'കേവലം ഒരു പെൺകുട്ടിയിൽ നിന്നും അമ്മ എന്നതിലേക്കുള്ള വളർച്ച'

Published : Aug 01, 2025, 05:40 PM IST
Women

Synopsis

ചെറിയ പ്രായത്തിലെ ഒരു കുഞ്ഞിന്റെ അമ്മയാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്വത എന്നത് വയസ്സുകൊണ്ടല്ലെന്നു ഞാൻ മനസ്സിലാക്കുന്നത്, കുഞ്ഞിന്റെ കണ്ണുകളിൽ സ്വന്തം പ്രതിഫലനം കാണുമ്പോഴാണ്.

ഞാൻ 22 വയസ്സിലാണ് അമ്മയായത്.

രക്തസമ്മർദം വല്ലാതെ കൂടിയിരുന്നതിനാൽ, സിസേറിയന് ശേഷം മോനെ പുറത്തേയ്ക്ക് ആദ്യമേ കൊടുത്തയച്ചിരുന്നു. ജനിച്ചത് ഒരാൺകുഞ്ഞാണെന്ന് ഞാനറിഞ്ഞു. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ആശുപത്രി ഉപകരണങ്ങളെല്ലാം വലിച്ചെറിഞ്ഞു, എന്റെ കുഞ്ഞിനെ തൊടാൻ മനസ്സ് തിടുക്കം കൂട്ടി. സ്ക്രീനിൽ രക്തസമ്മർദത്തിന്റെ വേഗത, കൂടിയും കുറഞ്ഞും വന്നു.

നഴ്സിന്റെ കാൽപാദത്തിന്റെ ശബ്ദം ഞാൻ കേട്ടു. അവർ, നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുന്ന നീല ടൗവ്വലിൽ, എന്റെ കുഞ്ഞുജീവനുണ്ടെന്നറിഞ്ഞു എന്റെ കണ്ണുകൾ നിറഞ്ഞു. സിസേറിയന്റെ വേദനയും ക്ഷീണവും മറന്നു, ഞാൻ കൊതിയോടെ നോക്കി. നഴ്സ് മെല്ലെ എന്റെയരികിലേയ്ക്ക് അവനെ നീട്ടി.

ചെറുവിരലുണ്ട്, ഒരു കണ്ണു പാതിയടച്ചും, മറുകണ്ണ് മെല്ലെ തുറന്നും...എന്റെ കുഞ്ഞു മാലാഖ....

ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഞാൻ വീണ്ടും തനിച്ചായി. അവന് അമ്മയെ ആവശ്യമാണെന്ന തോന്നൽ ശക്തമായി. അവനെ മുലപ്പാലു കൊടുത്തു, ഊട്ടിയുറക്കി വളർത്താൻ, അവന് എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളുടെ കഥ പറഞ്ഞു കൊടുക്കാൻ, അവന്റെ വഴികളിലെ വെളിച്ചവും സ്നേഹവുമാകാൻ...അവന് അമ്മയെ വേണം....

ഞാനാ കുഞ്ഞു മുഖം മാത്രം മനസ്സിൽ കണ്ടു. ഉദരത്തിൽ ആയിരുന്നപ്പോഴുണ്ടായ അവന്റെ ചെറുചലനങ്ങൾ, അവനു വേണ്ടിയുള്ള കാത്തിരിപ്പുകൾ...

രാവിലെ 10.35 തിനായിരുന്നു അവന്റെ ജനനം. നീണ്ട മണിക്കൂർ അവനെ പിരിഞ്ഞിരുന്നതിന് ശേഷം, അർധരാത്രി 12 മണിയോടെ, എന്റെ ആരോഗ്യനിലയിൽ മാറ്റമുണ്ടായി. ആശുപത്രി ഉപകരണങ്ങൾ ശരീരത്തിൽ നിന്നും മാറ്റി. എന്റെ ഹൃദയമിടിപ്പ് സാവകാശത്തിലായി... മനസ്സിൽ നിന്നും അശാന്തിയുടെ അവസാനത്തെ ഇരുട്ടും മാറി.

ഒരു അമ്മയായി ഞാൻ പരിവർത്തനം ചെയ്യപ്പെട്ടിരുന്നു. കേവലം ഒരു പെൺകുട്ടിയിൽ നിന്നും അമ്മ എന്നതിലേക്കുള്ള വളർച്ച....

പക്വത എന്നത് വയസ്സുകൊണ്ടല്ലെന്നു ഞാൻ മനസ്സിലാക്കുന്നത്, കുഞ്ഞിന്റെ കണ്ണുകളിൽ സ്വന്തം പ്രതിഫലനം കാണുമ്പോഴാണ്.

മകനോടൊപ്പം ഞാനും വളർന്നു. അവന്റെ കരച്ചിലിൽ ഞാൻ ക്ഷമ പഠിച്ചു, അവന്റെ ചിരിയിൽ ഞാൻ പ്രതീക്ഷ കണ്ടു. അവന്റെ പാൽമണം നിറഞ്ഞ കവിളുകളും കുഞ്ഞു കൈ കൊണ്ടുള്ള പിടുത്തവും എന്നെ അമ്മയായ് വളർത്തി. ഇന്ന്, പിന്നോട്ട് നോക്കുമ്പോൾ പല കാര്യങ്ങളിലും അറിയാതെ തന്നെയാണ് ഞാൻ മുന്നേറിയത്. എങ്ങനെ മുലയൂട്ടണമെന്ന്, എന്തു ഭക്ഷണം നൽകുമെന്ന്, എങ്ങനെ ഉറക്കുമെന്ന്, പക്ഷേ, ആ കാലമൊക്കെ, ഞങ്ങൾ ഒരുമിച്ച് തുഴഞ്ഞു കയറി.

എന്റെ കുഞ്ഞേ…

നിന്റെ ആദ്യ ചലനങ്ങളിൽ, ഞാനെന്റെ ജീവൻ കണ്ടു. നിനക്കൊപ്പം ഞാൻ കരയാനും ചിരിക്കാനും പുതിയ ജീവിതം പഠിക്കാനും തുടങ്ങി. ഇനി നീ വളരുമ്പോഴും നിനക്ക് ചിറകുകളാവുക എന്നതെന്റെ അഭിമാനമാണ്.

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി