പട്രോളിങ്ങിനിറങ്ങിയ പൊലീസ് ജീപ്പ് കൈകാണിച്ച് നിർത്തി കയ്യിലുള്ള പണം നൽകി ലളിതമ്മ

By Web TeamFirst Published Apr 22, 2020, 8:57 AM IST
Highlights

'സാറേ, എനിക്ക് മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് സംഭാവന നല്‍കണം' എന്നുപറഞ്ഞ് പൊലീസിന്റെ കൈവശം 5101 രൂപ അവര്‍ ഏല്‍പ്പിക്കുകയായിരുന്നു.

ലോകമെങ്ങും കൊവിഡ് 19 എന്ന മഹാമാരിയെ തുരത്താനുള്ള കഠിന ശ്രമത്തിലാണ്. അതില്‍ കേരളത്തിന്‍റെ പോരാട്ടം ലോകത്തിന് തന്നെ മാതൃകയാകുന്നത് ലളിതമ്മയെ പോലുള്ള അമ്മമാരുടെ നന്മ കൊണ്ടുകൂടിയാണെന്ന് പറയേണ്ടി വരും. കൊല്ലം ജില്ലയിലെ കശുവണ്ടി തൊഴിലാളിയാണ് ലളിതമ്മ. കഴിഞ്ഞ ദിവസം പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാർക്ക് ലളിതമ്മ  തന്‍റെ കയ്യിലുള്ള പണം നൽകുകയുണ്ടായി. അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ വേണ്ടി. 

സാമൂഹിക പ്രതിബദ്ധത ഏറെയുള്ള ലളിതമ്മ പലപ്പോഴായി അവരുടെ ആവശ്യങ്ങൾക്കായി മാറ്റിവച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. നന്മവറ്റാത്ത കേരളത്തിന്‍റെ നേര്‍ക്കാഴ്ചയാവുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന  ഇത്തരത്തിലുള്ള സംഭാവനകള്‍.

'സാറേ, എനിക്ക് മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് സംഭാവന നല്‍കണം' എന്നുപറഞ്ഞ് പൊലീസിന്‍റെ കൈവശം 5101 രൂപ അവര്‍ ഏല്‍പ്പിക്കുകയായിരുന്നു എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. ആ പണം സിഐ കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു. ലളിതമ്മയെ കുറിച്ച്  മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുക മാത്രമല്ല , തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലും കുറിച്ചു. 

Also Read: വിവാഹ വാര്‍ഷികാഘോഷം വേണ്ട, പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കെവി തോമസ്

'അവർ ചെയ്തത് മഹത്തായ കാര്യമാണ്. ലളിതമ്മയോട് നന്ദി പറയുന്നു'- മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: 

എത്രയൊക്കെ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വന്നാലും മനുഷ്യരിൽ അലിഞ്ഞു ചേർന്ന നന്മയാണ് അവയൊക്കെ മറികടന്നു മുൻപോട്ട് പോകാൻ വേണ്ട പ്രചോദനം നമുക്ക് നൽകുന്നത്. സ്വന്തം കാര്യങ്ങൾക്കുമപ്പുറത്ത് സഹജീവികളുടെ സൗഖ്യം പരിഗണനയായി മാറുന്ന അവരുടെ കരുതലാണ് നമ്മുടെ കരുത്ത്. അത്തരത്തിലൊരാളാണ് കൊല്ലം ജില്ലയിലെ തേവലക്കര അരിനല്ലൂർ സ്വദേശിയായ ലളിതമ്മ. പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് ജീപ്പ് കൈകാണിച്ച് നിർത്തി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ തൻ്റെ കയ്യിലുള്ള പണം നൽകുകയായിരുന്നു ലളിതമ്മ. അവർ ചെയ്തത് മഹത്തായ കാര്യമാണ്. ലളിതമ്മയോട് നന്ദി പറയുന്നു.

ഇതുപോലെ അനേകമാളുകൾ കാണിക്കുന്ന ത്യാഗസന്നദ്ധതയും, സർക്കാരിൽ അർപ്പിക്കുന്ന വിശ്വാസവും ആണ് ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനു ഊർജ്ജം പകരുന്നത്. അതുകൊണ്ടുതന്നെ ഈ വെല്ലുവിളി സർക്കാരും ജനങ്ങളും തോളോട് തോൾ ചേർന്ന് സുനിശ്ചിതമായും മറികടക്കും. ഒരു പുതിയ കേരളം വാർത്തെടുക്കും.

Also read: വിഷുകൈനീട്ടം ദുരിതാശ്വാസനിധിയിലേക്ക്; എസ്എഫ്‌ഐ സമാഹരിച്ചത് ആറ് ലക്ഷത്തോളം രൂപ...
 

Also read: ദുരിതാശ്വാസ നിധിയിലേക്ക് മരച്ചീനി; മുള്ളന്‍കൊല്ലിയിലെ കര്‍ഷകന് അഭിനന്ദനവുമായി മുഖ്യമന്ത്രി...
 

click me!