യാഹാരിയാവണം; അമ്മയ്ക്ക് വേണ്ടി വരനെ തേടി മകള്‍...
 

click me!