ഇനി ഈ മുഖം വാടേണ്ട; പുതിയ ജീവിതത്തിലേക്ക് പ്രീതി...

By Web TeamFirst Published Mar 23, 2019, 6:55 PM IST
Highlights

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ തനിയെ ഇരുത്തിയും, ഉച്ചക്കഞ്ഞിയില്‍ തുപ്പിയുമൊക്കെ കൂട്ടുകാര്‍ ഒറ്റപ്പെടുത്തിയതും ഒരു ജോലിക്ക് പോലും ആരും വിളിക്കാത്തതുമെല്ലാം വീഡിയോയിലൂടെ പ്രീതി പറഞ്ഞിരുന്നു. ഇനിയുള്ള കാലമെങ്കിലും മനുഷ്യരെപ്പോലെ ജീവിക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ് വിതുമ്പിയ പ്രീതിയുടെ വേദന ചിലരെങ്കിലും കാണാതിരുന്നില്ല

ഓര്‍മ്മ വച്ച നാള്‍ മുതല്‍ അനുഭവിക്കുന്ന ഒറ്റപ്പെടലില്‍ നിന്നും അവഗണനയില്‍ നിന്നും ആദ്യമായി പുറത്തുകടന്നതിന്റെ അടങ്ങാത്ത സന്തോഷത്തിലാണ് പ്രീതി. ജനിച്ചപ്പോള്‍ മുതല്‍ തന്നെ ശരീരത്തില്‍ നിന്ന് തൊലിയടര്‍ന്ന് പോകുന്ന അപൂര്‍വ്വരോഗത്തിന്റെ പിടിയിലായിരുന്നു പ്രീതി. 

കാഴ്ചയിലുള്ള രൂപവ്യത്യാസത്തിന്റെ പേരില്‍ ജീവിച്ചുതീര്‍ത്ത മുപ്പത് വര്‍ഷവും അവര്‍ പരിഹാസങ്ങളും കുത്തുവാക്കുകളും നേരിട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയിലാണ് പ്രീതിയുടെ ദുരിതകഥ പുറംലോകമറിയുന്നത്. 

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ തനിയെ ഇരുത്തിയും, ഉച്ചക്കഞ്ഞിയില്‍ തുപ്പിയുമൊക്കെ കൂട്ടുകാര്‍ ഒറ്റപ്പെടുത്തിയതും ഒരു ജോലിക്ക് പോലും ആരും വിളിക്കാത്തതുമെല്ലാം ആ വീഡിയോയിലൂടെ പ്രീതി പറഞ്ഞു. ഇനിയുള്ള കാലമെങ്കിലും മനുഷ്യരെപ്പോലെ ജീവിക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ് വിതുമ്പിയ പ്രീതിയുടെ വേദന ചിലരെങ്കിലും കാണാതിരുന്നില്ല. 

ഇപ്പോള്‍ ജീവിതത്തെക്കുറിച്ച് പ്രീതിക്ക് പ്രതീക്ഷകള്‍ നല്‍കാന്‍ ആരെല്ലാമോ കൂടെയുണ്ട്. ഇതുവരെ അറിയാത്തവര്‍, എന്നാല്‍ എല്ലാമെല്ലാമാകുന്നവര്‍. രോഗമാണെന്ന് അറിഞ്ഞിട്ടും പരിഹസിച്ചവര്‍ക്കും കുത്തുവാക്കുകള്‍ പറഞ്ഞവര്‍ക്കും മുമ്പിലൂടെ അവരുടെ കൈ പിടിച്ച് പ്രീതി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. 

ഇരുട്ട് നിറഞ്ഞ പഴയ കാലത്തില്‍ നിന്ന് പ്രീതി പുറത്തേക്ക് വരുന്നത് ഒരു ഗായികയായിട്ടാണ്. ക്യാന്‍സറിനെ പൊരുതിത്തോല്‍പിച്ച നന്ദു മഹാദേവയുടെ വരികള്‍ക്കാണ് പ്രീതി ശബ്ദം നല്‍കാനൊരുങ്ങുന്നത്. മുരളി അപ്പാടത്താണ് പാട്ടിന് സംഗീതം നല്‍കുന്നത്. പാട്ട് പാടിയും കൂട്ടുകൂടിയും ആത്മവിശ്വാസത്തോടെ സമൂഹത്തിലേക്കിറങ്ങിവരാന്‍ ധൈര്യം പകര്‍ന്ന് പ്രീതിക്കൊപ്പം ഇന്ന് ശക്തമായ ഒരു കൂട്ടായ്മ തന്നെയുണ്ട്.

 

click me!