അമ്മയാകണമെന്ന ആഗ്രഹം സാധിക്കാതെ പോകുന്ന സ്ത്രീകള്‍; അറിയാം ഈ പ്രശ്‌നത്തെ കുറിച്ച്...

By Web TeamFirst Published Oct 3, 2020, 10:40 AM IST
Highlights

അടിസ്ഥാനപരമായി ഹോര്‍മോണ്‍ ബാലന്‍സ് തെറ്റുന്ന സാഹചര്യമാണ് പിസിഒഎസില്‍ കാണുന്നത്. സ്ത്രീകളില്‍ സാധാരണഗതിയില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിലും അധികം പുരുഷ ഹോര്‍മോണ്‍ ഈ അവസ്ഥയില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പിസിഒഎസിന്റെ ഏറ്റവും വലിയ പ്രതിസന്ധി

ഒരു കുഞ്ഞിന്റെ അമ്മയാകണമെന്നതും അച്ഛനാകണമെന്നതുമെല്ലാം സ്ത്രീക്കും പുരുഷനും ജൈവികമായിത്തന്നെ ഉണ്ടാകുന്ന ആഗ്രഹങ്ങളാണ്. എന്നാല്‍ പലര്‍ക്കും ഈ ആഗ്രഹം യാഥാര്‍ത്ഥ്യമാകാതെ പോകുന്ന ദുരവസ്ഥകള്‍ നേരിടേണ്ടി വരാറുണ്ട്. ഇവിടെ ആരോഗ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നം ആരുടേതുമാകാം. ഇക്കാര്യത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ സാധ്യതകളില്‍ നില്‍ക്കുന്നവര്‍ തന്നെയാണ്. 

ഇനി സ്ത്രീകളുടെ കേസ് പ്രത്യേകമായി എടുത്തുനോക്കിയാല്‍ പ്രധാനമായും ഗര്‍ഭിണിയാവുക, അമ്മയാവുക എന്ന അവരുടെ ആഗ്രഹത്തിന് തടസമായി വരുന്നത്, പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) അന്ന അവസ്ഥയാണ്.

അടിസ്ഥാനപരമായി ഹോര്‍മോണ്‍ ബാലന്‍സ് തെറ്റുന്ന സാഹചര്യമാണ് പിസിഒഎസില്‍ കാണുന്നത്. സ്ത്രീകളില്‍ സാധാരണഗതിയില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിലും അധികം പുരുഷ ഹോര്‍മോണ്‍ ഈ അവസ്ഥയില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പിസിഒഎസിന്റെ ഏറ്റവും വലിയ പ്രതിസന്ധി. 

ഗര്‍ഭിണിയാകുന്നതിന് വേണ്ടി സ്ത്രീശരീരം തയ്യാറാകുന്നതിന്റെ ആദ്യഘട്ടത്തില്‍ അണ്ഡോത്പാദനം നടക്കുന്നുണ്ട്. പിസിഒഎസ് ഉള്ളവരില്‍ അണ്ഡോത്പാദനം സാധാരണനിലയില്‍ നടന്നാല്‍പ്പോലും പുറത്തുനിന്ന് അകത്തേക്ക് വരുന്ന ബീജവുമായി സംയോജിക്കുന്നതിന് വേണ്ടി അണ്ഡത്തിന് സുഗമമായി നീങ്ങാനാകാത്ത സാഹചര്യം ഉണ്ടാകാം. അണ്ഡാശയത്തില്‍ കാണപ്പെടുന്ന 'സിസ്റ്റുകള്‍' ആണ് ഇതിന് കാരണമാകുന്നത്. 

അതേസമയം പിസിഒഎസ് ഉള്ള എല്ലാ സ്ത്രീകളിലും വന്ധ്യതയുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. അതുപോലെ തന്നെ സ്ത്രീകളിലെ വന്ധ്യതയുടെ കാരണം പിസിഒഎസ് മാത്രമാണെന്നുമില്ല. പിസിഒഎസ് ഉള്ളവരില്‍ വന്ധ്യതയ്ക്കുള്ള സാധ്യത ഏറുന്നു എന്ന് സാരം. 

ജീവിതശൈലികളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് പിസിഒഎസിനെ മറികടക്കാനുള്ള പ്രധാന മാര്‍ഗം. ശരീരവണ്ണം എപ്പോഴും നിയന്ത്രിച്ചുനിര്‍ത്തുക, ബാലന്‍സ്ഡ് ആയ ഡയറ്റ് പാലിക്കുക, വ്യായാമം നിര്‍ബന്ധമായും ചെയ്യുക, മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകലം സൂക്ഷിക്കുക, ഉറക്കം കൃത്യമാക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഇത്രയും ചിട്ടയോടെ കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ത്തന്നെ പിസിഒഎസ് മൂലമുള്ള പകുതിയിലധികം പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കും.

Also Read:- ഗർഭിണിയായ അനുഷ്കയുടെ പ്രിയ ഭക്ഷണം; വീഡിയോ പങ്കുവച്ച് താരം...

click me!