'അമ്മ ധൈര്യമായി മടങ്ങൂ എന്നിട്ട് വിവാഹത്തിന് മൂഹുർത്തം നോക്കിക്കോളു'

Published : May 11, 2025, 02:05 PM IST
'അമ്മ ധൈര്യമായി മടങ്ങൂ എന്നിട്ട് വിവാഹത്തിന് മൂഹുർത്തം നോക്കിക്കോളു'

Synopsis

അറിയാമോ, അവളുടെ വിവാഹം നടത്തുവനായി ഞാനാരുടെ കൈയിൽ നിന്നും പണം വാങ്ങിയില്ല. ഇനി ഒരു അഞ്ചു വർഷം കഴിഞ്ഞു സുനിതയെ വിവാഹം കഴിപ്പിച്ചയക്കും.

ആവർത്തനവിരസമായ ദിനങ്ങളിലൊന്നിൽ ഞാൻ കാന്തയെ പറ്റി ഓർക്കുകയുണ്ടായി. എണ്ണക്കറുപ്പിന്റെ നിറവും ഒത്ത ഉയരവും ഉറച്ച ശരീരവും ഉള്ള കാന്ത. അവരുടെ മൈലാഞ്ചി തേച്ചു ചുവപ്പിച്ച മുടിക്ക് കടുകെണ്ണയുടെ മണമായിരുന്നു. അവരുടെ മൂക്കിൽ വെള്ളക്കല്ലിന്റെ വലിയ മൂക്കുത്തിയും കഴുത്തിൽ കറുത്ത മുത്തുകൾ കോർത്തെടുത്ത മംഗല്യസൂത്രവും ഉണ്ടായിരുന്നു. വിയർപ്പേറ്റു നനഞ്ഞ വലിയ ചുവന്ന പൊട്ട്, കൈകളിലെ പച്ചയും ചുവപ്പും നിറമുള്ള കുപ്പിവളകൾ.

കാന്തയ്ക്ക് നാലുമക്കളായിരുന്നു. മൂന്ന് പെണ്ണും ഒരാണും. കാന്തയുടെ വിവാഹം നന്നെ ചെറുപ്പത്തിൽ കഴിഞ്ഞതാണ്. നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ വീട്ടുവേല ചെയ്തായിരുന്നു കാന്ത ജീവിച്ചിരുന്നത്. ഭർത്താവ് സെക്യൂരിറ്റി ജോലിക്കാരനായിരുന്നു. ഒരൊറ്റമുറിയിലായിരുന്നു അവരുടെ താമസം.

കാന്തയുടെ രണ്ടാമത്തെ മകൾ ശ്രീദേവി വളരെയധികം സുന്ദരിയായൊരു പെൺകുട്ടിയായിരുന്നു. അവളുടെ മുഖഭംഗി മറ്റാർക്കും തന്നെ കിട്ടിയിരുന്നില്ല. അവൾ ഒരുങ്ങി പുറത്തേക്കോ മറ്റോ പോവുമ്പോൾ ഞാൻ താമസിച്ചിരുന്ന വീട്ടിലെ ഉടമസ്ഥ ഏറ്റവും അസൂയയോടെ പറയും.

" എന്തൊരു സുന്ദരിയായ കുട്ടി, അവളെ കണ്ടാൽ ചെറിയ വീട്ടിലെ കുട്ടി ആണെന്ന് തോന്നുകയേയില്ല."

എങ്കിലും കാന്തയ്ക്ക് ഏറ്റവും പ്രിയം ഇളയമകനായ പരമശിവിനോടായിരുന്നു. അവരുടെ കുടുംബങ്ങളിൽ ആൺകുട്ടികൾക്ക് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. പെൺകുട്ടികളെ തീരെ ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്തയക്കുകയും ചെയ്യും. കാന്തയുടെ സഹോദരന് അഞ്ചുപെൺകുട്ടികളാകാൻ കാരണം ആൺകുട്ടികൾ ഉണ്ടാകുന്നിടം വരെ പ്രസവിക്കട്ടെ എന്നു കരുതിയാണെത്രെ...സഹോദരന്റെ ഭാര്യ ആറാമതും ഗർഭിണിയാണെന്ന് കാന്ത പറഞ്ഞു. കാളിക്ഷേത്രത്തിൽ ആൺകുഞ്ഞുങ്ങൾ ഉണ്ടാകുവാൻ പ്രത്യേകതരം പൂജകൾ നടത്തിയതായും അവർ പറഞ്ഞു.

