'ഞാൻ അമ്മയെ നന്നായി നോക്കുന്നു, എന്നിട്ടും എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു'; റനു മണ്ഡലിന്റെ മകള്‍ പറയുന്നു

By Web TeamFirst Published Sep 3, 2019, 3:58 PM IST
Highlights

ആളുകളൊക്കെ ഇപ്പോള്‍ എനിക്ക് എതിരാണ്. റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്ന് അമ്മ പാടുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. എനിക്ക് അമ്മയെ നിത്യവും സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

മുംബെെ: പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ടുപാടുമ്പോള്‍ റനു മണ്ഡൽ അനാഥയായിരുന്നു. എന്നാല്‍ ആ പാട്ട് ജീവിതം മാറ്റി മറിച്ചപ്പോള്‍ റനുവിനെ തേടിയെത്തിയത് പത്തുവര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ മകളും കൂടിയാണ്. റനു പാടിയ ലതാമങ്കേഷ്കര്‍ അനശ്വരമാക്കിയ ഏക് പ്യാര്‍ കാ നാഗ്മാ എന്ന ഗാനമാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. പിന്നീട് നിരവധി പേര്‍ റനുവിനെ തേടിയെത്തി. 

ഹിമേഷ് റെഷമിയയുടെ പുതിയ ബോളിവുഡ് ചിത്രത്തിലൂടെ പിന്നണിഗായികയായി അരങ്ങേറ്റവും കുറിച്ചു. ഇതോടെയാണ് പണ്ട് ഉപേക്ഷിച്ചുപോയ മകള്‍ അമ്മയെ തേടി തിരിച്ചെത്തിയത്. സതി റോയി എന്ന തന്‍റെ മകളെ റനു സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഒന്നുമില്ലാതിരുന്ന അമ്മയെ ഉപേക്ഷിച്ച മകള്‍, അമ്മയുടെ പണവും പ്രശസ്തിയും കണ്ടാണ് തിരിച്ചുവന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിന് മറുപടിയുമായി മകൾ എലിസബത്ത് സതി റോയ് രം​ഗത്തെത്തി.

ആളുകളൊക്കെ ഇപ്പോള്‍ എനിക്ക് എതിരാണ്. റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്ന് അമ്മ പാടുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. എനിക്ക് അമ്മയെ നിത്യവും സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയ്ക്ക് അടുത്ത് ധര്‍മതലയില്‍ പോയപ്പോള്‍ അമ്മ ഒരു ബസ് സ്റ്റാന്റില്‍ യാതൊരു ലക്ഷ്യവും ഇല്ലാതെ ഇരിക്കുന്നത് കണ്ടിരുന്നു.

അന്ന് ഞാന്‍ 200 രൂപ നല്‍കി വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഞാന്‍ കഴിയുമ്പോഴെല്ലാം അമ്മയ്ക്കുവേണ്ടി അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് 500 രൂപ അയച്ചു കൊടുക്കാറുണ്ടായിരുന്നുവെന്ന് മകൾ സതി റോയ് പറയുന്നു. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് ഞാന്‍. ഒരു ചെറിയ കട നടത്തിയാണ് ജീവിതം നയിക്കുന്നത്. ഒരു മകനുണ്ട്. കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്നിട്ടും ഞാന്‍ അമ്മയെ നോക്കാറുണ്ട്.

വിവാഹം കഴിഞ്ഞപ്പോള്‍ കൂട്ടുകുടുംബത്തിലായിരുന്നു താമസം. അപ്പോള്‍ അമ്മയെ ഒപ്പം താമസിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ലെന്നും മകൾ പറയുന്നു. പിന്നീട് തനിച്ചായപ്പോള്‍ അമ്മയെ കൂടെക്കൂട്ടാന്‍ ശ്രമിച്ചതാണ്. പക്ഷേ അമ്മ സമ്മതിച്ചില്ല. ഇതൊന്നും അറിയാത്ത ആളുകളാണ് ഇപ്പോള്‍ തന്നെ കുറ്റപ്പെടുത്തുന്നതെന്നു സതി റോയ് പറഞ്ഞു. 
 

click me!