സ്ത്രീകളുടെ കൈകളില്‍ സ്മാര്‍ട്ട് ഫോണ്‍ എത്തുമ്പോള്‍...

By Web TeamFirst Published Jun 28, 2020, 11:22 PM IST
Highlights

ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള കൃത്യമായ അവബോധം, ഗര്‍ഭധാരണത്തേയും ഗര്‍ഭനിരോധനത്തേയും സംബന്ധിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ എന്നിവ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ സ്ത്രീകള്‍ നേടുന്നുവെന്നും ഇത് പ്രാഥമികമായും മെച്ചപ്പെട്ട അവസ്ഥ സ്ത്രീകളിലുണ്ടാക്കുന്നുവെന്നും പഠനം വിലയിരുത്തുന്നു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ അടിസ്ഥാന വിഷയങ്ങളില്‍ ഏറെയും സ്വയം പര്യാപ്തത നേടുന്നതത്രേ

ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗമില്ലാത്ത വ്യക്തികള്‍ തന്നെ ചുരുക്കമാണെന്ന് പറയേണ്ടിവരും. അത്രമാത്രം വ്യാപകമാണ് സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം. ഇക്കാര്യത്തില്‍ പക്ഷേ, ലിംഗഭേദമൊക്കെ നോക്കേണ്ട കാര്യമുണ്ടോ? ഫോണ്‍ ഉപയോഗത്തില്‍ അങ്ങനെ സ്ത്രീ- പുരുഷ വ്യത്യാസം എങ്ങനെയാണ് സ്വാധീനപ്പെടുക?

സത്യത്തില്‍ ഫോണിന്റെ കാര്യത്തിലും അത്തരം വ്യതിയാനങ്ങളെല്ലാം ഉണ്ട് എന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. അതായത്, സ്മാര്‍ട്ട് ഫോണ്‍ കയ്യിലുള്ള സ്ത്രീകളുടെ വ്യക്തിത്വത്തില്‍ അത് പ്രതിഫലിക്കുമെന്നാണ് ഈ പഠനം പറയുന്നത്. 'മെക്ഗില്‍ യൂണിവേഴ്‌സിറ്റി', 'ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി', 'ബൊക്കോണി യൂണിവേഴ്‌സിറ്റി' എന്നിവിടങ്ങളില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 

ഇതില്‍ വികസ്വര രാജ്യങ്ങളില്‍ കഴിയുന്ന സ്ത്രീകളുടെ ജീവിതത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഇവര്‍ കണ്ടെത്തി. സ്വന്തം വ്യക്തിത്വത്തെ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കാനും, സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള ഇച്ഛാശക്തി നേടാനും സ്മാര്‍ട്ട് ഫോണ്‍ സ്ത്രീകളെ സഹായിക്കുമത്രേ. അതിനാല്‍ത്തന്നെ വികസ്വര രാജ്യങ്ങളില്‍ സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ചെറുതല്ലാത്ത വേഷം കൈകാര്യം ചെയ്യുന്നുവെന്നും ഗവേഷകര്‍ അടിവരയിടുന്നു. 

ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള കൃത്യമായ അവബോധം, ഗര്‍ഭധാരണത്തേയും ഗര്‍ഭനിരോധനത്തേയും സംബന്ധിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ എന്നിവ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ സ്ത്രീകള്‍ നേടുന്നുവെന്നും ഇത് പ്രാഥമികമായും മെച്ചപ്പെട്ട അവസ്ഥ സ്ത്രീകളിലുണ്ടാക്കുന്നുവെന്നും പഠനം വിലയിരുത്തുന്നു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ അടിസ്ഥാന വിഷയങ്ങളില്‍ ഏറെയും സ്വയം പര്യാപ്തത നേടുന്നതത്രേ. 

നഗരങ്ങളിലേക്ക് നീങ്ങുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വഴി സ്ത്രീകള്‍ ആര്‍ജ്ജിക്കുന്ന ഘടകങ്ങള്‍ വ്യത്യാസപ്പെടുന്നു. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള ധൈര്യം പ്രകടമാക്കുന്നതോടെ വീട്ടകങ്ങളില്‍ കൂടുതല്‍ ശക്തയാകാന്‍ നഗരങ്ങളെ കേന്ദ്രീകരിച്ച് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കഴിയുന്നു. കാര്യങ്ങളിങ്ങനെയെല്ലാം ആണെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം സ്ത്രീകളില്‍ കുറവാണെന്നും അത് ഇപ്പോഴും തുടരുന്ന പ്രശ്‌നമാണെന്നും പഠനം വിലയിരുത്തുന്നു.

Also Read:- 'ഇന്‍സോമ്‌നിയ' ഏറ്റവും കൂടുതല്‍ കാണുന്നത് സ്ത്രീകളിലോ പുരുഷന്മാരിലോ?...

click me!