ശ്രീദേവിക്ക് ഒരു വിവാഹലോചന വന്നതായി അവർ പറയുകയുണ്ടായി. നഗരത്തിൽ സ്വന്തമായി രണ്ടു മുറി ഫ്ളാറ്റുള്ള ഒരുവനാണ് ശ്രീദേവിയെ വിവാഹം ആലോചിച്ചു വന്നതെന്ന് അവർ അഭിമാനത്തോടെ പറഞ്ഞു.

"ഗ്രാമത്തിലേക്ക് ഞങ്ങൾ പെൺകുട്ടീകളെ ഒരിക്കലും വിവാഹം ചെയ്ത് അയക്കില്ല എന്ന് കൂടി അവർ പ്രസ്താവിച്ചു. നഗരത്തിൽ നിന്നും ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും മാത്രം ചെല്ലുന്ന കാന്തയേയും പെൺമക്കളെയും ഗ്രാമവാസികൾ അസൂയയോടെ നോക്കാറുണ്ടെന്നും കൂടി അവർ പറഞ്ഞു.

"ഫ്ളാറ്റ്...എന്നൊക്കെ ഭംഗീക്ക് പറയാം. കുടുസുമുറിയാണ്. ദോബിക്കാരും സെർവെന്റും ഒക്കെ ഇടതിങ്ങി പാർക്കുന്ന ഇടമാണ്. എങ്കിലും സിറ്റിയിൽ ഒരു ഫ്ളാറ്റ് സ്വന്തമായി ഉണ്ടാവുക എന്നത് നല്ല കാര്യമാണ്."

കാന്തയ്ക്ക് മലയാളം അറിയില്ലായിരുന്നു, അവർ എന്നേയും എന്റെ വീട്ടുടമസ്ഥയേയും മിഴിച്ചു നോക്കി. ശേഷം കലങ്ങി ചുവന്ന കണ്ണുകളോടെ ഹിന്ദിയിൽ ഉച്ചരിച്ചു.

"ശ്രീദേവിക്ക് ഹൃദ്രോഗം ഉണ്ടെന്ന് ഞാനെങ്ങനെ അവരെ അറിയിക്കും...അങ്ങനെ എങ്കിൽ ഈ വിവാഹം നടക്കുകയേയില്ല..." അവരുടെ ചിലമ്പി വീണ വാക്കുകൾക്ക് മീതെ ഇരുപതോളം വയസ്സ് പ്രായമുള്ള ശ്രീദേവിയെ ഞാനോർത്തു. അവൾ ജന്മമനാ ഹൃദ്യോഗിയാണ്. അവളുടെ തീഷ്ണമായ സൗന്ദര്യം മരണമടുത്തവളുടേതാണോ എന്നൊരു ആശങ്ക എന്നിൽ വന്നു വീഴുകയും ചെയ്തു.

ഒരു അവധി ദിവസത്തിൽ  കൗശ്യപ് എന്ന് പേരായ ആ ചെറുപ്പക്കാരൻ ശ്രീദേവിയെ കാണാനെത്തുകയും അവരുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. കറുത്തു മെലിഞ്ഞ ആ ചെറുപ്പക്കാരൻ ശ്രീദേവീക്ക് അനുയോജ്യനായ വരനല്ല എന്നൊരു അഭിപ്രായം ഞാൻ കേട്ടു. ഏറ്റവും അസഹിഷ്ണുത എന്റെ വീട്ടുടമസ്ഥയ്ക്കായിരുന്നു. അഞ്ചോ പത്തോ നിമിഷം ശ്രീദേവിയുടെ സൗന്ദര്യത്തെ പ്രകീർത്തിച്ച ശേഷം അവർ മുഷിവോടെ പറഞ്ഞു.

