'കാശായിട്ടൊന്നും വേണ്ട, ഞങ്ങൾക്ക് പെൺകുട്ടിയെ മാത്രം മതി'; ഇവിടെനിന്നല്ലോ എല്ലാ കല്യാണബന്ധങ്ങളുടെയും ആരംഭം

Published : Jul 24, 2025, 02:14 PM IST
Women

Synopsis

ആൺമക്കളെ, കുട്ടിക്കാലം മുഴുവനും ഒരു പട്ടമായി പറത്തി വിട്ട്, അവന്റെ 30 കളിൽ ഭാര്യയെ സ്നേഹിക്കാൻ പറയരുത്. അവനത് സാധിക്കില്ല.

വിവാഹ ആലോചന സമയത്ത്, പയ്യന്റെ വീട്ടിൽ നിന്ന് ഇങ്ങനെയൊരു വാക്ക് കേട്ടാൽ പെൺകുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും മുഖത്ത് ഒരു ആശ്വാസം നിഴലിക്കും.

തന്റെ മകളെ സ്വീകരിക്കാൻ നല്ല മനസ്സ് കാണിച്ച ആ പയ്യൻ അന്ന് മുതൽ അവരുടെ ദൈവമായിരിക്കും. അതൊരു തരം ബാധ്യത ആണെന്ന് അവർ മനസ്സിലാക്കുന്നത് പിന്നീട് ആണെന്ന് മാത്രം.

ദൈവത്തെ പ്രീതിപ്പെടുത്തുക എന്നുള്ളത് പിന്നെ അവരുടെ ഉത്തരവാദിത്വമാണ്. ഓരോ വരവിനും ശേഷം മകൾ മടങ്ങി പോകുമ്പോൾ കാണിക്ക ഇടണം. അതു ഫ്രിഡ്ജോ, വാഷിംഗ് മെഷീനോ, അലമാരയോ, മേശയോ അടുക്കള പാത്രങ്ങളോ ആവാം. കൊടുത്തു വിടുന്നതിന്റെ കനമനുസരിച്ച് മകൾക്ക് അവിടെ വിലയേറും. ശേഷം വരുന്ന ഗർഭകാലം. കുഞ്ഞിന്റെ പരിചരണം.

പെറ്റെഴുന്നേറ്റു പോകുന്ന ചടങ്ങ്....

കുഞ്ഞിന് അരഞ്ഞാണമോ, വളയോ മാലയോ വേണം. ചെറുക്കൻ വീട്ടുകാർ വന്നു കാണുമ്പോൾ ആ സ്വർണ തിളക്കം കണ്ടു മഞ്ഞളിച്ചു നിൽക്കണം. കാരണം സ്ത്രീ ധനം പോലും വാങ്ങാതെ വിവാഹം കഴിക്കാൻ താൽപര്യം കാണിച്ചയാളാണ്. അപ്പോൾ പ്രീതിപ്പെടുത്തുക തന്നെ വേണം.

രസകരമായ ഒരു സംഭവം ഓർമ്മ വരുന്നു.

പരിചയത്തിലുള്ളൊരു പെൺകുട്ടി വിവാഹിതയായി. പ്രേമവിവാഹമായതിനാൽ ഭർത്തൃവീട്ടുകാർ തീർത്തും സഹകരിച്ചില്ല. വർഷം ഒന്നു കഴിഞ്ഞപ്പോൾ പെൺകുട്ടി, ഒരു കുഞ്ഞിന്റെ അമ്മയായി. പിണക്കം മറന്നു ഭർത്താവിന്റെ അമ്മ കുഞ്ഞിനെ കാണാനെത്തി. കുഞ്ഞിന്റെ ദേഹം സ്വർണ്ണാഭരണങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.

അമ്മായിയമ്മയുടെ മനസ്സ് മാറി. ഇന്നും രണ്ടു മക്കളായിട്ടും, തിരികെ വീട്ടിൽ വന്നതിന് ശേഷം വെറുംകൈയോടെ മടങ്ങി പോകാൻ ആ പെൺകുട്ടിയ്ക്ക് കഴിയാറില്ല. പണമോ സ്വർണമോ, വീട്ടുസാധനങ്ങളോ അങ്ങനെ എന്തെങ്കിലും കൈയിൽ കരുതണം. ലോണെടുത്തും കടം വാങ്ങിയും അവളുടെ മാതാപിതാക്കൾ ആ സൽകർമ്മം തുടരുന്നു....!

അപ്പോൾ സ്ത്രീധനം വേണ്ട" എന്ന് പറയുന്നതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ? ഈ സ്ത്രീധനം തന്നെ അല്ലേ, ഒരു EMI സംവിധാനം പോലെ ഈ തരത്തിൽ ചെയ്യുന്നത്? വിവാഹശേഷം പെൺകുട്ടിയെ കഷ്ടപ്പെടുത്തുന്നത്?

പക്ഷേ, വേറൊരു കാര്യം കൂടിയുണ്ട്.

