മറുപിള്ളയെ എടുക്കുന്നതിനിടെ ഗര്‍ഭപാത്രം പറിഞ്ഞുപോന്നു; യുവതിയുടെ മരണത്തില്‍ ഡോക്ടര്‍ക്ക് തടവുശിക്ഷ

By Web TeamFirst Published Oct 17, 2019, 10:39 PM IST
Highlights

ഇരുപത്തിരണ്ടുകാരിയായ അലിസ എന്ന യുവതിയെ പ്രസവത്തിനായി ലേബര്‍ റൂമിനകത്ത് കയറ്റി. സുഖപ്രസവമാണെന്ന് ലോഡി ഡോക്ടര്‍ കുടുംബത്തെ അറിയിച്ചിരുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നും പ്രസവം കഴിയും വരെ സംഭവിച്ചുമില്ല. അങ്ങനെ അലീസ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ പ്രസവശേഷം മറുപിള്ളയെ ബലം പ്രയോഗിച്ച് ഡോക്ടര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചതോടെയാണ് രംഗം വഷളായത്
 

സുഖപ്രസവമാണെന്ന് ഡോക്ടര്‍മാര്‍ കണക്കുകൂട്ടുന്ന കേസുകളിലും ചിലപ്പോഴെങ്കിലും എന്തെങ്കിലും സങ്കീര്‍ണ്ണതകള്‍ വരാറുണ്ട്. അപ്രതീക്ഷിതമായ ഈ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍തന്നെ പരിഹാരം കണ്ടില്ലെങ്കില്‍ ഒരുപക്ഷേ അമ്മയുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം. 

അത്തരമൊരു ദാരുണമായ സംഭവമാണ് റഷ്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തിരണ്ടുകാരിയായ അലിസ എന്ന യുവതിയെ പ്രസവത്തിനായി ലേബര്‍ റൂമിനകത്ത് കയറ്റി. സുഖപ്രസവമാണെന്ന് ലോഡി ഡോക്ടര്‍ കുടുംബത്തെ അറിയിച്ചിരുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നും പ്രസവം കഴിയും വരെ സംഭവിച്ചുമില്ല. അങ്ങനെ അലീസ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

എന്നാല്‍ പ്രസവശേഷം മറുപിള്ളയെ ബലം പ്രയോഗിച്ച് ഡോക്ടര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചതോടെയാണ് രംഗം വഷളായത്. മറുപിള്ളക്കൊപ്പം കെട്ടുപിണഞ്ഞുകിടന്നിരുന്ന പൊക്കിള്‍ക്കൊടിയുടെ ഭാഗങ്ങളും അതിനൊപ്പം ഗര്‍ഭപാത്രവും എല്ലാകൂടി ഒന്നിച്ച് പറിഞ്ഞുപോരുകയായിരുന്നു. പുറത്തുവന്ന ഗര്‍ഭപാത്രം അകത്തേക്കുതന്നെ തള്ളിവച്ചെങ്കിലും ശക്തമായ ബ്ലീഡിംഗ് തുടങ്ങി. 

അപ്പോഴേക്കും കഠിനമായ വേദനയില്‍ അലീസ അവശയായിരുന്നു. അതേസമയം, തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളിലേക്ക് ഡോക്ടര്‍മാര്‍ കടക്കുകയും ചെയ്തില്ല. വൈകാതെ, ബ്ലീഡിംഗും വേദനയും ആന്തരീകാവയവങ്ങള്‍ പുറത്തേക്ക് വന്നത് കണ്ട ഷോക്കും കൂടിയായപ്പോള്‍ അലീസയ്ക്ക് ഹൃദയസ്തംഭനമുണ്ടായി. അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

ഡോക്ടറുടെ അശ്രദ്ധയും ചികിത്സ വൈകിയതുമാണ് തങ്ങളുടെ മകളുടെ ജീവനെടുത്തതെന്ന് ആരോപിച്ച് അലീസയുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പരാതി നല്‍കി. ആ പരാതിക്ക് ഫലമുണ്ടായില്ല. അപ്രതീക്ഷിതമായ 'കോംപ്ലിക്കേഷന്‍' ആണ് അലീസയുടെ ജീവന്‍ കവര്‍ന്നതെന്ന് ആശുപത്രിയിലെ ഹെഡ് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. 

എന്നാല്‍ അതുകൊണ്ടൊന്നും പിന്തിരിയാന്‍ അലീസയുടെ കുടുംബാംഗങ്ങള്‍ തയ്യാറായില്ല. അവര്‍ നിയമപരമായി പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഡോക്ടറുടെ അശ്രദ്ധ തന്നെയാണ് അലീസയുടെ ജീവനെടുത്തതെന്ന് വ്യക്തമായി. ഇരുപത്തിയേഴുകാരിയായ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് നഷ്ടമായ മകള്‍ക്ക് പകരമാവില്ല ഈ നീതിയെന്നും പക്ഷേ ഇതൊരു മാതൃകയായിരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വിധി കേട്ട ശേഷം അലീസയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.

click me!