" എന്തുനല്ല ചെക്കനെ കിട്ടുമായിരുന്നു... ഇതിപ്പോ..."

കാന്ത മുറിയിലേയ്ക്ക് കടന്നു വന്നതിനാൽ ആ സംഭാഷണം മുറിഞ്ഞു.  താനുടനെ കൗശ്യപിനെ കാണുവാൻ പോവുകയാണെന്നും ശ്രീദേവിയുടെ രോഗവിവരം അറിയിക്കുമെന്നും അവർ പറഞ്ഞു.

ആദ്യമായി അവരുടെ കണ്ണുകൾ നിറഞ്ഞു തൂവുന്നത് ഞാൻ കണ്ടു. ആ വിവാഹം നടക്കുവാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് വ്യക്തമായി

ഗേറ്റിന്റെ ഇരുമ്പുപാളികൾ തുറക്കുന്നതും കാന്ത കയറി വരുന്നതും ഞാൻ ആകാംഷയോടെയാണ് കണ്ടിരുന്നത്.  കാന്ത ശിരസുയർത്തി നിന്ന് പുഞ്ചിരിച്ചു. കലങ്ങി ചുവക്കാത്ത കണ്ണുകളും നിറഞ്ഞ പുഞ്ചിരിയും അവരുടെ സന്തോഷത്തെ വിളിച്ചോതി.

തലേന്ന് വൈകുന്നേരം സ്ട്രീറ്റിലെ അങ്ങേയറ്റത്തുള്ള വർക് ഷോപ്പിലെത്തി അവർ കൗശ്യപിനെ കാണുകയുണ്ടായി. മുഷിഞ്ഞ വേഷത്തോടെ അവൻ പറഞ്ഞു.

" ജോലി തിരക്കാണ്. വീട്ടിൽ  വന്നാ മതിയായിരുന്നുവല്ലോ..."

ആദ്യമായി കാന്തയ്ക്ക് ഒരു വെപ്രാളം അനുഭവപ്പെട്ടു. അവർ ഉറച്ച മനസ്സുള്ള ഒരു സ്ത്രീയായിരുന്നു. ആരോടും ഒരു ദയയും അവർ കാണിച്ചിരുന്നതുമില്ല.

"എന്താണ്.." അവന് ആശങ്ക തോന്നികാണണം. ശ്രീദേവി എന്ന സുന്ദരിയായ പെൺകുട്ടിയെ തനിക്ക് വിവാഹം ചെയ്തു തരാൻ കാന്ത അനുവദിക്കുകയില്ലെന്ന് അവന് തോന്നിയിരിക്കാം.

"അതൊന്നുമല്ല. അവൾ ജന്മനാ ഹൃദ്രോഹിയാണ്. ഡോക്ടർ സായിഹിബിന്റെ ആശുപത്രിയിൽ നിന്നും അവളെത്രയോ കാലമായി മരുന്ന് കഴിക്കുന്നു. നീ എല്ലാം അറിഞ്ഞു കൊണ്ട് മാത്രമേ അവളെ വിവാഹം ചെയ്യാവൂ...എന്റെ മകളെ കഷ്ടപ്പെടുത്താൻ ഞാൻ അനുവദിക്കുകയില്ല."

ഇരുണ്ടുതുടങ്ങിയ ആകാശത്തേയ്ക്കും തിരക്കേറിയ നിരത്തിലേക്കും അവൻ മാറി മാറി നോക്കി. ഒടുവിൽ കാന്തയെ നോക്കി ചിരിച്ചു.

"അമ്മ ഭയക്കണ്ടതില്ല. അവളെ ഞാൻ നോക്കികൊള്ളാം. പക്ഷേ എന്റെ വീട്ടുകാർ ഒരിക്കലും ഇതറിയരുത്..."