ധാരാളം സ്ത്രീധനം നൽകി കല്യാണം കഴിച്ച പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാവാം?

പഠനവും വരുമാനവും ഉണ്ടായിരുന്നവരും

ജീവിതത്തിൽ ഒറ്റപ്പെടലിനും അവഗണനകൾക്കും പീഡനങ്ങൾക്കും ഇരയാകുന്നത് എന്തുകൊണ്ടാണ്?

പ്രശ്നം "ധനം ഇല്ലായ്മ" ആണോ?

അല്ല. പെൺകുട്ടികളെ ഭാര്യയായോ തങ്ങളുടെ, മക്കളുടെ അമ്മയായോ കാണാതെ,ഒരു ഉപയോഗവസ്തുവായി കാണുന്ന ചില മനോഭാവങ്ങളുണ്ട്. അവര് തരട്ടെ. തരേണ്ടത് അവരുടെ ബാധ്യത ആണെന്നോ അല്ലെങ്കിൽ കടമയാണെന്നോ കരുതുന്നതിന്റെ കുഴപ്പം.

പെൺകുട്ടികളോട് പറയാനുള്ളത് ഇത്രേയേയുള്ളു...

വേണ്ടത്ര പണവും സ്വർണ്ണവും കൊണ്ടുവന്നിട്ടും, കഴിവുണ്ടായിട്ടും, ഭർത്താവിന്റെ വീട്ടിൽ നിങ്ങൾക്ക് ആദരവും,

സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെങ്കിൽ അത് നിന്റെ കുറവല്ല, അതവരുടെ മോശം സ്വഭാവമാണെന്ന് തിരിച്ചറിയുക. അതുകൊണ്ട് മരണം കൊണ്ട് അവരെ തിരുത്താമെന്ന് കരുതരുത്.

ചിലപ്പോൾ നിങ്ങളുടെ, കൈ പിടിക്കാൻ ആരുമില്ലായിരിക്കാം.

ആരോടും പറയാൻ കഴിയില്ലായിരിക്കാം...

പക്ഷേ മരണം അല്ല അതിനുള്ള പരിഹാരം. ആരുടെയും മാനാഭിമാനം ചുമക്കേണ്ടവളും നീയല്ല.

മാതാപിതാക്കളോട്...

പെൺകുട്ടികളെ ധൈര്യത്തോടെ വളർത്തണം. അവൾക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാൻ കഴിയണം. എത്ര വലിയ ദുരന്തങ്ങൾ വന്നാലും സ്വന്തം വീട് അവളെ സ്വീകരിക്കും എന്നൊരു ഉറപ്പു അവൾക്ക് നൽകണം.

വിവാഹം ചെയ്തു അയച്ചു കഴിഞ്ഞു, കാര്യം തീർന്നു" എന്നു കരുതരുത്.

"മകൾ സന്തോഷത്തിലാണോ?" എന്ന് തിരക്കാൻ മറക്കേണ്ട. അവളുടെ ജീവിതം കഷ്ടതയിൽ ആണെങ്കിൽ എല്ലാം ശരിയാകും എന്ന പാഴ് വാക്ക് അവൾക്ക് നൽകുന്നതിലൂടെ നാളെയവൾ സഹികെട്ട് മരണം തിരഞ്ഞടുത്താൽ, അവളുടെ ആത്മഹത്യയ്ക്ക് നിങ്ങൾ മാത്രമായിരിക്കും കാരണക്കാർ.

അതുപോലെ, ആൺമക്കളെ, കുട്ടിക്കാലം മുഴുവനും ഒരു പട്ടമായി പറത്തി വിട്ട്, അവന്റെ 30 കളിൽ ഭാര്യയെ സ്നേഹിക്കാൻ പറയരുത്.

അവനത് സാധിക്കില്ല.

പെൺകുട്ടികളെ ദ്രോഹിക്കരുതെന്നും, ഉപദ്രവിക്കരുതെന്നും അവളെ സ്നേഹിക്കണമെന്നും കുട്ടിക്കാലം മുതൽ തന്നെ പറഞ്ഞു പഠിപ്പിക്കുക.

ഭാര്യ എന്നാൽ അടിമ അല്ലെന്ന് അവൻ മനസ്സിലാക്കട്ടെ.

ഇനി വരുന്ന കാലങ്ങളിൽ

ഭാര്യയെന്ന പദവി കാലഹരണപ്പെട്ടു പോകും.

കൂട്ടുകാരി....തന്റെ ഒപ്പം നടക്കാൻ ഒരാൾ...

അതാവും ഇനിയുള്ള കാലം പെൺകുട്ടികളും ആഗ്രഹിക്കുന്നത്.

പെൺകുട്ടികൾ, ആത്മഹത്യയിൽ

അവസാനിക്കാതെ, സ്വഭിമാനത്തോടെ ആജീവനാന്ത കാലം ജീവിക്കട്ടെ.

PREV
Read more Articles on
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