ദില്ലി: വധൂ വരന്മാരെ തേടിയുള്ള പരസ്യങ്ങള്‍ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. വരന് വേണ്ടിയോ വധുവിന് വേണ്ടി നിരത്തുന്ന യോഗ്യതകളുടെ പേരിലാവും പലപ്പോഴും വിവാഹ ആലോചനകള്‍ക്കായുള്ള പരസ്യങ്ങള്‍ വൈറലാവുക. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നിയമ വിദ്യാര്‍ത്ഥിയെന്ന് ട്വിറ്ററില്‍ വിശദമാക്കുന്ന ആസ്ത വര്‍മയുടെ വിവാഹ ആലോചന. 

തനിക്ക് വേണ്ടിയല്ല ആസ്തയുടെ വിവാഹ പരസ്യം. അമ്മയ്ക്ക് അനുയോജ്യനായ വരനെ തേടിയാണ് ആസ്തയുടെ വിവാഹ പരസ്യം. അമ്മയ്ക്കൊപ്പമുള്ള സെല്‍ഫി ചിത്രത്തോടൊപ്പമാണ് ട്വിറ്ററില്‍ ആസ്ത വിവാഹാലോചനകള്‍ ക്ഷണിച്ചത്. സസ്യാഹാരിയും മദ്യപിക്കുന്ന ശീലമില്ലാത്തയാളും നല്ല നിലയിലുള്ളതുമായി അമ്പതുവയസ്സിന് മേല്‍ പ്രായമുള്ള പുരുഷന്‍മാരില്‍ നിന്നാണ് ആസ്ത വിവാഹാലോചനകള്‍ ക്ഷണിച്ചിരിക്കുന്നത്. വരനെ തേടുന്നു എന്ന ഹാഷ്ടാഗോടെയാണ് ആസ്തയുടെ ട്വീറ്റ്. 

ഒക്ടോബര്‍ 31 ന് ആസ്ത ചെയ്ത ട്വീറ്റ് വൈറലായി. ആസ്തയുടെ മനസിനെ അഭിനന്ദിച്ചുള്ള പ്രതികരണങ്ങളാണ് ആസ്തയ്ക്ക് ലഭിക്കുന്നതില്‍ ഏറിയ പങ്കും. മാട്രിമോണിയലുകള്‍ പരീക്ഷിക്കാത്തതെന്താണെന്ന് ആസ്തയോട് നിരവധി പേര്‍ ചോദിക്കുന്നുണ്ട്. അത്തരം ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കുന്നുണ്ട് ആസ്ത. പല രീതിയില്‍ നോക്കിയിട്ടും നടക്കാതെ വന്നതോടെയാണ് സമൂഹമാധ്യമങ്ങളുടെ സഹായം തേടിയതെന്നാണ് ആസ്ത വിശദമാക്കുന്നത്.