കാന്തയുടെ മുഖത്ത് ആശ്വാസം വീണു. അവരുടെ മനസ്സ് ശാന്തമായി. 

"അവൾക്ക് ഒരു കുട്ടിയെ കൂടുതൽ പ്രസവിക്കുവാൻ...."

കാന്ത പാതിവഴിയിൽ നിർത്തി. താനീ ചെറുപ്പക്കാരനെ ചതിക്കുകയാണോ എന്നോർത്ത് അവർ ഒരു നിമിഷം വേവലാതിപ്പെടുകയും ചെയ്തു.

"അമ്മ ധൈര്യമായി മടങ്ങൂ എന്നിട്ട്...വിവാഹത്തിന് മൂഹുർത്തം നോക്കിക്കോളു..."

അങ്ങനെ ഒക്ടോബർ ആദ്യവാരത്തിൽ ശ്രീദേവിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. എന്റെ വീട്ടുടമസ്ഥ അവൾക്ക് അഞ്ചുപവന്റെ സ്വർണം സമ്മാനിച്ചു. കൂടാതെ അവൾ ജോലിക്ക് പോവുമായിരുന്ന സമ്പന്ന ഗൃഹങ്ങളിൽ നിന്നും അവൾക്ക് സമ്മാനങ്ങൾ കിട്ടി. 

ഒരു ദിവസം കാന്തയുടെ വീട്ടുമുറ്റത്ത് നിന്നും ഭയങ്കര ഒച്ചയും ബഹളവും കേട്ടു. കാന്തയുടെ മൂത്തമകളായ അനിത, ഒക്കത്ത് ഒരു കുഞ്ഞിനെയും എടുത്തു കാന്തയുടെ നേർക്ക് എന്തോ പറയുന്നു. അനിത പറഞ്ഞതെല്ലാം എനിക്ക് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു കിട്ടി.

"എന്റെ കല്ല്യാണത്തിന് നിങ്ങൾ എനിക്കെന്തു തന്നു?"

"അനിതേ...ആറുവർഷങ്ങൾക്ക് മുൻപത്തെ അമ്പതിനായിരത്തിനും അഞ്ചു പവനും അതിന്റെ വിലയുണ്ട്. നോക്കൂ, ശ്രീദേവി സുഖമില്ലാത്ത കുട്ടിയാണ്. അവൾക്ക് ഒരു ജീവിതം ഉണ്ടായികാണാൻ നീ ആഗ്രഹിക്കുന്നില്ലേ..." '

കാന്ത കരഞ്ഞു പോയി. അവർ നിലത്ത് കുത്തിയിരുന്നു തേങ്ങി കരഞ്ഞു. മകൾ ഒരു ഭാവഭേദവും ഇല്ലാതെ അമ്മയെ തുറിച്ചു നോക്കി.

"ഞാൻ എങ്ങനെ കഴിയുന്നു എന്ന് നിങ്ങൾക്ക് അറിയാണ്ടല്ലോ...എനിക്ക് വീതം വേണം...എല്ലാം ശ്രീദേവീക്ക് തന്നെ കൊടുക്കാൻ ഞാൻ സമ്മതിക്കില്ല."

കാന്ത പൊടുന്നനെ ചാടിയെഴുന്നേറ്റു.

"ഛീ...ഇറങ്ങെടീ വെളിയിൽ... നിനക്ക് ഇനിയൊരു അഞ്ചുപൈസ ഞാൻ തരില്ല.
ഞാൻ അന്തസായി അവളുടെ കല്ല്യാണം നടത്തും...നീ വേണമെങ്കിൽ കൂടിയാ മതി."

 മകൾ വിരണ്ട് പോയി. അവളെന്തൊക്കെയോ പറഞ്ഞു കരഞ്ഞു. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ ശ്രീദേവിയുടെ മുടി കോതി വൃത്തിയാക്കുന്ന അനിതയെ എനിക്ക് കാണാൻ കഴിഞ്ഞു. 

സിറ്റിയിലെ ഒരു ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആ വിവാഹത്തിന് നൂറുക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു.

"വെള്ളിപാത്രങ്ങളും വിളക്കും, സോഫകളും ഒക്കെ അവൾക്ക് കിട്ടി. "

കാന്ത അഭിമാനത്തോടെ പറഞ്ഞു.

"അറിയാമോ...അവളുടെ വിവാഹം നടത്തുവനായി ഞാനാരുടെ കൈയിൽ നിന്നും പണം വാങ്ങിയില്ല. ഇനി ഒരു അഞ്ചു വർഷം കഴിഞ്ഞു സുനിതയെ വിവാഹം കഴിപ്പിച്ചയക്കും. പരമശിവിന് യോഗ്യയായ ഒരു പെണ്ണിനെ കൂടി കണ്ടെത്തി കഴിഞ്ഞാൽ ഞാനും കനകയ്യനും ഗ്രാമത്തിലേയ്ക്ക് മടങ്ങി പോവും..."
തേഞ്ഞു തീർന്ന കൈകളിലേക്ക് നോക്കി കാന്ത നെടുവീർപ്പിട്ടു. ഗ്രാമവും കടുക് പാടങ്ങൾക്ക് നടുവിലെ ആ വീടും ഞാൻ അവരുടെ കണ്ണിൽ കണ്ടു.

പക്ഷേ... അവരുടെ സന്തോഷത്തിന് അല്പായുസേ ഉണ്ടായിരുന്നുള്ളൂ. പിറ്റേദിവസം കാന്തയെ ആകെ പിടിച്ചുലച്ചൊരു സംഭവം നടന്നു.
 കാന്തയ്ക്ക് മകനായ പരമശിവിനോട് വളരെയധികം സ്നേഹം കൂടുതലായിരുന്നു. അവനൊരിക്കലുമായി പ്രവർത്തിക്കുകയില്ലെന്നും അവർ ഉറച്ചു വിശ്വസിച്ചു. സമ്പന്നയായ ഏതെങ്കിലും പെൺകുട്ടി തന്റെ മകന്റെ ഭാര്യയായി വരണമെന്നും അവരതിയായി ആഗ്രഹിച്ചു.

പക്ഷേ, കാന്തയുടെ സകലസ്വപ്നങ്ങളും പേറുന്ന മകൻ ഒരു സുപ്രഭാതത്തിൽ ഒരു പെൺകുട്ടിയുമായി വീട്ടിൽ വന്നുകയറുമെന്ന് അവർ വിചാരിച്ചതേയില്ല. തങ്ങളുടെ വിവാഹം മൂന്ന് ദിവസം മുൻപേ കഴിഞ്ഞുവെന്നും സുഹൃത്തുക്കൾ എടുത്തു തന്ന ഫ്ളാറ്റിൽ താമസിക്കാൻ തുടങ്ങിയെന്നും അവൻ അമ്മയോട് വെളിപ്പെടുത്തി. 

നിറുകയിൽ സിന്ദൂരം തേച്ച, വിളറിയ മഞ്ഞനിറമുള്ള, കഷ്ടിച്ചു പതിനെട്ട് വയസ്സ് മാത്രമുള്ള ഒരു പെൺകുട്ടി പരമശിവിന്റെ പിറകിൽ നിന്നുകൊണ്ട് കാന്തയെ ഭയത്തോടെ നോക്കി. അവളുടെ കൈത്തണ്ടയിൽ നിറയെ വളകളുണ്ടായിരുന്നു. ചുവന്ന ദുപ്പട്ട കൊണ്ട് അവൾ ശിരസ് മറച്ചിരുന്നു.

കാന്ത കലഹമുണ്ടാക്കിയും ഭക്ഷണം കഴിയ്ക്കാതെയുമിരുന്ന് പ്രതിഷേധിച്ചു.അവളെ ഉപേക്ഷിച്ചു വരികയാണെങ്കിൽ മകനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് ഒടുവിൽ അപേക്ഷയുടെ സ്വരത്തിൽ അവർ മകനോട് പറഞ്ഞു.

പരമശിവ് അമ്മയെ അനുസരിച്ചില്ല. ഭാര്യയുമൊരുമിച്ച് അവൻ തിരികെ മടങ്ങുകയും ചെയ്തു. കാന്ത പെട്ടെന്ന് ആരോടും സംസാരിക്കാതെയായി. അവരുടെ കണ്ണുകളിൽ വിഷാദം തളം കെട്ടി നിന്നു. രണ്ടു മാസങ്ങൾക്ക് ശേഷം പരമശിവിന്റെ ഭാര്യ ഗർഭിണിയായി. വീട്ടുചിലവും വാടകയും താങ്ങുവാൻ പരമശിവെന്ന ഇരുപത്തിയൊന്നുകാരന് സാധിച്ചില്ല. അവൻ ഭാര്യയുമായി കാന്തയുടെ അരികിലേക്ക് മടങ്ങി വന്നു. താൻ വീട്ടീവേലയ്ക്ക് പോവുന്ന വീടുകളിലൊക്കെ കാന്ത മരുമകളെയും കൂടെ കൂട്ടി. കാന്തയെ പോലെ ചടുലമായി ജോലികൾ ചെയ്യുവാൻ അവൾക്ക് സാധിച്ചില്ല. ഗർഭാലസ്യം പേറുന്നൊരുവൾ. അവളുടെ മുഖം ഒന്നൂടെ വിളർത്തു. അവൾക്ക് മന്ദത ബാധിച്ചത് പോലെ തോന്നുകയും ചെയ്തു.

രണ്ടോ മൂന്നോ മാസങ്ങളുടെ വ്യത്യാസത്തിൽ കാന്തയുടെ മകളും മരുമകളും പ്രസവിച്ചു. രണ്ടുപേർക്കുംആൺകുട്ടികളാണ് ഉണ്ടായത്. ഭർത്തഗൃഹത്തിലെ ജീവിതം ശ്രീദേവിയെ സംബന്ധിച്ച് സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ കാന്ത മരുമകളോട് ഒരു ദയയുമില്ലാതെ പെരുമാറി. പ്രസവം കഴിഞ്ഞതിന്റെ രണ്ടാം മാസം പരമശിവിന്റെ ഭാര്യയായ പെൺകുട്ടിയ്ക്ക് രക്തസ്രാവവും അവശതയും ഉണ്ടായി. കാന്ത അവൾ പ്രസവിച്ചു കിടന്നപ്പോഴും അവളെ കൊണ്ട് ഭാരിച്ച ജോലികൾ എടുപ്പിക്കുമായിരുന്നു. ആ വീട്ടിൽ തുടർന്നാൽ കാന്ത തന്നെ അപായപ്പെടുത്തുമെന്ന് ഭയന്നാവാം തന്റെ ഭർത്താവും കുഞ്ഞുമായി എന്നേക്കുമായി അവളാ വീട്ടിൽ നിന്നും പാലായനം ചെയ്തു.

ആ നഗരത്തിൽ നിന്നും പോന്നതിൽ പിന്നെ കാന്തയെ പറ്റി എനിക്ക് ഒരറിവും ഉണ്ടായതുമില്ല.

തണൽമരങ്ങളുടെ നിഴൽ വീണ റോഡരികിലൂടെ,കറുപ്പിൽ മഞ്ഞവരകളുള്ള സാരിയുമുടുത്ത് നടന്നു പോവുന്ന കാന്ത. അവരുടെ കൈത്തണ്ടയിലെ നിറംകെട്ട വളകൾ...

കാന്തയുടെ ആഗ്രഹം പോലെ ഗ്രാമത്തിലെ കടുകുപാടങ്ങൾക്ക് നടുവിലെ വീട്ടിലേക്കു അവർ മടങ്ങി പോയി കാണുമോ.....

PREV
Read more Articles on
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